ഇന്ത്യക്ക് ആവശ്യമായ ഇന്ധനം ഇറാഖ് നല്‍കും

 ഇന്ത്യക്ക് ആവശ്യമായ ഇന്ധനം നല്‍കാന്‍ തയാറാണെന്ന് ഇറാഖ്. ദ്വിദിന സന്ദര്‍ശനത്തിനായി ബഗ്ദാദിലെത്തിയ വിദേശകാര്യ സല്‍മാന്‍ ഖുര്‍ഷിദിനാണ് ഇറാഖ് വിദേശകാര്യ മന്ത്രി ഹോഷ്യാര്‍ സബരി ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്. ഇന്ത്യയുടെ ഭാവി ആവശ്യങ്ങള്‍ കൂടി ഇറാഖ് പരിഗണിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തമാക്കുമെന്നും വിദേശകാര്യമന്ത്രിമാര്‍ സംയുക്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.

നിലവില്‍ ഇറാഖ് ഇന്ത്യയിലേക്ക് പ്രതിവര്‍ഷം 2000 കോടി ഡോളറിന്റെ എണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്

ബുധനാഴ്ച ബഗ്ദാദിലെത്തിയ സല്‍മാന്‍ ഖുര്‍ഷിദ് ഇറാഖ് പ്രധാനമന്ത്രി നൂരി അല്‍ മാലിക്കി, പാര്‍ലമെന്റ് സ്പീക്കര്‍ ഉസാമ അല്‍ നുജൈഫി എന്നിവരുമായി ചര്‍ച്ച നടത്തി. യു.എസ് അധിനിവേശത്തില്‍ തകര്‍ന്ന ഇറാഖിന്റെ പുനര്‍നിര്‍മാണത്തില്‍ ഇന്ത്യന്‍ കമ്പനികളെ പങ്കെടുപ്പിക്കുന്ന കാര്യം ഇരുകൂട്ടരും ചര്‍ച്ച ചെയ്തു. വ്യാപാര വ്യവസായ മേഖലകളില്‍ മാത്രമല്ല, എല്ലാ മേഖലയിലും ഇറാഖുമായി സഹകരിക്കാനാണ് ഇന്ത്യക്ക് ആഗ്രഹമെന്ന് ഖുര്‍ഷിദ് പറഞ്ഞു. റമസാനു ശേഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ നൂരി അല്‍ മാലിക്കിയെ താന്‍ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടു ദശകങ്ങള്‍ക്കു ശേഷം ഇറാഖ് സന്ദര്‍ശിക്കുന്ന ഏറ്റവും ഉന്നത ഇന്ത്യന്‍ വ്യക്തിത്വമാണ് സല്‍മാന്‍ ഖുര്‍ഷിദ്. 1990-കളില്‍ വിദേശകാര്യമന്ത്രിയായിരുന്ന ഐ.കെ ഗുജ്‌റാള്‍ ആണ് ഇതിനു മുമ്പ് അവിടം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി. ഗള്‍ഫ് യുദ്ധത്തിനിടെ ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഗുജ്‌റാളിന്റെ സന്ദര്‍ശനം.

Search site