ഇറ്റലിയിലെ ബോട്ടപകടം; മരണം 114 ആയി

തെക്കന്‍ ഇറ്റലിയില്‍ ആഫ്രിക്കന്‍ അഭയാര്‍ത്ഥികളുമായി പോകുകയായിരുന്ന ബോട്ടു മുങ്ങിയുണ്ടായ അപകടത്തില്‍ മരണ സംഖ്യ 114 ആയി. തലസ്ഥാനമായ റോമില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ സിസിലിയന്‍ പ്രവിശ്യയിലെ ലാംപെഡുസ ദ്വീപിലാണ് അപകടമുണ്ടായത്. 114 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ലാംപെഡുസ മേയര്‍ ഗിസി നിക്കോളിനി പറഞ്ഞു.
 
ബോട്ടിലുണ്ടായിരുന്ന 140 പേരെ നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തിയതായി ദ്വീപ് അധികൃതരെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ ഗര്‍ഭിണിയും രണ്ടു കുട്ടികളും ഉള്‍പ്പെടുന്നതായി ആസ്പത്രി അധികൃതര്‍ അറിയിച്ചു. ബോട്ടില്‍ അഞ്ഞൂറോളം ആളുകളുണ്ടായിരുന്നതായാണ് വിവരം. 
 
പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 7.20നാണ് അപകടമുണ്ടായത്. ദുരന്തം നേരിട്ടു കണ്ട മത്സ്യത്തൊഴിലാളികള്‍ വിവരം തീരദേശസേനയെ അടിയന്തരമായി അറിയിക്കുകയായിരുന്നു. എരിത്രിയ, സൊമാലിയ, ഘാന രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. തീരദേശസേനയുടെയും പൊലീസിന്റെയും ആറു ബോട്ടുകളും രണ്ടു ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനത്തിന് സഹായമേകുന്നുണ്ട്.
 
20 മീറ്റര്‍ നീളമുള്ള ബോട്ടില്‍ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് അഗ്‌നിബാധയുണ്ടാവുകയും ഇതിനു പിന്നാലെമുങ്ങുകയുമായിരുന്നു. തുണീഷ്യയില്‍ നിന്ന് 113 കിലോമീറ്റര്‍ അകലെയുള്ള ലാംപെഡുസയിലേക്കാണ് അഭയാര്‍ത്ഥികള്‍ വ്യാപകമായി എത്തുന്നത്. നാലു ദിവസങ്ങള്‍ക്കു മുമ്പ് കിഴക്കന്‍ സിസിലിയില്‍ വെച്ച് വെള്ളം നിറഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് ബോട്ട് മുങ്ങാന്‍ ആരംഭിച്ചിരുന്നതായി രക്ഷപ്പെട്ട അഭയാര്‍ത്ഥികള്‍ പറഞ്ഞു. അന്ന് 13 പേര്‍ മുങ്ങി മരിച്ചിരുന്നെങ്കിലും വിവരം പുറംലോകമറിഞ്ഞിരുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.
 
അതേസമയം അനധികൃത മനുഷ്യകടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഇറ്റാലിയന്‍ ഗതാഗത മന്ത്രി മൗറിസിയോ ലൂപി പറഞ്ഞു. പ്രസിഡന്റ് ബഷാറുല്‍ അസദിനെതിരെ വിമത പ്രക്ഷോഭം രൂക്ഷമായതിനെത്തുടര്‍ന്ന് സിറിയയില്‍ നിന്നും സൈനിക അട്ടിമറിയില്‍ അസ്വസ്ഥമായ ഈജിപ്തില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളും പ്രധാനമായും ലാംപുഡ്‌സ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. രക്ഷാപ്രവര്‍ത്തനം രാത്രി വൈകിയും പുരോഗമിക്കുകയാണെന്ന് തീരദേശസേന മേധാവി ഫ്‌ളോറിയാന സീഗ്രെറ്റോ പറഞ്ഞു.
 
യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിനിടെ ബോട്ടു ദുരന്തങ്ങളിലകപ്പെട്ട് കഴിഞ്ഞ വര്‍ഷം അഞ്ഞൂറിലധികം പേര്‍ മരിച്ചതായി ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. 2013ലെ ആദ്യ ആറുമാസത്തിനിടെ 40ഓളം പേര്‍ മരിച്ചു. പ്രതിവര്‍ഷം ആയിരക്കണക്കിനാളുകള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് അഭയം തേടി ലാംപുഡ്‌സിലെത്തുന്നുണ്ട്. ജൂണ്‍ വരെ കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമായി 7800 പേര്‍ ഇറ്റലിയില്‍ എത്തിയതായാണ് വിവരം.

Search site