എക്സ്പ്രസ് നന്നായി; എയര്‍ ഇന്ത്യ പഴയപടി

യാത്രക്കാരുടെ അടിക്കടിയുള്ള പ്രതിഷേധവും കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാലിന്‍െറ ഇടപെടലും മൂലം എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ പ്രവര്‍ത്തനം മെച്ചപ്പെട്ടെങ്കിലും എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം ഇപ്പോഴും കൊച്ചിയില്‍ താളംതെറ്റുന്നു. എയര്‍ ഇന്ത്യയുടെ കൊച്ചിയിലെ എക്സിക്യൂട്ടീവ് ഹെഡായി അന്യ സംസ്ഥാനക്കാരനാണ് പ്രവര്‍ത്തിക്കുന്നത്. മലയാളം ശരിയായി വശമില്ലാത്ത ഇദ്ദേഹം കീഴ് ഉദ്യോഗസ്ഥരുമായി പല കാര്യങ്ങളിലും കൂടിയാലോചന നടത്തുന്നില്ല.
 അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥരുടെ ഏകോപനമില്ലാതെ പോകുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിനുള്ളതുപോലെ മലയാളിയായ ആരെയെങ്കിലും പി.ആര്‍.ഒ ആയി നിയോഗിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ ഏതെങ്കിലും വിമാനം റദ്ദാക്കപ്പെടുമെങ്കില്‍ ഇപ്പോള്‍ മുന്‍കൂട്ടി മാധ്യമങ്ങള്‍ക്ക് വിവരം നല്‍കുന്നുണ്ട്. അതുപോലെ പി.ആര്‍.ഒ ഇടപെട്ട് ബദല്‍ സംവിധാനമേര്‍പ്പെടുത്തുന്നുമുണ്ട്. ഇത്തരമൊരു സംവിധാനം എയര്‍ ഇന്ത്യക്ക് ഏര്‍പ്പെടുത്തുന്നില്ല. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥര്‍ തമ്മിലും ഇവിടെ ഒരു വിധത്തിലും ഏകോപനമില്ല.

Search site