ഇന്ത്യ-സഊദി തൊഴില്‍ കരാര്‍ ഒപ്പുവെക്കാന്‍ മന്ത്രി ആദില്‍ഫഖീഹ് എത്തുന്നു

ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഇന്ത്യ സഊദി ധാരണാപത്രത്തില്‍ ഒപ്പുവെക്കാന്‍ സഊദി തൊഴില്‍മന്ത്രി എഞ്ചിനീയര്‍ ആദില്‍ ഫഖീഹ് ഇന്ത്യയിലേക്ക്. അടുത്താഴ്ച ഇന്ത്യയിലെത്തുന്ന മന്ത്രിയും ഇന്ത്യന്‍ പ്രവാസി കാര്യമന്ത്രി വയലാര്‍ രവിയുമാണ് കരാറില്‍ ഒപ്പുവെക്കുക. സഊദിയുമായി ഒപ്പിടുന്ന ധാരണാപത്രത്തിന് ഇന്നലെ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
 
ഗാര്‍ഹികരംഗത്ത് തൊഴിലെടുക്കുന്ന ഡ്രൈവര്‍മാര്‍, വീട്ടുവേലക്കാര്‍ എന്നിവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഇന്ത്യയും സഊദി അറേബ്യയും തമ്മില്‍ ഇതുവരെ ഒരു കരാറും നിലവിലുണ്ടായിരുന്നില്ല. ഇതുകാരണം നിരവധി വീട്ടുവേലക്കാര്‍ ചൂഷണത്തിന് വിധേയരായിരുന്നു. 
 
ഇതവസാനിപ്പിക്കാനാണ് പുതിയ തൊഴില്‍ കരാറിന് രൂപം നല്‍കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ സഊദിയിലെത്തിയ ഇന്ത്യന്‍ പ്രവാസി കാര്യമന്ത്രി വയലാര്‍ രവിയും വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദും ജിദ്ദയില്‍ തൊഴില്‍ മന്ത്രി എഞ്ചിനീയര്‍ ആദില്‍ ഫഖീഹുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. 
 
വിഷയം ചര്‍ച്ച ചെയ്ത് കരാറിന് രൂപം നല്‍കാന്‍ ഡി.സി.എം സിബി ജോര്‍ജിന്റെ നേതൃത്വത്തില്‍ സഊദി തൊഴില്‍മന്ത്രാലയത്തിലെയും എംബസിയിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപീകരിച്ചു. ധാരണാപത്രം അന്തിമമാക്കാന്‍ സിബി ജോര്‍ജിന്റെ നേതൃത്വത്തില്‍ സഊദി തൊഴില്‍മന്ത്രാലയ സെക്രട്ടറി അഹ്മദ് ഫഹാഇദും ഏതാനും ഉദ്യോഗസ്ഥരും കഴിഞ്ഞ മെയ് മാസത്തില്‍ ന്യൂഡല്‍ഹിയിലെത്തിയിരുന്നു. 
 
മന്ത്രിമാരായ വയലാര്‍ രവിയെയും ഇ.അഹമ്മദിനെയും സംഘം സന്ദര്‍ശിച്ച് വിഷയത്തില്‍ ചര്‍ച്ച നടത്തി. അന്നു സമര്‍പ്പിച്ച ധാരണാപത്രത്തിനാണിപ്പോള്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ നടക്കുന്ന കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ മന്ത്രി ആദില്‍ ഫഖീഹാണ് പങ്കെടുക്കുക. ഡിസിഎം സിബി ജോര്‍ജ് ആണ് തൊഴില്‍ കരാര്‍ സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാന്‍ മുന്നിട്ടിറങ്ങിയത്.
 
കരാറനുസരിച്ച് ഇന്ത്യന്‍ വീട്ടുവേലക്കാര്‍ക്ക് മാന്യമായ ശമ്പളം ലഭിക്കും. വാരാന്ത അവധിയും രണ്ടു വര്‍ഷത്തില്‍ ശമ്പളത്തോടെയുള്ള ഒരു മാസ അവധിയും ലഭിക്കും. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് തൊഴിലാളികളുമായി ബന്ധപ്പെടാനുള്ള അവസരവും ഉണ്ടായിരിക്കും. ബാങ്ക് അക്കൗണ്ട് വഴി മാത്രമേ ശമ്പളം നല്‍കാവൂ. 
 
തൊഴില്‍ കരാര്‍ കാലാവധി അവസാനിക്കുന്ന മുറക്ക് ഇരുവിഭാഗവും സമ്മതിച്ചാല്‍ മാത്രമേ കരാര്‍ പുതുക്കേണ്ടതുള്ളൂ. ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന തൊഴിലുടമക്കെതിരെയും തൊഴിലാളിക്കെതിരെയും സഊദി സര്‍ക്കാറിന് നടപടിയെടുക്കാനുള്ള അവകാശമുണ്ടാകും.
 
തൊഴിലാളികളും തൊഴിലുടമയും തമ്മില്‍ സഊദിയിലെത്തിയശേഷം ഒപ്പിടുന്ന കരാറില്‍ ഇത്തരം വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തും. കരാറിന് രൂപം നല്‍കാന്‍ ഇന്ത്യന്‍ പ്രവാസി കാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഉടന്‍ റിയാദിലെത്തും. 
 
ആറു ലക്ഷത്തോളം ഗാര്‍ഹിക തൊഴിലാളികള്‍ സഊദിയിലുണ്ടെന്നാണ് കണക്ക്. ഇതിനുപുറമെ, 3.2 ലക്ഷം പേര്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി കാത്തിരിക്കുന്നുമുണ്ട്. നിലവില്‍ ഫിലിപ്പൈന്‍സുമായാണ് സഊദിക്ക് തൊഴില്‍ കരാറുള്ളത്. 
 
നാലുമാസം മുമ്പാണ് ഇരുരാജ്യങ്ങളും തമ്മില്‍ കരാറൊപ്പുവെച്ചത്. ശ്രീലങ്ക, ഇന്തോനേഷ്യ, നേപാള്‍, കംപോഡിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുമായി ഒപ്പുവെക്കാന്‍ നീക്കം നടക്കുന്നുണ്ട്. സഊദിയിലെ റിക്രൂട്ടിങ് കമ്പനികള്‍ വഴിയാണ് ഇനി വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യുക.

Search site