ഈ ഗാനം മറക്കുമോ?

എഴുപതുകളിലെ ഒരു ഹിറ്റ് ഗാനമായിരുന്നു 'മരീചികേ, മരീചികേ, നിരാശ തന്‍ അപാരതേ...' ആ ഗാനത്തെ കുറിച്ച് ശ്യാമിനോട് ചോദിച്ചു. വരികളില്‍ നിന്ന് പാട്ട് ഓര്‍ത്തെടുക്കാന്‍ ശ്യാമിന് കഴിയുന്നില്ല. 'മക്കള്‍ പാടൂ...' ശ്യാം പറഞ്ഞു.
 
 പി.ബി.ശ്രീനിവാസ്, എ.എം.രാജ, ജിക്കി, കോമള, പി.ലീല, എസ്.പി ബാലസുബ്രഹ്മണ്യം, സൗന്ദര്‍രാജന്‍, യേശുദാസ്, ജയചന്ദ്രന്‍, ജാനകി, ചിത്ര, വാണീ ജയറാം, സുജാത, ഉണ്ണിമേനോന്‍ തുടങ്ങി ദക്ഷിണേന്ത്യയിലെ നൂറോളം പ്രഗത്ഭരെ പാടിച്ചും തിരുത്തിയും അനശ്വര ഗാനങ്ങള്‍ക്ക് ജന്മം നല്‍കിയ ശ്യാമിന്റെ മുന്നില്‍ അപകര്‍ഷതയോടെ പാട്ട് മൂളി...
 
 'ഇത് ഞാന്‍ കമ്പോസ് ചെയ്ത പാട്ടുതാന്‍...' ശ്യാം പറഞ്ഞു. 'ഞാനും ശശിയും ആദ്യമായി ചെയ്ത പടം അഭിനിവേശത്തിലെ പാട്ട്', സാം ജോസഫ് എന്ന ശ്യാമിന്റെ വ്യക്തിത്വവും സംഗീതസംവിധാനത്തോടുമുള്ള സമീപനവും ഈ ഓര്‍മപ്പിശകില്‍ തെളിഞ്ഞു കിടപ്പുണ്ട്.
 കഥാ സന്ദര്‍ഭത്തിന്റെയും സിനിമാ സംവിധായകന്റെയും താല്‍പര്യങ്ങള്‍ പരിഗണിച്ച് സംഗീതം ചിട്ടപ്പെടത്തുക. ഇതാണ് ശ്യാമിന്റെ തത്വശാസ്ത്രം. ശ്യാമിന്റെ സംസാരത്തില്‍ ഇടയ്ക്കിടെ കടന്നു വരുന്ന 'മക്കള്‍ക്ക് '(ശ്രോതാക്കള്‍), പാട്ട്് ഇഷ്ടപ്പെട്ടാല്‍ തൃപ്തിയായി. സിനിമ ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ, പാട്ട് തന്റെ സ്വത്തല്ല. ശ്രോതാക്കളും കാലവും തീരുമാനിക്കും ആ ഗാനത്തിന്റെ വിധി. കാലങ്ങള്‍ക്ക് ശേഷം ആരെങ്കിലും ആ പാട്ട് ഇഷ്ടമാണെന്നും ഇപ്പോഴും ഗൃഹാതുരതയോടെ ആ ഈണങ്ങള്‍ ഓര്‍ക്കുന്നുവെന്നും പറഞ്ഞാല്‍ സന്തോഷം, അത്രമാത്രം. 
 
 1954-മുതല്‍ എഴുപതുകളുടെ തുടക്കം വരെ പ്രമുഖ സംഗീത സംവിധായകരുടെ വയലിനിസ്റ്റും അസിസ്റ്റന്റ് മ്യൂസിക്ക് ഡയറക്ടറുമായിരുന്നു ശ്യാം. അറുപതുകളുടെ അവസാനത്തോടെ തിരക്കായി. 1973-ല്‍ നടന്‍ മധു സംവിധാനം ചെയ്ത 'മാന്യശ്രീ വിശ്വാമിത്രനില്‍' ആദ്യ മലയാള സിനിമയ്ക്ക് സംഗീതം ചിട്ടപ്പെടുത്താന്‍ സമ്മതിക്കുമ്പോള്‍ ഒരു വ്യവസ്ഥയേ ശ്യാം മുന്നോട്ടു വെച്ചുള്ളൂ. തനിക്ക് രാത്രി ഒന്‍പതു മണിക്കു ശേഷമേ പണിചെയ്യാന്‍ പറ്റൂ. പകല്‍ മുഴുവന്‍ മറ്റു സംഗീത സംവിധായകര്‍ക്കായി ഓര്‍ക്കസ്ട്ര ഒരുക്കുകയോ, വയലിനിസ്റ്റായി പ്രവര്‍ത്തിക്കുയോ ആവാം. 
 
 'മാന്യശ്രീ വിശ്വാമിത്രന്‍', 'കാമം ക്രോധം മോഹം' തുടങ്ങിയ സിനിമകളിലൂടെ ശ്യാം മലയാളത്തില്‍ ഒരു പരിഷ്‌കാരത്തിന്റെ ഉപജ്ഞാതാവായി. ട്യൂണ്‍ ഇട്ട ശേഷം വരികള്‍ എഴുതുക എന്ന സമ്പ്രദായത്തിന്റെ. ബിച്ചു തിരുമലയ്ക്കും ഐ.വി ശശിക്കുമൊപ്പം ചേര്‍ന്നതോടെ പത്തു വര്‍ഷത്തോളം മലയാളത്തിലെ ഏറ്റവും താരമൂല്യമുളള സംഗീത സംവിധായകനായി ശ്യാം. അങ്ങാടി, തുഷാരം, ഈനാട്, തൃഷ്ണ, ഇനിയെങ്കിലും, അനുബന്ധം, ആരൂഢം, ആള്‍ക്കൂട്ടത്തില്‍ തനിയെ തുടങ്ങിയ സിനിമകളില്‍ ഹിറ്റ് ഗാനങ്ങളുടെ പരമ്പര തന്നെ സൃഷ്ടിക്കപ്പെട്ടു. 
 
 സംവിധായകര്‍ ഗാനചിത്രീകരണത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിത്തരും. ആ മൂഡിനും താളത്തിനും അനുസൃതമായി ഒരു ട്യൂണ്‍ ഇടും. മണിക്കൂറുകളോദിവസങ്ങളോ ട്യൂണിനു വേണ്ടി കാത്തിരിക്കേണ്ട അവസ്ഥയുണ്ടായിട്ടില്ല. ഒ.എന്‍.വി., ശ്രീകുമാരന്‍ തമ്പി, ബിച്ചു , പൂവ്വച്ചല്‍ ഖാദര്‍, ചുനക്കര, ഭരണിക്കാവ് തുടങ്ങി മലയാളത്തിലെ പ്രമുഖ ഗാനരചയിതാക്കള്‍ക്കൊപ്പം ഹിറ്റ്് പാട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട് . എന്നാല്‍ എന്റെ ഈണങ്ങള്‍ക്ക് വരികളൊരുക്കാന്‍ ബിച്ചുവിന് ഒരു പ്രത്യേക വിരുതുണ്ട്. 'റൗഡി രാമു'വിലെ 'മഞ്ഞിന്‍ തേരേറി...' എന്ന ഗാനം ഞാനും ബിച്ചുവും ചേര്‍ന്ന് വെറും അരമണിക്കൂര്‍ കൊണ്ട്് സൃഷ്ടിച്ചതാണ്', ശ്യാം പറയുന്നു. 
 
 ബിച്ചുവുമായുള്ള അതേ സ്വരൈക്യം സംവിധായകന്‍ ഐ.വി ശശിയുമായും ശ്യാം പങ്കുവെയ്ക്കുന്നു. 'വളരെ ഫാസ്റ്റായി ജോലി ചെയ്യുന്ന ആളാണ് ശശി. ശശിക്ക് ആവശ്യം സിനിമയുടെ മൂഡ് സ്ഥാപിച്ചെടുക്കുന്ന തീം മ്യൂസിക്ക് വേണം എന്നതാണ്. നല്ല മ്യൂസിക്ക് സെന്‍സുള്ള ശശിയെ തൃപ്തിപ്പെടുത്തുക ബുദ്ധിമുട്ടാണ്. ഉദാഹരണങ്ങള്‍ നിരവധിയാണ്. ശശിയുടെ 'ഒരിക്കല്‍ക്കൂടി' എന്ന സിനിമയുടെ തീം മ്യൂസിക്കാണ് പിന്നീട് തൃഷ്ണയിലെ ഹിറ്റ്് ഗാനമായ 'മൈനാകം കടലില്‍ നിന്ന് ഉയരുന്നു...' എന്ന ഗാനത്തിന് വഴിയൊരുക്കിയത്.'
 'പാട്ടിന് ഈണമിടുന്നതിനേക്കാള്‍ ശ്രമകരവും തൃപ്തിതരുന്നതുമാണ് സിനിമയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കല്‍. 'തുഷാര'വും 'കൂടണയും കാറ്റു'മാണ് തനിക്ക് ഏറെ ഇഷ്ടപ്പെട്ട റീറിക്കോഡിങ് സംരംഭങ്ങള്‍. റീറെക്കോഡിങ്ങില്‍ എന്റെ ആരാധ്യപുരുഷന്‍ ഹെന്‍ട്രി മാന്‍സീനിയാണ്', ശ്യാം പറയുന്നു.
 
 എങ്ങനെയാണ് ഒരു ഈണം ഉണ്ടാകുന്നതെന്നു ചോദിച്ചാല്‍ അതിന് ശ്യാമിന് വ്യക്തമായ മറുപടിയില്ല. 'അതങ്ങ് സംഭവിക്കുന്നു. അതിനാവാം ദൈവാനുഗ്രഹം എന്ന് പറയുന്നത്്.'ശ്യാം കര്‍ണാടക സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. ലണ്ടന്‍ ട്രിനിറ്റി കോളേജില്‍നിന്ന്്് പാശ്ചാത്യസംഗീതവും വയലിനും അഭ്യസിച്ചു. അതിനു ശേഷം കുറേക്കാലം ലാല്‍ഗുഡി ജയരാമന്റെ കീഴില്‍ വയലിന്‍ അഭ്യസിച്ചു. അത്്് അദ്ദേഹത്തിന്റെ സംഗീതബോധത്തിന് ആഴം നല്‍കി. ദേശും ബീംബ്ലാസും കല്യാണിയും ബാഗേശ്വരിയുമാണ് ശ്യാമിന്റെ ഇഷ്ട രാഗങ്ങള്‍.

Search site