ഉപ്പുകുന്ന് മലനിരകള്‍

മനംകുളിര്‍പ്പിക്കുന്ന കാഴ്ചകളും നോക്കത്തൊദൂരത്തോളം പരന്നുകിടക്കുന്ന മലനിരകളും പുല്‍മേടുകളും കാനനഭംഗിയും ഉപ്പുകുന്നിനെ മനോഹരമാക്കുന്നു. തൊടുപുഴയില്‍നിന്നും 30 കിലോമീറ്റര്‍ അകലെ ഉടുമ്പന്നൂര്‍ പഞ്ചായത്തിലാണ് ഉപ്പുകുന്ന് പ്രദേശം. നിര്‍ദിഷ്ട മൂവാറ്റുപുഴ - തേനി സംസ്ഥാന ഹൈവേ ഇതിലൂടെയാണ് കടന്നുപോകുന്നത്. സമുദ്രനിരപ്പില്‍നിന്നും 3200 അടിയോളം ഉയര്‍ന്നുനില്‍ക്കുന്ന ഉപ്പുകുന്ന് കേരളത്തിലെ സ്വിറ്റ്സര്‍ലന്‍ഡ് എന്ന് അറിയപ്പെടുന്നു. നിരവധി ടൂറിസ്റ്റുകള്‍ ഇവിടെയെത്തി വിദൂരകാഴ്ചകള്‍ ആസ്വദിച്ച് മടങ്ങുന്നു. മൊട്ടക്കുന്നുകളും പുല്‍മേടുകളും നിറഞ്ഞ ഇടുക്കി വനാന്തരങ്ങളില്‍ കാട്ടുമൃഗങ്ങള്‍ മേയുന്നതും ഇവിടെനിന്നാല്‍ കാണാനാകും. കൂടാതെ മലങ്കരഡാം, തൊടുപുഴയാര്‍, തുമ്പിച്ചി കാല്‍വരി സമുച്ചയം തുടങ്ങി അമ്പലമുകള്‍ വരെയുള്ള ഭാഗങ്ങളും കാണാം. ചേലകാട്, അരുവിപ്പാറ, തീരവക്കുന്ന്‌ ക്ഷേത്രങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഉപ്പുകുന്നില്‍നിന്നും എട്ടുകിലോമീറ്ററോളം യാത്രചെയ്താല്‍ കുളമാവ് ഡാമിലെത്താം. അരുവിപ്പാറ ആത്മഹത്യാമുനമ്പില്‍ സദാസമയവും കുളിര്‍മയേകുന്ന ഇളം തെന്നലാണ്. 

Search site