എന്‍.പി.ആര്‍ എടുത്തവര്‍ക്ക് ആധാര്‍ ലഭിച്ചില്ലെന്ന് പരാതി

എന്‍.പി.ആര്‍ എന്റോള്‍ ചെയ്ത ആര്‍ക്കും ആധാര്‍ ലഭിച്ചില്ല, തെന്നലക്കാര്‍ ആശങ്കയില്‍. ഗ്യാസ് സബ്‌സിഡി ലഭിക്കണമെങ്കില്‍ നവംബര്‍ 10 നകം ആധാര്‍ നമ്പര്‍ എത്തിക്കണമെന്ന നിര്‍ദേശം വന്നതോടെ തെന്നല പഞ്ചായത്തുകാര്‍ എന്തു ചെയ്യണമെന്നറിയാതെ നെട്ടോട്ടത്തിലാണ്.
 
2012 നവംബറിലാണ് തെന്നല പഞ്ചായത്തില്‍ എന്‍ പി ആര്‍ എന്റോള്‍മെന്റ് നടന്നത്. ഗ്യാസ് സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതോടെയാണ് ആധാറിനെ കുറിച്ച് അന്വേഷിച്ചത്. ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് ഇ-ആധാര്‍ മതിയെന്ന് വന്നതോടെ തെന്നലക്കാര്‍ ആശ്വസിച്ചിരുന്നു.
 
എന്‍ പി ആറിന്റെ സ്ലിപ്പുമായി അക്ഷയ സെന്ററുകളിലും ഇന്റര്‍ നെറ്റ് കഫേകളിലും പോയി യൂണിക് ഐഡന്റിഫക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ വൈബ്‌സൈറ്റില്‍ നിന്ന് ഇ-ആധാറിന്റെ പ്രിന്റെടുക്കാന്‍ നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. പ്രോസസിങ് എന്നു മാത്രമാണ് കാണിക്കുന്നത്.
 
എന്‍ പി ആര്‍ ക്യാമ്പ് നടത്തി ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ച് 11 മാസമായിട്ടും ആധാര്‍ ലഭിക്കാതായതോടെ എന്തു ചെയ്യണമെന്നറിയാതെ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് നാട്ടുകാര്‍. പഞ്ചായത്തിലെ കാല്‍ലക്ഷത്തിലേററെ പേര്‍ക്കാണ് ആധാര്‍ കിട്ടാനുള്ളത്.
 
ആധാര്‍ കാര്‍ഡിന്റെ രണ്ടാം ഘട്ട ക്യാമ്പ് നടത്തിയെങ്കിലും എന്‍ പി ആര്‍ എന്റോള്‍ നടത്തിയവര്‍ വീണ്ടും എന്റോള്‍ ചെയ്യേണ്ടതില്ലെന്ന നിര്‍ദേശമുള്ളതിനാല്‍ തെന്നലക്കാര്‍ക്ക് അതും ഉപയോഗപ്പെടുത്താനായില്ല. അന്നു ആധാറെടുത്തവര്‍ക്ക് ലഭിക്കുകയും ചെയ്തു.
 
കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മലപ്പുറത്ത് ചേര്‍ന്ന യോഗത്തില്‍, നവംബര്‍ 10 നകം ആധാര്‍ ബന്ധിത ബാങ്ക് അക്കൗണ്ട് ഗ്യാസ് കണ്‍സ്യൂമര്‍ നമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ സബ്‌സിഡി ലഭിക്കില്ലെന്ന് അറിയിച്ചിരുന്നു. തങ്ങളുടെതല്ലാത്ത പിഴവ് കാരണം സബ്‌സിഡി നഷ്ടപ്പെടുമോ എന്ന ആശങ്കിയിലാണ് നാട്ടുകാര്‍. ഗ്യാസ് സബ്‌സിഡിക്ക് മാത്രമല്ല, സ്‌കോളര്‍ഷിപ്പുകള്‍ക്കും മറ്റും ആധാര്‍ ആവശ്യമാണ്. ഇത് കാരണം പഞ്ചായത്തിലെ സ്ത്രീകളും വൃദ്ധരുമുള്‍പ്പെടെയുള്ളവര്‍ എന്നും വിവിധ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. ജനപ്രതിനിധികളും ഇത് സംബന്ധിച്ച് പരിഹാരം കാണാനാകാതെ പ്രയാസപ്പെടുന്നുണ്ട്.
 
പഞ്ചായത്തില്‍ ആധാര്‍ കാര്‍ഡ് ലഭ്യമാകാത്തതിനാല്‍ വീണ്ടും ക്യാമ്പ് നടത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലെ ത്വയ്യിബ് ഹുദവി കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
 
എന്നാല്‍, പഞ്ചായത്തില്‍ നടത്തിയ എന്‍ പി ആര്‍ ക്യാമ്പില്‍ നിന്ന് ശേഖരിച്ച വിവരങ്ങളെല്ലാം യു ഐ ഡി അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് എന്‍ പി ആര്‍ പദ്ധതി നടത്തിപ്പുകാരായ പാലക്കാട് ഐ ടി ഐ അധികൃതര്‍ പറഞ്ഞു.
 
അതേ സമയം, തെന്നലയിലെതുള്‍പ്പെടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ കെ ബിജു 'ചന്ദ്രിക'യോട് പറഞ്ഞു. ഡല്‍ഹിയിലെ യു ഐ ഡി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. സോഫ്റ്റ്‌വെയറിലെ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നും ഒരാഴ്ചക്കകം പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചയിലേറെ വൈകുകയാണെങ്കില്‍ ഗ്യാസ് സബ്‌സിഡിക്ക് ആധാര്‍ നമ്പര്‍ ലഭ്യമാക്കുന്നതിനുള്ള സമയം നീട്ടാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
 
 

 

Search site