ഇളവുകാലം ഉപയോഗപ്പെടുത്തി രേഖകള്‍ ശരിയാക്കണമെന്ന് വീണ്ടും മുന്നറിയിപ്പ്‌

അനധികൃത തൊഴില്‍, താമസക്കാര്‍ തങ്ങളുടെ രേഖകള്‍ നിശ്ചയിച്ച ഇളവുകാലത്തിനകം ശരിയാക്കണമെന്ന് തൊഴില്‍ ആഭ്യന്തര മന്ത്രാലയങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ദുല്‍ഹിജ്ജ അവസാനത്തോടെ സമയപരിധി അവസാനിക്കുകയാണ്. 
 
എല്ലാ നിയമലംഘകരും രേഖകള്‍ ശരിയാക്കാന്‍ മുന്നിട്ടിറങ്ങി പിന്നീടുണ്ടാകുന്ന ശിക്ഷാനടപടികളില്‍നിന്ന് ഒഴിവാകണം. സമയപരിധി അവസാനിച്ചാല്‍ ആര്‍ക്കും വിട്ടുവീഴ്ചയുണ്ടാകില്ല. ഇനി സമയം നീട്ടുകയുമില്ല. പ്രസ്താവനയില്‍ പറയുന്നു. 
 
അതേസമയം ഇതുവരെ 15 ലക്ഷത്തോളം പേര്‍ ഇളവുകാലം പ്രയോജനപ്പെടുത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് വക്താവ് കേണല്‍ അഹ്മദ് അല്ലിഹീദാന്‍ വ്യക്തമാക്കി. നിശ്ചിത സമയപരിധിക്കകം രേഖകള്‍ ശരിയാക്കാത്ത സിറിയന്‍ പൗരന്മാരുടെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകുമെന്നും സ്‌പോണ്‍സര്‍ഷിപ്പ്, പ്രൊഫഷന്‍ എന്നിവ മാറ്റല്‍, നാടുകടത്തല്‍ എന്നീ വിഷയങ്ങളില്‍ സാഹചര്യത്തിനനുസരിച്ച് അവരുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 
ചിലര്‍ക്ക് സിറിയന്‍ എംബസിയില്‍ നിന്ന് പാസ്‌പോര്‍ട്ട് ലഭിക്കുന്നില്ല. അവര്‍ക്ക് പാസ്‌പോര്‍ട്ട് ഇല്ലാതെ തന്നെ രേഖകള്‍ ശരിയാക്കാവുന്നതാണ്. സിറിയക്കാരുടേത് ഒറ്റപ്പെട്ട കേസായി പരിഗണിക്കും. മറ്റുള്ളവര്‍ക്ക് സമയപരിധിക്കുശേഷം വിട്ടുവീഴ്ചയുണ്ടാകില്ല. രാജ്യത്തെ സ്വകാര്യ, പൊതുമേഖലയില്‍ ആറുലക്ഷത്തോളം സിറിയക്കാരാണുള്ളത്. അദ്ദേഹം പറഞ്ഞു.

Search site