ഇറാന്‍ ജയിലില്‍ നിന്ന് മോചിതരായ മലയാളികള്‍ മുംബൈയിലെത്തി

സൗദിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി ഇറാന്‍ നേവിയുടെ പിടിയിലായി ഒമ്പത് മാസത്തോളം ജയിലിലായിരുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ ഒടുവില്‍ നാട്ടിലെത്തി.
 
16 തമിഴ്‌നാടുകാരോടൊപ്പം താനൂര്‍ സ്വദേശി മുഹമ്മദ് കാസിം (43), പരപ്പനങ്ങാടി ഒട്ടുമ്മേല്‍ മുഹമ്മദ് അബ്ദുള്ള (44), താനൂര്‍ എടക്കടപ്പുറം കുട്ടിയമ്മുവിന്റെപുരയില്‍ കോയ (26) എന്നിവരാണ് ചൊവ്വാഴ്ച രാവിലെ മുംബൈ അന്തരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
 
സൗദി അറേബ്യയില്‍ അറബിയുടെ ഉമസ്ഥതയിലുള്ള മീന്‍പിടിത്ത ബോട്ടില്‍ ജോലിക്കാരായിരുന്ന ഇവരെ അതിര്‍ത്തി കടന്നതിനാണ് ഇറാന്‍ നാവിക സേന ഡിസംബറില്‍ പിടികൂടിയത്. നാല് ബോട്ടുകളും അതിലുണ്ടായിരുന്നവരും മത്സ്യവും വലയുമെല്ലാം പിടിച്ചെടുത്തു. ബോട്ടുടമയും കൈയൊഴിഞ്ഞതോടെ ജയിലില്‍ കിടക്കേണ്ടിവരികയായിരുന്നുവെന്ന് മുഹമ്മദ് കാസിം പറഞ്ഞു.
 
വാദിക്കാന്‍ അഭിഭാഷകന്‍ പോലുമില്ലാതിരുന്ന ഇവര്‍ക്ക് ഇറാന്‍ കോടതി ഒരു വര്‍ഷത്തെ തടവ് വിധിച്ചു. ഇറാനില്‍ ഭരണമാറ്റം ഉണ്ടായതോടെയാണ് മോചനത്തിനുള്ള വഴിതെളിഞ്ഞത്. ഒരു വര്‍ഷത്തെ ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുന്നവരെ വിട്ടയയ്ക്കാന്‍ പുതിയ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ അഭിഭാഷകനെ നിയോഗിക്കുന്നതിന് മുമ്പുതന്നെ ഇവരെ വിട്ടയച്ചുകൊണ്ടുള്ള തീരുമാനമുണ്ടായി. തമിഴ്‌നാട് മത്സ്യത്തൊഴിലാളി സംഘത്തിന് വേണ്ടി അഭിഭാഷകന്‍ നിസാര്‍ കോച്ചേരിയാണ് ഇവര്‍ക്ക് നിയമസഹായവുമായി എത്തിയത്. 
 
എട്ടരമാസത്തോളം അഹവാസിലെയും 15 ദിവസം ടെഹ്‌റാനിലെ ജയിലിലും കഴിഞ്ഞ ശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതെന്ന് മുഹമ്മദ് കാസിം പറഞ്ഞു. പാസ്‌പോര്‍ട്ട് സൗദിയിലെ കമ്പനിയിലാണ്. അക്കാലത്തെ ശമ്പളവും ലഭിച്ചിട്ടില്ല. മാനേജ്‌മെന്‍റ് കൈയൊഴിയുമ്പോള്‍ അതൊന്നും പ്രതീക്ഷിക്കേണ്ടതില്ലല്ലോ. ഒരു തിരിച്ച് പോക്ക് ഇപ്പോള്‍ ചിന്തയിലില്ല. പാസ്‌പോര്‍ട്ടും ആനുകുല്യങ്ങളും ലഭിക്കണം, അതിനൊക്കെ കേന്ദ്രസര്‍ക്കാര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഹമ്മദ്കാസിം പറഞ്ഞു.
 
മുസ്‌ലിംലീഗ് മുംബൈ ജനറല്‍ സെക്രട്ടറി സി.എച്ച് .അബ്ദുള്‍റഹ്മാന്‍, കെ.പി. മൊയ്തുണ്ണി, അമാനുള്ള ഉള്ളട എന്നിവര്‍ വിമാനത്താവളത്തില്‍ ഇവരെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

Search site