ഇറാന്‍ ജയിലിലുള്ളവര്‍ നാളെ മുംബൈയിലെത്തും

ഇറാനിലെ ടെഹ്‌റാന്‍ ജയിലില്‍നിന്ന് മോചിതരായ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള 19 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ നാളെ വൈകുന്നേരത്തോടെ മുംബൈ വിമാനത്താവളത്തിലെത്തും. 
 
മലപ്പുറം ജില്ലയിലെ താനൂര്‍ എടക്കടപ്പുറം സ്വദേശി കുട്ട്യാമുവിന്റെ പുരക്കല്‍ ഖാലിദ്കുട്ടിയുടെ മകന്‍ കോയ (23), പുതിയകടപ്പുറം ചക്കാച്ചിന്റെ പുരക്കല്‍ മുഹമ്മദ് ഖാസിം (43), പരപ്പനങ്ങാടി സദ്ദാം ബീച്ചിലെ വളപ്പില്‍ അബ്ദുല്ലക്കോയ എന്നിവരാണ് സംഘത്തിലുള്ള മൂന്ന് മലയാളികള്‍. 
 
ഇറാന്‍ എയറിന്റെ വിമാനത്തില്‍ നാളെ വൈകുന്നേരത്തോടെയാണ് ഇവര്‍ മുംബൈയിലെത്തുക. മൂന്നുപേരെയും സ്വീകരിക്കാന്‍ കേരള നോര്‍ക്ക റൂട്ട്‌സിന്റെ പ്രതിനിധികള്‍ മുംബൈ വിമാനത്താവളത്തിലെത്തും. മുംബൈയില്‍നിന്ന് കേരളത്തിലേക്കുള്ള മുഴുവന്‍ യാത്രാചെലവുകളും സംസ്ഥാന സര്‍ക്കാറാണ് വഹിക്കുക. 
 
വിമാന ടിക്കറ്റ് ലഭ്യമാവുകയാണെങ്കില്‍ നാളെ തന്നെ കേരളത്തിലേക്ക് പറക്കാനാകുമെന്നാണ് കരുതുന്നത്. ഇവര്‍ക്കുള്ള നഷ്ടപരിഹാരവും, ചികിത്സാ ചെലവുകളും സര്‍ക്കാര്‍ പരിഗണനയിലാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എയെ അറിയിച്ചതാണ് ഈ കാര്യങ്ങള്‍. 
 
2012 ഡിസംബര്‍ 16ന് സഊദി അല്‍ജുബൈലില്‍ അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഇവരെ ഇറാന്‍ നാവികര്‍ പിടികൂടിയത്. പത്ത് മാസത്തോളം ഇറാനിലെ ജയിലില്‍ കഴിഞ്ഞ ഇവര്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് മോചിതരായി നാട്ടിലേക്ക് വരുന്നത്.
 
ഇവര്‍ തടവില്‍കിടന്ന ജയില്‍ ഏതെന്ന് കണ്ടെത്താന്‍ കഴിയാതിരുന്നതാണ് മോചനം വൈകാന്‍ കാരണമായത്. വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദ് റിയാദിലെയും, ടെഹ്‌റാനിലെയും ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെട്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയാണ് 19 പേരെയും മോചിപ്പിച്ചത്. 
 
കെ.എം.സി.സി. പ്രവര്‍ത്തകരും നാട്ടിലെ ജനപ്രതിനിധികളും മോചനത്തിന് വേണ്ടി കാര്യമായ ഇടപെടലുകള്‍ നടത്തിയിരുന്നു.
 
ഇറാനിലെ ജയിലില്‍നിന്ന് മോചിതരായി മൂവരും ഉടന്‍ നാട്ടിലെത്തുമെന്നറിഞ്ഞതോടെ ഇവരുടെ വീടുകളില്‍ ആഹ്ലാദം തിരിച്ചുവന്നിട്ടുണ്ട്. മോചനത്തിന് ഇടപെടലുകള്‍ നടത്തിയ മുഴുവന്‍ പേരെയും അഭിനന്ദിക്കുകയാണ് ഈ മത്സ്യതൊഴിലാളി കുടുംബങ്ങള്‍.

Search site