ഉമ്മന്‍ചാണ്ടിയുടെ ജാതകം

'പുതുപ്പള്ളി പുണ്യാളച്ചാ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ' എന്നത് ഗതിയറ്റവന്റെ ഉള്ളില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനയാണ്. കോട്ടയം ജില്ലയിലെ പുതുപ്പള്ളിയില്‍ വാഴും 'വിശുദ്ധ ഗീവറുഗീസ് സഹദാ'യുടെ തിരുനടയില്‍ ചെന്ന് പ്രാര്‍ത്ഥിപ്പോനെ കര്‍ത്താവ് കൈവെടിയില്ലെന്നാണ് വിശ്വാസം.
മേപ്പടി പുതുപ്പള്ളിയില്‍ നിന്ന് പൊതുജീവിതത്തിലേക്ക് നടന്നുകയറിയ മറ്റൊരാളാണ് ഇപ്പോള്‍ കേരള രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു. ഉമ്മന്‍ചാണ്ടി എന്ന് പേര്. എം.കെ. ഗാന്ധി, ഇന്ത്യ എന്നപോലെ ഉമ്മന്‍ചാണ്ടി, കേരള എന്നു കത്തെഴുതിയാല്‍ തട്ടുംതടവുമില്ലാതെ തപാല്‍ പുതുപ്പള്ളിയിലെത്തും. അതാണ് കീര്‍ത്തി. പറഞ്ഞിട്ടെന്താ; കുഞ്ഞു കോണ്‍ഗ്രസായി തുടങ്ങി മൂത്ത് നരച്ച കോണ്‍ഗ്രസായി പൂത്തുലഞ്ഞു നില്‍ക്കുന്ന ഈ പുതുപ്പള്ളിക്കാരനാണിപ്പോള്‍ ആഗോള കമ്മ്യൂണിസത്തിന്റെ ഒരേയൊരു ശത്രു. മാര്‍ക്‌സിസ്റ്റ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയെ മറിച്ചിട്ട അന്നുച്ചക്കുള്ള ഊണിനു മാത്രമാണ് ഇത്രയധികം കമ്മ്യൂണിസ്റ്റുകള്‍ ഒരിടത്ത് തമ്പടിച്ചത്. 
 
ഇന്ത്യ കണ്ട ഏറ്റവും വലിയ സമരമാണ് സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന സെക്രട്ടറിയേറ്റ് ഉപരോധം എന്നാണ് സി.പി.ഐ. നേതാവ് സി. ദിവാകരന്‍ ബുധനാഴ്ച തിരുവനന്തപുരത്തു പറഞ്ഞത്. ഒരു ഭരണാധികാരിയെ താഴെയിറക്കുക എന്ന 'ഏകലക്ഷ്യ'ത്തില്‍ ഇവ്വിധം 'കമ്മ്യൂണിസ്റ്റ് ലക്ഷം ആര്‍ത്തിരമ്പി വന്ന' ആദ്യ ചരിത്ര സമരമാണിതെന്ന് 'ദേശാഭിമാനി' വായിച്ചാല്‍ മൊത്തത്തില്‍ കിട്ടുന്നുണ്ട്. 
 
ഉമ്മന്‍ചാണ്ടിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഒരേയൊരു കാരണമാകട്ടെ, കേരളത്തിലെ നടപ്പ് രീതിയനുസരിച്ച് നാലാളു കേട്ടാല്‍ ബോധിക്കാത്തതും. 'എട്ടുകോടിയുടെ തട്ടിപ്പ് നടത്തിയ ആള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും വന്നിട്ടുണ്ട്' എന്ന ഒരു നിത്യ സാധാരണ ആരോപണം മാത്രം. തട്ടിപ്പുകാര്‍ ഉമ്മന്‍ചാണ്ടിയുടെ മക്കളോ ബന്ധുക്കളോ നാട്ടുകാരോ അല്ല. പാര്‍ട്ടിക്കാരുമല്ല. ധൈര്യമായി പണം കൊടുത്തോ എന്ന് മുഖ്യമന്ത്രി ജാമ്യം നിന്നിട്ടുമില്ല. തട്ടിപ്പുകാരില്‍ നിന്നു പണം തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് പരമാവധി ഒരു പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിന് മാത്രമുള്ള വിഷയം. അപ്പോള്‍ തട്ടിപ്പല്ല കാര്യം, മറ്റെന്തോ ആണ്. തീര്‍ത്തും വ്യക്തിപരമെന്ന് സാരം. കൊന്നും കൊലവിളിച്ചും പാരമ്പര്യമുള്ള, കൊല്ലാനും തള്ളാനും അധികാരമുള്ളവരെന്നവകാശപ്പെടുന്ന, പലവട്ടം കേരളം ഭരിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഭയപ്പെടാന്‍ മാത്രം എന്തുണ്ട് ഈ പുതുപ്പള്ളിക്കാരനില്‍. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് അതിനു മാത്രം ഭീഷണിയാണോ ഉമ്മന്‍ചാണ്ടി എന്ന വ്യക്തിപ്രഭാവം?
 
യു.ഡി.എഫിനോടല്ല ഉമ്മന്‍ചാണ്ടിയോടാണരിശം എന്നു സി.പി.എം. പറയുമ്പോള്‍, ഭരണ മുന്നണിയല്ല, മുഖ്യമന്ത്രിയാണ് മാറേണ്ടതെന്ന് സി.പി.എം സെക്രട്ടറിയേറ്റ് ആവശ്യപ്പെടുമ്പോള്‍ ഒരു ചാണ്ടി ഭയം അവരുടെ നെഞ്ചില്‍കിടന്നു പതക്കുന്നുവോ? 
 
നേരാംവണ്ണം മുടിവെട്ടാന്‍ പോലും നേരമില്ലാത്ത, പണ്ടുകാലത്തെ വീതുളി കൃതാവ് ഇപ്പോഴും ഫാഷനായി കൊണ്ടുനടക്കുന്ന, പിഞ്ഞിക്കീറിയ ഖദര്‍ കുപ്പായത്തില്‍ കൃതാര്‍ത്ഥനാകുന്ന ഈ ശുദ്ധ ഗ്രാമീണന്‍ അത്രയ്ക്കു പരാക്രമിയോ? ലോകത്തെവിടെ പോയാലും ഞായറാഴ്ച കൂടാന്‍ പുതുപ്പള്ളിയിലെത്തണമെന്നേ വാശിയുള്ളൂ.
 
ആള്‍ത്തിരക്കിനു മധ്യേ നിന്നനില്പില്‍ ഭക്ഷണം കഴിച്ചാലേ രുചികിട്ടുകയുള്ളൂ. അങ്ങനെയൊരാളെ എന്തിനിങ്ങനെ പേടിച്ചുനടക്കണം സി.പി.എം.? പോരാത്തതിന് ''സ്വന്തം ക്യാമ്പില്‍ നിന്നു തന്നെ മുഖ്യമന്ത്രിക്കെതിരെ'' അമര്‍ഷമുയരുന്നുവെന്ന് മാധ്യമ പ്രചാരണം മൂര്‍ഛിച്ച മുഹൂര്‍ത്തത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പടനയിക്കാന്‍ ഇടതുമുന്നണി ഒരുമ്പെട്ടിറങ്ങിയതിന് എന്ത് രാഷ്ട്രീയ വ്യാഖ്യാനമാണുള്ളത്!
 
ഒരു തെരഞ്ഞെടുപ്പിലും തോല്പിക്കാനാവാതെ, വിദ്യാര്‍ത്ഥി ജീവിതം തൊട്ട് സി.പി.എമ്മിനു തലവേദനയുണ്ടാക്കിയിരുന്നു ഉമ്മന്‍ചാണ്ടി എന്നത് നേര്. അത് ജാതകത്തിലുള്ളതാണ്. ഗ്രഹനില പ്രകാരം വൃശ്ചികരാശിയിലുള്ളവന്റെ വിജയഗാഥ.
 
1943 ഒക്‌ടോബര്‍ 31-ന് കെ.ഒ. ചാണ്ടി-ബേബി ദമ്പതികളുടെ പുത്രനായി ജനിച്ച ഉമ്മന്‍ചാണ്ടിക്ക് ഇപ്രായംവരെ പുതുപ്പള്ളി തന്നെ ദേശം. വിശുദ്ധ തോമാശ്ലീഹയുടെ പേരിലെ തോമ ലോപിച്ച് ഉമ്മനും ലോകം കീഴടക്കിയ മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ പേരില്‍ നിന്നെടുത്ത ചാണ്ടിയും സമം ചേര്‍ത്തുണ്ടാക്കിയതാണ് ഉമ്മന്‍ചാണ്ടി എന്ന ശാസ്ത്ര നാമം. പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂള്‍ യൂണിറ്റ് കെ.എസ്.യുവിന്റെ പ്രസിഡണ്ടായി തുടക്കം. ഇ.എം.എസ്. സര്‍ക്കാറിനെതിരെ വിമോചന സമരം തീ പിടിച്ച കാലത്തെ കൗമാരം. കോട്ടയം സി.എം.എസ് കോളജിലും ചങ്ങനാശ്ശേരി എസ്.ബി കോളജിലും എറണാകുളം ഗവ. ലോകോളജിലുമായി പഠനം. ഇ.എം.എസ്സിന്റെ രണ്ടാം ഭരണത്തില്‍ കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടായതും പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കുള്ള യാത്ര തുടങ്ങിയതും 1970ല്‍. അന്ന് വയസ് 27. പത്ത് തവണ തുടര്‍ച്ചയായി പുതുപ്പള്ളിയുടെ എം.എല്‍.എ. 43 വര്‍ഷം ഒരേ മണ്ഡലത്തിന്റെ പ്രതിനിധി.
 
അന്ന് തൊട്ട് സി.പി.എം തന്നെ മിക്ക തെരഞ്ഞെടുപ്പിലും മുഖ്യ എതിരാളി. സി.പി.ഐ കൂടി പിന്തുണക്കുന്ന ഐക്യകക്ഷി സ്ഥാനാര്‍ത്ഥിയായാണ് 1970ല്‍ ഉമ്മന്‍ചാണ്ടി സി.പി.എമ്മിലെ ഇ.എം ജോര്‍ജിനെ തോല്‍പിച്ചത്. 7288 വോട്ടിന്. 43 കൊല്ലം കഴിഞ്ഞ് സി.പി.ഐയും കൂട്ടിനുണ്ടായിരിക്കെ സി.പി.എം സ്ഥാനാര്‍ത്ഥി സുജ സൂസന്‍ ജോര്‍ജ് ഉമ്മന്‍ ചാണ്ടിയോട് തോല്‍ക്കുന്നത് 33255 വോട്ടിന്. അതാണ് സി.പി.എം. പേടിക്കുന്ന ചാണ്ടി. ആദ്യം മന്ത്രിയായത് 1977ല്‍. തൊഴില്‍ വകുപ്പ്. '81ല്‍ ആഭ്യന്തരം, '91ല്‍ ധനമന്ത്രി. രാജിവെക്കാനുള്ള അവസരം കൈവരുമ്പേഴൊന്നും പാഴാക്കിയില്ല. 2004ല്‍ മുഖ്യമന്ത്രിയായി. 2011ല്‍ വീണ്ടും മുഖ്യന്‍. 2006ല്‍ പ്രതിപക്ഷ നേതാവും. 1980ലെ ഒരു മുന്നണി മാറ്റത്തിന്റെ താല്‍ക്കാലിക ഇടവേളയൊഴിച്ചാല്‍ നിയമസഭാ ജീവിതത്തിലെ 42 വര്‍ഷവും അങ്കം സി.പി.എമ്മിനോടു തന്നെ. പിടിച്ചു കെട്ടാനാവില്ല ഈ പുതുപ്പള്ളി ചാണ്ടിയെ എന്ന് സി.പി.എം തിരിച്ചറിയുന്നത് ഇപ്പോള്‍ മാത്രമല്ല; ചരിത്രമുടനീളമാണ്. 
 
സ്വമേധയാ ആവശ്യപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തിച്ച് അഗ്നിശുദ്ധി വരുത്തിയ രാഷ്ട്രീയക്കാരനാണ് ഉമ്മന്‍ചാണ്ടി. അഴിമതിയാരോപണങ്ങളുടെ കുരുക്കിട്ടു പിടിച്ചാല്‍ മറിച്ചിടാവുന്നതല്ല പുതുപ്പള്ളിയിലെ ഈ വന്‍മലയെന്ന് സി.പി.എമ്മിന് പലപ്പോഴും ബോധ്യപ്പെട്ടതാണ്. 1981-82ല്‍ 80 ദിവസം ആഭ്യന്തരത്തിനൊപ്പം ഉമ്മന്‍ ചാണ്ടി വനം വകുപ്പിന്റെ അധിക ചുമതല കൂടി വഹിച്ചപ്പോഴാണ് സി.പി.എം അഴിമതിയാരോപണത്തിന്റെ ആദ്യ കൊടിവീശിയത്. കക്കി റിസര്‍വോയറിലെ മരം നീക്കുന്നതിന് നിയമവിരുദ്ധ കരാര്‍ നല്‍കി സര്‍ക്കാറിന് നാല് കോടി രൂപ നഷ്ടം വരുത്തിയെന്ന് സി.പി.എം. നേതാവ് സഭയില്‍ ആരോപണമുന്നയിച്ചു. 
 
തനിക്കെതിരെ സിറ്റിങ് ജഡ്ജിയെ വെച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സഭയില്‍ ഉമ്മന്‍ചാണ്ടി സ്വമേധയാ ആവശ്യപ്പെട്ടു. അന്വേഷണം തുടങ്ങി. പക്ഷേ, കമ്മീഷനു മുന്നില്‍ തെളിവ് നല്‍കാന്‍ നേരം ആരോപണമുന്നയിച്ചവര്‍പോലും മുങ്ങി. ആരോപണം വെറും ചണ്ടിയായി. 
 
അഴിമതിയാരോപണം വന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്നും അഥവാ അന്വേഷിക്കേണ്ടി വന്നാല്‍ കമ്മീഷന്‍ എന്താ കോടതിയാണോ എന്ന് തിരിച്ചു ചോദിച്ച് അന്വേഷണ റിപ്പോര്‍ട്ട് തള്ളുകയാണ് വേണ്ടതെന്നും മലയാളികളെ പഠിപ്പിച്ച ഒരു ആചാര്യനുണ്ട്. മഹാപണ്ഡിതനായ സാക്ഷാല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട്. 
 
ഐക്യകേരളത്തില്‍ അഴിമതിക്കു വിത്തിട്ട ഭരണമായിരുന്നു ഒന്നാം ഇ.എം.എസ് സര്‍ക്കാര്‍. 1957ല്‍ ഓണവും പെരുന്നാളും ഒന്നിച്ചു വന്നതിന്റെ മറവില്‍ ടെന്റര്‍ പോലുമില്ലാതെ ആന്ധ്രയിലെ ശ്രീരാമലുവെന്ന മൊത്തക്കച്ചവടക്കാരനുമായി ഒത്തുകളിച്ച് 5000 ടണ്‍ അരി വാങ്ങി. കെ.സി. ജോര്‍ജ്ജാണ് ഭക്ഷ്യമന്ത്രി. അക്കാലത്തെ ലക്ഷങ്ങള്‍ സര്‍ക്കാരിനു നഷ്ടം വന്നു. കച്ചവടത്തിലെ ലാഭം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇലക്ഷന്‍ ഫണ്ട് സമൃദ്ധമാക്കി.
 
പ്രതിപക്ഷം വെറുതെവിടില്ലെന്ന് കണ്ടപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഇ.എം.എസ് വഴങ്ങി. ജസ്റ്റിസ് പി.ടി. രാമന്‍നായര്‍ കമ്മീഷന്‍, ഇടപാടിലെ അഴിമതി പുറത്തുകൊണ്ടുവന്നു. ഒരു വര്‍ഷത്തോളം അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു. പിന്നെ തള്ളി. അന്വേഷണത്തിനു മുമ്പോ അന്വേഷണം തുടങ്ങിയിട്ടോ പ്രഥമ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി രാജിവെച്ചില്ല. ജുഡീഷ്യല്‍ കമ്മീഷന്‍ അഴിമതി പുറത്തുകൊണ്ടുവന്നിട്ടും മുഖ്യമന്ത്രിയോ ഭക്ഷ്യമന്ത്രിയോ രാജിവെക്കുന്നതു പോയിട്ട് ഖേദപ്രകടനം പോലും നടത്തിയില്ല. വാഗ്ഭടനായ യുവനേതാവ് സി.എച്ച്. മുഹമ്മദ്‌കോയ ഇത് സംബന്ധിച്ചു നിയമസഭയില്‍ ചെയ്ത പ്രസംഗത്തിലെ കരളില്‍ കൊള്ളുന്ന നര്‍മോക്തി അര നൂറ്റാണ്ടു കഴിഞ്ഞും കേരളം നാവിന്‍തുമ്പില്‍ കൊണ്ടുനടക്കുന്നു.
''ആന്ധ്രാ അരിയും തിന്നു, രാമന്‍ നായരെയും കടിച്ചു, പിന്നെയും ഇവര്‍ക്കു മുറുമുറുപ്പോ?'' എന്ന്.
 
സോളാര്‍ തട്ടിപ്പു കണ്ടെത്തി പ്രതികളെ ജയിലിലടച്ച ഭരണത്തിന്റെ തലവന്‍ എന്നതിലപ്പുറം ഈ കേസുമായി മറ്റൊരു ബന്ധവുമില്ലെന്ന് പിണറായിക്കുപോലുമുറപ്പുള്ള ഉമ്മന്‍ചാണ്ടിയെക്കൊണ്ടു രാജിവെപ്പിക്കാന്‍, നടുറോഡ് വൃത്തികേടാക്കുന്ന സഖാക്കള്‍ ആദ്യം ചെയ്യേണ്ടിയിരുന്നത്, ആദ്യമുഖ്യമന്ത്രിക്ക് ആന്ധ്രാ അരി കൊണ്ട് തുലാഭാരം നടത്തലായിരുന്നു.
 
സി.പി.എമ്മുകാര്‍ ഉമ്മന്‍ ചാണ്ടിയുടെ രാജിക്കു പറയുന്ന കാരണം പ്രതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും വന്നിട്ടുണ്ടെന്നാണ്. മുഖ്യമന്ത്രി അറിയാതെ ഓഫീസില്‍ വരാന്‍ കഴിയുമോ എന്നാണ് ചോദ്യം. ആയിരം നാഴിക അകലെ ഈച്ച പറക്കുന്നത് പോലും ചാരക്കണ്ണില്‍പെടുന്ന റഡാറുകളുള്ള അമേരിക്കയുടെ ആയുധപ്പുരയായ പെന്റഗണ്‍ ലക്ഷ്യമിട്ടാണ് സ്വന്തം വിമാനം നാലെണ്ണം തട്ടിയെടുത്ത് സപ്ത. 11ന്റെ ആക്രമണം നടന്നത്. അമേരിക്കന്‍ അഹന്തയുടെ വ്യാപാര സമുച്ചയ ഗോപുരങ്ങള്‍ ഇടിച്ചു തകര്‍ത്തത്. സി.എന്‍.എന്‍ വാര്‍ത്താ അവതാരക ദൃശ്യം കണ്ട് വാവിട്ടു നിലവിളിച്ചത്. എന്നിട്ടാണോ സമ്പൂര്‍ണ ജനാധിപത്യവും സദാതുറന്നിട്ട വാതിലുമുള്ള കേരള മുഖ്യമന്ത്രിയുടെ ഓഫീസില്‍ 'സൂര്യപ്രകാശം' കടന്നത് മുഖ്യമന്ത്രി അറിയാതിരിക്കില്ലെന്നും പറഞ്ഞ് അന്തിമസമരത്തിന്റെ ആയുധമെടുക്കുന്നത്.
 
ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിവെച്ചും നടപ്പാക്കാതെയും പ്രഹസനമാക്കിയ ചരിത്രമാണ് കേരളത്തിനുള്ളതെന്ന് അറിയാത്തവരല്ല ഇപ്പോള്‍ ജുഡീഷ്വല്‍ അന്വേഷണം ആവശ്യപ്പെടുന്നവര്‍.
 
കേരളത്തെ പിടിച്ചുകുലുക്കിയ വര്‍ഗ്ഗീയ, സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങളിലായി നൂറോളം ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ നടന്നു. ഇതില്‍ പകുതി പോലും എന്തായി എന്നും എന്ത് നടപടി എടുത്തുവെന്നും ആരോപണം ആഘോഷമാക്കിയ മാധ്യമങ്ങളുള്‍പ്പെടെ പിന്നീടാരുമന്വേഷിച്ചില്ല. ആരോപണ വിധേയരും അവരുടെ കുടുംബവും കാലാകാലത്തേക്ക് അപമാനിതരായി എന്നത് ബാക്കി. പാര്‍ട്ടികള്‍ ആരോപണത്തിനു പ്രത്യാരോപണമുന്നയിച്ച് പ്രതിസന്ധി മറികടക്കും. പക്ഷേ ഈ ദൂരാരോപണങ്ങള്‍ക്കു മുന്നില്‍ ബന്ധുമിത്രാദികള്‍ ആയുസ്സൊടുങ്ങുവോളം നാണക്കേടിന്റെ മുഖംതാഴ്ത്തി കഴിയണം. ഇക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം കഴിഞ്ഞാല്‍ മുഖ്യമന്ത്രിക്കു രാജിവെക്കേണ്ടി വരില്ലെന്ന് സി.പി.എം നേതാക്കള്‍ക്കറിയാം. ഉമ്മന്‍ചാണ്ടിക്ക് ഈ തട്ടിപ്പിന്റെ രക്തത്തില്‍ പങ്കില്ലെന്നും. എസ്.എന്‍.സി ലാവ്‌ലിന്‍ മുതല്‍ ആന്ധ്രാ അരി വരെയുള്ള അഴിമതികള്‍ പോലെ കേരള സര്‍ക്കാരിന് ഒരു ചില്ലിക്കാശിന്റെ നഷ്ടം പോലും സോളാര്‍ തട്ടിപ്പു കൊണ്ട് ഇല്ലെന്നുമറിയാം. എന്നിട്ടും മോര്‍ഫിങ് നടത്തിയ കൃത്രിമചിത്രങ്ങളിലുടെയും അശ്ലീല വര്‍ണനകളിലൂടെയും വരുംവരായ്ക നോക്കേണ്ടതില്ലാത്ത മാധ്യമാക്രമണങ്ങളിലൂടെയും മുഖ്യമന്ത്രിയെ അപകീര്‍ത്തിയുടെ ആഴക്കടലില്‍ മുക്കിത്താഴ്ത്തി കൊല്ലുന്നു. അതും ഫലിക്കാതാവുമ്പോള്‍ കുടുംബങ്ങള്‍ക്കു നേരെ തിരിയുന്നു. 
അങ്ങാടിയിലെ തല്ലില്‍ തോല്‍ക്കുമ്പോള്‍ അടുക്കളയില്‍ കയറി വിഷം കലര്‍ത്തുകയാണ് സി.പി.എം. അപ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാവുന്നു. ഉന്നം യു.ഡി.എഫിന്റെ മുഖ്യമന്ത്രിയല്ല. ഉമ്മന്‍ചാണ്ടി എന്ന വ്യക്തി തന്നെയാണ്. 
 
അധികാരമേറി നൂറു ദിവസം കൊണ്ടു നല്‍കിയിട്ടുണ്ട് ഉമ്മന്‍ചാണ്ടി ഈ അസഹിഷ്ണുതക്കുള്ള പ്രേരണ. അച്യുതാനന്ദ- പിണറായിമാരുടെ കാപട്യത്തിന്റെ കുപ്പായമഴിപ്പിച്ച ഭരണ നടപടികളിലൂടെ. സ്മാര്‍ട് സിറ്റി, വിഴിഞ്ഞം തുറമുഖം, മെട്രോ റയില്‍, കണ്ണൂര്‍ വിമാനത്താവളം, ലോട്ടറി കേസുള്‍പ്പെടെ കോടികളുടെ വെട്ടിവിഴുങ്ങലുകള്‍ അന്വേഷിക്കാന്‍ സി.ബി.ഐ, അധ്യാപക പാക്കേജ്, പെന്‍ഷന്‍, ചികില്‍സ, ദരിദ്ര കുടുംബങ്ങള്‍ക്ക് ഒരു രൂപ അരി, ലോകത്ത് ഒരു ഭരണത്തിനും കഴിയാത്തവിധം പൗരന്‍മാര്‍ക്ക് നേരിട്ട് ഇടപെടാനാവുന്ന സുതാര്യമായ ഭരണസംവിധാനം, സ്വത്തു വിവരം വെളിപ്പെടുത്തുന്ന മന്ത്രിമാര്‍, രാത്രിയുടെ അന്ത്യയാമങ്ങളില്‍ പോലും പ്രജകളുടെ ദുഃഖമന്വേഷിക്കാന്‍ കുടിലുകള്‍ താണ്ടിയ നീതികഥകളിലെ രാജാക്കന്‍മാരെ പോലെ ഊണും ഉറക്കും മാറ്റിവെച്ച് പാതിരാവിലേക്കു നീളുന്ന ജനസമ്പര്‍ക്കം, പരാതിപ്പുറത്ത് പരിഹാരം- കേരള ജനത മുമ്പൊരിക്കലും അനുഭവിക്കാത്ത ഭരണരീതി കണ്‍കുളിര്‍ക്കെ കാണുന്നു. സി.പി.എം ഇത് തിരിച്ചറിയുന്നു. ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രി ഇമ്മട്ടില്‍ ജീവിച്ചിരുന്നാല്‍ മാര്‍ക്‌സിസ്റ്റ് ഭരണമെന്ന ആശ പോലും ഭാവി കേരളത്തില്‍ ബാക്കിയുണ്ടാവില്ല. അതിനു ഈ ഭരണയന്ത്രം നിശ്ചലമാവണം. 
 
ഉമ്മന്‍ചാണ്ടി മാനസികമായി തളരണം. ഭരണനിപുണരായ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ നിരാശരാവണം. അതിനാണ് ഭരണ സിരാകേന്ദ്രങ്ങള്‍ ഉപരോധിക്കുന്നത്. ഡോ. തോമസ് ഐസക് ലേഖനമെഴുതി ക്ഷണിക്കുകയാണ്. 'തിരുവനന്തപുരത്തേക്കു വരൂ..... ഒരു പ്രതിഷേധ സായാഹ്‌നത്തില്‍ പങ്കു ചേരൂ... നിങ്ങള്‍ക്കു ഒരു നാടകം അവതരിപ്പിക്കാനുണ്ടോ? ഒരു പ്രതിഷേധ കൂട്ടപ്പാട്ടിനു തയ്യാറുണ്ടോ? അല്ലെങ്കില്‍ ഒരു പ്രതിഷേധ നൃത്തത്തിന്? സംഘാടക സമിതിയെ അറിയിച്ചാല്‍ മതി. അവസരമൊരുക്കാം. വരൂ.. നിങ്ങള്‍ക്ക് അവയൊക്കെ കണ്ടും കേട്ടും നടക്കാം.'(കലാകൗമുദി ആഗസ്റ്റ് 18.2013 ). ഇതാണ് സമര മാതൃക. ആ ഗൂഢോദ്ദേശ്യം. 
 
ലക്ഷ്യം മന്ത്രിസഭാ മാറ്റമല്ല എന്ന് ആദ്യമേ പിണറായി സഖാവ് പ്രഖ്യാപിച്ചു. പിന്നെന്ത്? ഉമ്മന്‍ചാണ്ടി വധം. അതു സാധ്യമായില്ലെങ്കില്‍ കേരളത്തിന്റെ ചവറ്റുകൊട്ടയില്‍ പോലും സ്ഥാനമുണ്ടാകില്ല സി.പി.എമ്മിനെന്ന് കാകദൃഷ്ടിയുള്ള നേതാക്കള്‍ക്കറിയാം.
 
കേരള ചരിത്രം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി എന്ന് കാലാവാധി പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടിയെ കുറിച്ച് രേഖപ്പെടുത്തി വെക്കുന്ന ദിവസത്തെയാണ് സി.പി.എം. ഭയക്കുന്നത്. ആ ദിനം എല്ലാ മാര്‍ക്‌സിസ്റ്റ് മോഹങ്ങളും കടലെടുക്കുന്ന അന്തിമവിധിയുടെ നാളാണ്. അതു കൊണ്ടാണ് തോറ്റോടിയ പടയെ കുറിച്ച് പാര്‍ട്ടി സെക്രട്ടറി വിശദീകരണ ലേഖനം തുടരുന്നത്. അടിമുതല്‍ മുടി വരെ വിശദീകരണ യോഗങ്ങള്‍ പെരുകുന്നത്. മുഖ്യമന്ത്രിയുടെ രാജി എന്ന് ആര്‍ത്തു വിളിക്കുന്നത്. കേരള ജനത തിരിച്ചു ചോദിക്കുന്നു അതിനു മാത്രം ഇവിടെ എന്തുണ്ടായി? അന്തിമ സമരത്തിനു മുന്നിലും ചൂളാതെ നില്‍ക്കുന്നു ഉമ്മന്‍ചാണ്ടി. ഒരു മൗനം കൊണ്ടുപോലും പ്രതിരോധിക്കാനാവുന്നു കൊലവിളിച്ചെത്തുന്ന കൊടുങ്കാറ്റുകള്‍. അതാണ് പുതുപ്പള്ളി പുണ്യാളന്റെ ജാതകം കൈവന്നാലുള്ള ഗുണം.

Search site