ഇന്ത്യക്ക് പത്തരമാറ്റ്‌

 പ്രഥമ ഏഷ്യന്‍ സ്‌കൂള്‍ കായികമേളയില്‍ മലയാളി താരങ്ങളുടെ കരുത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം. പന്ത്രണ്ട് സ്വര്‍ണവും 11 വെള്ളിയും ആറ് വെങ്കലവുമടക്കം 29 മെഡല്‍ നേടിയാണ് ഇന്ത്യ രണ്ടാമതെത്തിയത്. 12 സ്വര്‍ണമടക്കം 36 മെഡല്‍ നേടിയ ആതിഥേയരായ മലേഷ്യയാണ് ജേതാക്കള്‍. 
 
 അവസാന ദിനം നാല് സ്വര്‍ണമടക്കം അഞ്ചുമെഡലാണ് ഇന്ത്യ സ്വന്തമാക്കിയത്. എല്ലാം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാട് പറളി സ്‌കൂളിലെ വി.വി.ജിഷ, ഷോട്ട്പുട്ടില്‍ മഹാരാഷ്ട്രയുടെ മറുനാടന്‍ മലയാളി താരം മേഘ്‌ന ദേവാംഗ, ഹൈജമ്പില്‍ പശ്ചിമ ബംഗാളിന്റെ സപ്ന ബര്‍മന്‍, പെണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേ എന്നിവയിലാണ് ഇന്ത്യയുടെ സ്വര്‍ണ നേട്ടം. സ്വര്‍ണം നേടിയ റിലേ ടീമിലംഗമായ പി.യു.ചിത്ര മീറ്റിലെ മൂന്നാം സ്വര്‍ണത്തിനും അര്‍ഹയായപ്പോള്‍, ജിഷയ്ക്ക് രണ്ടാം സ്വര്‍ണവും സി.ബബിതയ്ക്ക് ആദ്യസ്വര്‍ണവും നേടാനായി. അഞ്ജന താംകെയായിരുന്നു റിലേ ടീമിലെ നാലാം ഓട്ടക്കാരി. ട്രിപ്പിള്‍ ജമ്പില്‍ തമിഴ്‌നാടിന്റെ മരിയ റോഷല്‍ വെള്ളിയും കരസ്ഥമാക്കി. 
 
 മീറ്റിന്റെ അവസാന നിമിഷംവരെ ഇന്ത്യയ്ക്ക് ജേതാക്കളാകാനുള്ള സാധ്യതയുണ്ടായിരുന്നു. അവസാന ഇനമായ ആണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയാണ് മലേഷ്യ മുന്നില്‍ക്കയറിയത്. വെള്ളിമെഡലുകളുടെ എണ്ണക്കൂടുതലാണ് മലേഷ്യയ്ക്ക് ഒന്നാം സ്ഥാനം സമ്മാനിച്ചത്. 
 
 പനിക്കിടക്കയില്‍ നിന്നൊരു സ്വര്‍ണം 
 മീറ്റില്‍ ഇന്ത്യ നേടിയ ഏറ്റവും വിലപിടിച്ച സ്വര്‍ണമെന്നാണ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വി.വി.ജിഷയുടെ സ്വര്‍ണനേട്ടത്തെ കോച്ച് പി.ജി.മനോജ് വിലയിരുത്തിയത്. പനിക്കിടക്കയില്‍നിന്നാണ് ജിഷ ട്രാക്കിലെത്തിയതും ഒരുമിനിറ്റ് 05.69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടിയതും.
 
 പാലക്കാട് പറളി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ജിഷയ്ക്ക് കഴിഞ്ഞ 17ന് പഹാങ്ങിലെത്തുമ്പോള്‍ത്തന്നെ പനിയുണ്ടായിരുന്നു. പിറ്റേന്ന് ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്തു. ശനിയാഴ്ച ആസ്പത്രിയില്‍നിന്നെത്തി 400 മീറ്റര്‍ മത്സരിച്ചെങ്കിലും ഹീറ്റ്‌സില്‍ പിന്തള്ളപ്പെട്ടു. ഞായറാഴ്ച രാവിലെ നടന്ന ഹര്‍ഡില്‍ില്‍ ജിഷ സ്വര്‍ണത്തിലേക്ക് കുതിക്കാനുമായി. മൂന്ന് മണിക്കൂറിനുശേഷം നടന്ന 4-400 മീറ്റര്‍ റിലേയില്‍ ആദ്യ ലാപ്പിലും ജിഷ സ്വര്‍ണക്കുതിപ്പ് നടത്തി. പറളി വില്യങ്ങാട് വീണ്ടകുന്ന് വേലായുധന്റെയും വിജയകുമാരിയുടെയും മകളാണ്. 
 
 റിലേയില്‍ അപ്രതീക്ഷിത സ്വര്‍ണം
 ദീര്‍ഘദൂര ഓട്ടക്കാരെയും മധ്യദൂര ഓട്ടക്കാരെയും ചേര്‍ത്ത് തല്ലിക്കൂട്ടിയതാണെങ്കിലും 4-400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്ക് അപ്രതീക്ഷിതമായി സ്വര്‍ണം നേടാനായി. മീറ്റിലെ അവസാന ഇനമായ റിലേയില്‍, ജിഷയും മുണ്ടൂര്‍ സ്‌കൂളിലെ പി.യു.ചിത്രയും കല്ലടി സ്‌കൂളിലെ സി.ബബിതയുമാണ് ആദ്യ മൂന്ന് ലാപ്പുകള്‍ ഓടിയത്. 400 മീറ്ററില്‍ അഞ്ചാം സ്ഥാനത്തായിപ്പോയതിന്റെ കോട്ടം തീര്‍ത്ത് അഞ്ജന താംകെ നാലാം ലാപ്പില്‍ കുതിച്ചതോടെ ഇന്ത്യയ്ക്ക് സ്വര്‍ണം കൈവരിക്കാനായി. മൂന്ന് മിനിറ്റ് 53.88 സെക്കന്‍ഡിലാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. 
 
 മറുനാട്ടില്‍നിന്നൊരു സ്വര്‍ണം
 ഷോട്ട്പുട്ടില്‍ 12.91 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് വസായ് വിദ്യാവികാസിനി ഇംഗ്ലീഷ്‌സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ഥിയായ മേഘ്‌ന സ്വര്‍ണം കരസ്ഥമാക്കിയത്. കാസര്‍കോട് സ്വദേശിയാണ് മേഘ്‌നയുടെ അച്ഛന്‍ ബാലകൃഷ്ണ. പാലക്കാട് വടക്കഞ്ചേരി സ്വദേശിയായ പി.എ. തോമസാണ് മേഘ്‌നയുടെ പരിശീലകന്‍. 
 
 ഹൈജമ്പില്‍ 1.69 മീറ്റര്‍ ചാടിയാണ് സപ്ന ബര്‍മന്‍ സ്വര്‍ണം നേടിയത്. കഴിഞ്ഞ ദിവസം സപ്ന ഹാമര്‍ ത്രോയില്‍ വെങ്കലം നേടിയിരുന്നു. ട്രിപ്പിള്‍ ജമ്പില്‍ 12.64 മീറ്റര്‍ ചാടിയാണ് മരിയ റോഷല്‍ വെള്ളിമെഡല്‍ നേടിയത്. ഈയിനത്തില്‍ മത്സരിച്ച ജെനിമോള്‍ ജോയ് അഞ്ചാം സ്ഥാനത്തായി.

Search site