ഈജിപ്ത് റഫ അതിര്‍ത്തി വീണ്ടും അടച്ചു

ഗസ്സയിലേക്കുള്ള റഫ അതിര്‍ത്തി ഈജിപ്തിലെ ഇടക്കാല സര്‍ക്കാര്‍ വീണ്ടും അടച്ചത് ഗസ്സ മുനമ്പിനെ ഒറ്റപ്പെടുത്തി. റഫ നഗരത്തില്‍ ഈജിപ്ത് സൈന്യത്തിന്‍െറ രഹസ്യാന്വേഷണ ആസ്ഥാനം ലക്ഷ്യമാക്കി കഴിഞ്ഞ ബുധനാഴ്ച ഉണ്ടായ സ്ഫോടനത്തെ തുടര്‍ന്നാണ് റഫ അതിര്‍ത്തി വീണ്ടും അടച്ചത്.
 ഇതോടെ ഗസ്സയില്‍നിന്ന് പുറത്തേക്ക് പോവാനും തിരിച്ചുവരാനും കഴിയാത്ത അവസ്ഥയാണ്. അതിര്‍ത്തിയിലെ ടണലുകളും ഈജിപ്ത് അധികൃതര്‍ തകര്‍ത്തിരുന്നു.
 അതിനിടെ, ടണല്‍ തകര്‍ത്തതിലെ പ്രത്യാഘാതങ്ങള്‍ തങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും ജനങ്ങളുടെ ദുരിതം ലഘൂകരിക്കാന്‍ നടപടി സ്വീകരിച്ചുവരുകയാണെന്നും ഗസ്സ പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു.
 അറബ് രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ല. തങ്ങളുടെ ചെറുത്തുനില്‍പ് ഇസ്രായേലിന് എതിരെ മാത്രമാണെന്നും മറ്റുള്ളവര്‍ക്ക് എതിരെയല്ളെന്നും അദ്ദേഹം പറഞ്ഞു.
 മഹ്മൂദ് അബ്ബാസ് നേതൃത്വം നല്‍കുന്ന ഫലസ്തീന്‍ അതോറിറ്റി, ഇസ്രായേലുമായി ഉണ്ടാക്കിയ സമാധാന കരാറിനെതിരെ ഗസ്സയില്‍ കഴിഞ്ഞ ദിവസം കൂറ്റന്‍ പ്രകടനങ്ങള്‍ നടന്നു.
 ഇസ്രായേലുമായി സമാധാന കരാറുണ്ടാക്കാന്‍ മഹ്മൂദ് അബ്ബാസിന് അധികാരമില്ളെന്ന് ഹമാസ് വക്താവ് സമി അബൂ സുഹ്രി പറഞ്ഞു.
 കാലാവധി കഴിഞ്ഞ് കാവല്‍ പ്രസിഡന്‍റായി തുടരുന്ന മഹ്മൂദ് അബ്ബാസിന് കരാറില്‍ ഒപ്പിടാന്‍ അധികാരമില്ളെന്നും സമി വ്യക്തമാക്കി. ഹമാസ് സൈനിക പ്രതിരോധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Search site