എയര്‍ഇന്ത്യക്കെതിരെ കെ.എം.സി.സി നിയമ നടപടിക്ക്

ഗള്‍ഫ് പ്രവാസികളോട് എയര്‍ഇന്ത്യ സ്വീകരിക്കുന്ന ക്രൂരമായ സമീപനത്തിനെതിരെ ഗള്‍ഫിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ കേരളാ മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ നിയമ നടപടിക്കൊരുങ്ങുന്നു. ജി സി സി രാഷ്ട്രങ്ങളിലെ കെ എം സി സി ഒരുമിച്ച് വിവിധ നടപടികളുമായി മുന്നോട്ടുപോവാനാണ് ആലോചിക്കുന്നത്. ഉത്സവ അവസരങ്ങളിലും വിശേഷ സന്ദര്‍ഭങ്ങളിലും നിരക്ക് കുത്തനെ ഉയര്‍ത്തുക, ബാഗേജ് അലവന്‍സ് 40-ല്‍ നിന്ന് 20 കിലോ ആക്കി കുറക്കുക, ചില റൂട്ടുകളില്‍ യാതൊരു അറിയിപ്പുമില്ലാതെ സര്‍വ്വീസ് റദ്ദാക്കുക തുടങ്ങിയ നീക്കങ്ങള്‍ക്കെതിരെയാണ് കെ എം സി സി രംഗത്തിറങ്ങുന്നത്. 
 
പ്രാരംഭ ഘട്ടമെന്ന നിലയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ്, വ്യോമയാന വകുപ്പു മന്ത്രി അജിത് സിംഗ്, വ്യോമയാന സഹമന്ത്രി കെ സി വേണുഗോപാല്‍, കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായ വകുപ്പുമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, പ്രവാസി വകുപ്പുമന്ത്രി കെ സി ജോസഫ് എന്നിവര്‍ക്ക് നിവേദനം അയക്കും. 
 
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് കെ എം സി സി കേന്ദ്ര കമ്മിറ്റി ഇതിനകം ഈ നിവേദനം സമര്‍പ്പിച്ചു കഴിഞ്ഞു. ഖത്തര്‍ കെ എം സി സിയുള്‍പ്പെടെ വിവിധ കെ എം സി സി ഘടകങ്ങളും വെവ്വേറെ ഉടന്‍ നിവേദനം നല്‍കും. 
 
പ്രമുഖ അഭിഭാഷകന്‍ അഡ്വ ഹാരിസ് ബീരാന്‍ മുഖേന സുപ്രീംകോടതിയെ സമീപിക്കുകയാണ് രണ്ടാംഘട്ടത്തില്‍ ചെയ്യുകയെന്ന് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് കെ എം സി സി പ്രസിഡന്റ് ഡോ പുത്തൂര്‍ റഹ്മാന്‍ 'മിഡില്‍ ഈസ്റ്റ് ചന്ദ്രിക' യെ അറിയിച്ചു. 
 
''സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. കഴിഞ്ഞ 25 വര്‍ഷങ്ങളായി ഗള്‍ഫ് പ്രവാസികള്‍ എയര്‍ഇന്ത്യയില്‍ നിന്ന് ദുരിതം പേറി യാത്ര ചെയ്യുകയാണെന്നും ഈ വിവേചനം ഉടന്‍ അവസാനിപ്പിക്കേണ്ടതുണ്ട്. ഖത്തര്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് പി എസ് എച്ഛ് തങ്ങള്‍, കെ എം സി സി സംസ്ഥാന ഉപദേശക സമിതിയംഗവും കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് ട്രഷററുമായ പാറക്കല്‍ അബ്ദുല്ല തുടങ്ങിയവരുമായി ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. സഊദിഅറേബ്യ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, എന്നീ ഘടകങ്ങളുമായി ഉടന്‍ ബന്ധപ്പെടും.'' പുത്തൂര്‍ വിശദീകരിച്ചു. 
 
ഗള്‍ഫിലെ പ്രവാസികളില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. അവര്‍ക്ക് ആശ്രയിക്കാനുള്ളത് കേന്ദ്ര സര്‍ക്കാരിന്റെ വിമാന സര്‍വ്വീസാണ്. ആ നിലക്ക് അവരെ പരിഗണിക്കുന്നതിനു പകരം നിരന്തരം അവഗണന ഏറ്റുവാങ്ങുകയാണ്. മാത്രമല്ല നമ്മുടെ സമ്പദ്ഘടനയ്ക്ക് ഏറെ മുതല്‍ക്കൂട്ടായ ഒരു സമൂഹത്തോടാണ് ഇത്തരമൊരു വിവേചനമെന്നത് നാം ഗൗരവത്തോടെ കാണണമെന്ന് ഖത്തര്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് പി എസ് എച്ഛ് തങ്ങള്‍ പറഞ്ഞു.

Search site