ഇനി 'നോക്കിയ'ാല്‍ കണ്ണെത്തില്ല

തെക്കുപടിഞ്ഞാറന്‍ ഫിന്‍ലാന്‍ഡില്‍ 32,402 മാത്രം ജനസംഖ്യയുള്ള മുനിസിപ്പാലിറ്റിയാണ് നോക്കിയ നഗരം. നഗരത്തിന്റെ ഓരത്തുകൂടെ വഴിഞ്ഞൊഴുകുന്ന നോകിയാന്‍വിര്‍ട നദി. 374.76 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ നാട്ടില്‍ നിന്നാണ് നോക്കിയാലെത്താത്ത ദൂരത്തോളം പടര്‍ന്ന് നോക്കിയ എന്ന മൊബൈല്‍ ബ്രാന്‍ഡ് ലോകത്തെ വിസ്മയിപ്പിച്ചത്. 
 
മൂന്ന് ദശാബ്ദം കൊണ്ട് 120 രാജ്യങ്ങളില്‍ അമ്പതിനായിരം തൊഴിലാളികള്‍ ജോലിചെയ്യുന്ന കമ്പനിയായി നോക്കിയ മാറി. സോഫ്റ്റ്‌വെയര്‍ അതികായന്മാരായ മൈക്രോസോഫ്റ്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചതോടെ നോക്കിയയും അതിന്റെ ആദ്യകാലവും ഒരു കൂട്ടുകമ്പനിയുടെ ചരിത്രത്തിലേക്ക് വഴിമാറുകയാണ്. ഒരു കമ്പനി എന്നതിലപ്പുറം ഫിന്‍ലന്‍ഡിനെ, യൂറോപ്പിലെ ഏറ്റവും വേഗതയേറിയ വ്യാവസായിക രാജ്യമാക്കി മാറ്റി, ചരിത്രത്തിന്റെ ദിശാഗതി നിര്‍ണയിച്ചതില്‍ നോക്കിയക്കാണ് പങ്ക്. 
 
1865 ല്‍ മൈനിങ് എഞ്ചിനീയര്‍ ഫ്രഡറിക് ഐഡ്സ്റ്റാം നോക്കിയ ഉള്‍പ്പെടുന്ന ടാമര്‍കോസ്‌കി നഗരത്തില്‍ സ്ഥാപിച്ച പേപ്പര്‍ കമ്പനിയാണ് നോക്കിയ മൊബൈല്‍ കമ്പനിയുടെ തുടക്കം. കടലാസ് വ്യവസായം പുഷ്ടിപ്പെട്ടതോടെ മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ ഐഡ്‌സ്റ്റാമിന് രണ്ടാമതൊരു കമ്പനി കൂടി തുടങ്ങേണ്ടി വന്നു, നോക്കിയ നഗരത്തില്‍. 1871 ല്‍ ഐഡ്‌സ്റ്റാമിന്റെ വ്യവസായത്തിനു പിന്തുണയുമായി സുഹൃത്ത് ലിയോ മെക്‌ലിനുമെത്തി. 
 
കമ്പനിക്ക് എന്തുപേരിടുമെന്ന തര്‍ക്കം ഒടുവില്‍ ചെന്നെത്തിയത് സമീപത്തു കൂടെ ഒഴുകുന്ന നോകിയാന്‍വിര്‍ട നദിയില്‍. നദിയുടെ പേരിന്റെ ആദ്യ ഭാഗമെടുത്ത് നദിക്കരയിലെ കമ്പനിക്ക് മെക്‌ലിന്‍ പേരിട്ടു; നോക്കിയ.വീടുകളും വ്യവസായ സ്ഥാപനങ്ങളും വൈദ്യുതീകരിക്കുക എന്നതായിരുന്നു ആദ്യ ജോലി. പിന്നീട് സ്വന്തം നിലയില്‍ വൈദ്യുതി കേബിളുകള്‍ നിര്‍മിച്ചു തുടങ്ങി. 
 
പേപ്പര്‍, റബര്‍, കേബിളുകള്‍ എന്നിവയായിരുന്നു പ്രധാന ഉല്‍പ്പന്നങ്ങള്‍. 1967 ല്‍ മൂന്ന് വ്യവസായങ്ങളും നോക്കിയ കോര്‍പ്പറേഷന്‍ എന്ന കമ്പനിയുടെ ഒറ്റക്കുടക്കീഴിലായി. ഒരു പ്രസിഡണ്ട്, മൂന്നിനും പ്രത്യേകം ഡയറക്ടര്‍മാര്‍ എന്നതായിരുന്നു കമ്പനിയുടെ രീതി. ജോണ്‍ വെസ്റ്റര്‍ലന്‍ഡാണ് നോക്കിയ കോര്‍പ്പറേഷന്‍ ആദ്യ പ്രസിഡണ്ട്. 1960 ല്‍ കമ്പനിയില്‍ ആദ്യമായി ഇലക്ട്രോണിക് വിഭാഗത്തിന് രൂപംകൊടുത്തതോടെ ടെലികമ്യൂണിക്കേഷന്‍ രംഗത്തേക്ക് ചുവടുനല്‍കിയത് അദ്ദേഹമായിരുന്നു. 
 
ആണവ പ്ലാന്റുകളില്‍ പള്‍സ് അനലൈസറായി ഉപയോഗിക്കുന്ന ഉപകരണമാണ് നോക്കിയയുടെ ആദ്യ ഇലക്ട്രോണിക് ഡിവൈസ്. ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ ഉപയോഗിക്കുന്ന ഡിജിറ്റര്‍ സ്വിച്ച് ' നോക്കിയ ഡി.എക്‌സ് 200' നിര്‍മാണം ടെലികമ്യൂണിക്കേഷന്‍ രംഗത്തെ വഴിത്തിരിവായി. 
 
1987 ലാണ് കൊണ്ടുനടക്കാവുന്ന ആദ്യത്തെ ഫോണ്‍ നോക്കിയ വികസിപ്പിച്ചത്; 24000 ഫിന്നിഷ് മാര്‍ക്‌സ് (4560 യൂറോ) വിലവരുന്ന മൊബിറ സിറ്റിമാന്‍ 900. 1987 ല്‍ മൊബിറ സിറ്റിമാന്‍ ഉപയോഗിച്ച് ഫോണ്‍ ചെയ്യുന്ന സോവിയറ്റ് നേതാവ് മിഖായേല്‍ ഗോര്‍ബച്ചേവിന്റെ ചിത്രം പുറത്തുവന്നതോടെ നോക്കിയയുടെ ചക്രവാളം തെളിഞ്ഞു. ഫോണിന് ഗോര്‍ബ എന്ന വിളിപ്പേരും വീണു. വലിയ ആന്റിനയുള്ള ഫോണ്‍ കൊണ്ടുനടക്കുന്നത് സിഗരറ്റ് വലിക്കുന്നതിനേക്കാള്‍ വലിയ സ്റ്റാറ്റസ് സിംബലായി മാറി. 
 
1990 കളില്‍ രണ്ടാം തലമുറ മൊബൈല്‍ സാങ്കേതിക വിദ്യയായ ജി.എസ്.എം (ഗ്ലോബല്‍ സിസ്റ്റം ഫോര്‍ മൊബൈല്‍ കമ്യൂണിക്കേഷന്‍) ഉപയോഗിച്ച് നോക്കിയ 1011 എന്ന ബ്രാന്‍ഡ് പുറത്തിറക്കിയതോടെ മൊബൈല്‍ ചെലവേറിയ ജനപ്രിയ ഉല്‍പ്പന്നമായി. 1011 എന്നത് മൊബൈല്‍ പുറത്തിറക്കിയ തിയതിയായിരുന്നു, അഥവാ നവംബര്‍ 10. നോക്കിയയുടെ സവിശേഷമായ റിംഗ്‌ടോണ്‍ (നോക്കിയ ട്യൂണ്‍) അതിലുണ്ടായിരുന്നില്ല. 
 
1992 ല്‍ ടെലികമ്യൂണിക്കേഷന്‍ രംഗത്തു മാത്രം ശ്രദ്ധപതിപ്പിച്ചാല്‍ മതിയെന്ന തീരുമാനം നോക്കിയക്ക് നേട്ടമായി. 1998 ഓടു കൂടെ ലോകത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയായി നോക്കിയ മാറി. 1996 ലെ 6.5 ബില്യണ്‍ യൂറോയില്‍ നിന്ന് കമ്പനിയുടെ വാര്‍ഷിക വരുമാനം 31 ബില്യണ്‍ യൂറോയായി മാറി. 2003 ല്‍ അവതരിപ്പിച്ച് നോക്കിയ 1100 ആണ് നോക്കിയയെ ജനപ്രിയമാക്കിയ ബ്രാന്‍ഡ്. ബ്രാന്‍ഡിന്റെ 20 കോടി ഫോണാണ് ലോകത്തെമ്പാടും കമ്പനി വിറ്റത്. അതിനു ശേഷം നിരവധി ഫോണുകള്‍ പല പേരുകളില്‍ പുറത്തിങ്ങി. 
 
2004 ല്‍ നോക്കിയ 7710 എന്ന പേരില്‍ ആദ്യ ടച്ച് ഫോണും പുറത്തിറക്കി. ഈ സമയത്ത് പുറത്തിറക്കിയ നോക്കിയ ഇ-സീരീസുകള്‍ ക്യാമറ കൊണ്ടും സാങ്കേതിക വിദ്യ കൊണ്ടും ലോകം കീഴടക്കി. 
 
ആന്‍ഡ്രോയിഡ് സാങ്കേതിക വിദ്യയുമായി സാംസങ്, ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ എത്തിയതോടെയാണ് നോക്കിയയുടെ അപ്രമാദിത്വം അവസാനിച്ചത്. എല്ലാവരും സ്മാര്‍ടിലേക്ക് കുടിയേറിയതോടെ പഴഞ്ചന്‍ ഫോണുകള്‍ എന്ന പഴിയും നോക്കിയ കേട്ടു. ഇതിനെ വെല്ലുവിളിക്കാനാണ് മൈക്രോസോഫ്റ്റുമായി നോക്കിയ കൂട്ടുകെട്ട് ആരംഭിച്ചത്. ലൂമിയ എന്ന് പേരിട്ട ബ്രാന്‍ഡ് വിപണിയില്‍ ചലനമുണ്ടാക്കുകയും ചെയ്തു. ഈ സമയത്താണ് നോക്കിയ വാങ്ങാനുള്ള മൈക്രോസോഫ്റ്റ് വാങ്ങാനുള്ള തീരുമാനം. വിപണിയില്‍ കീഴടക്കാമെന്ന് തന്നെയാണ് മൈക്രോസോഫ്റ്റിന്റെ കണക്കുകൂട്ടല്‍. ഈ കൂട്ടുകെട്ടിന്റെ ബാറ്ററി ഫുള്‍ച്ചാര്‍ജായാല്‍ പിന്നെ നോക്കിയാല്‍ കണ്ണെത്തില്ല.

Search site