ഇന്ത്യക്കെതിരായ തീവ്രവാദം അവസാനിപ്പിക്കണം: പ്രധാനമന്ത്രി

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തി. നവാസ് ഷരീഫ് പാക് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുന്നത്. ഇന്ത്യക്കെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു പാകിസ്താന്‍ വേദിയാവുന്നുവെന്ന ഇന്ത്യയുടെ ആരോപണങ്ങള്‍ക്കിടെയാണ് ഇരു പ്രധാനമന്ത്രിമാരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. 
 
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സാധാരണ നിലയിലെത്തിക്കുന്നതിനായുള്ള മാര്‍ഗങ്ങള്‍ കൂടിക്കാഴ്ചയില്‍ ഇരുവരും ചര്‍ച്ച ചെയ്തതായാണ് വിവരം. ഒരു മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദം തടയുന്നതിനായി പാകിസ്താന്റെ ഭാഗത്തു നിന്നും ശക്തമായ ശ്രമങ്ങള്‍ വേണമെന്നും പാക് മണ്ണില്‍ നിന്നും ഇന്ത്യക്കെതിരായി തീവ്രവാദ അക്രമങ്ങള്‍ ഉണ്ടാകുന്നതിലുള്ള ആശങ്കയും മന്‍മോഹന്‍ സിങ് നവാസ് ഷരീഫിനെ അറിയിച്ചു. ഇതോടൊപ്പം അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനം അവസാനിപ്പിക്കാനും തീരുമാനമായി. 
 
അതേ സമയം ഇന്ത്യയുമായുള്ള പുതിയ തുടക്കമാണ് കൂടിക്കാഴ്ചയെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു. സിയാച്ചിന്‍, സര്‍ക്രീക് വിഷയങ്ങളും ഷരീഫ് പ്രതിപാദിച്ചു. കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്നും ഉന്നത തല ബന്ധം നിലനിര്‍ത്താന്‍ കൂടിക്കാഴ്ച സഹായകരമായെന്നും ഇരുവരും വ്യക്തമാക്കുകയും ചെയ്തു. പാകിസ്താന്‍ സന്ദര്‍ശിക്കുന്നതിനായി മന്‍മോഹന്‍ സിങിനെ നവാസ് ഷരീഫ് ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. പാകിസ്താന്‍ ഉയര്‍ത്തി വിടുന്ന തീവ്രവാദ ഭീഷണിയെ വേണ്ട രീതിയില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ മന്‍മോഹന്‍ സിങ് പരാജയമാണെന്ന നരേന്ദ്ര മോഡിയുടെ ആരോപണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

Search site