ഇതില്‍ ഏത് വീരപ്പനാണ് നമ്മുടെ നാടിന് നല്ലത്?

കാട്ടുകള്ളന്‍ വീരപ്പന്‍ ! ഒരു സമയത്ത് നാട്ടുകാരെ സര്‍ക്കാര്‍ പറഞ്ഞ് ഭയപ്പെടുത്തിയിരുന്ന ഒരു പേരായിരുന്നുവിത്. എന്നാല്‍ വീരപ്പന്‍ നാട്ടുകാരെ ഒരു രീതിയിലും ശല്യം ചെയ്‌തിരുന്നില്ലെന്നും കേള്‍വിയുണ്ട്. അദ്ദേഹത്തിന്റെ മുഖ്യ വിഹാരയിടം കാട് തന്നെയായിരുന്നു. ചന്ദനവും ആനക്കൊമ്പും മറ്റുമൊക്കെ കവര്‍ച്ച ചെയ്‌തിരുന്ന വീരപ്പന്റെ ചെയ്‌തികള്‍ പ്രത്യക്ഷത്തില്‍ ഇവിടുത്തെ ജനങ്ങളെ ദ്രോഹിച്ചിരുന്നില്ല. എന്നാലും അദ്ദേഹത്തിന്റെ മുഖ്യ വിനോദം കള്ളക്കടത്തും നമ്മുടെ കാവല്‍ ഭടന്മാരെ കബളിപ്പിക്കലും തന്നെയായിരുന്നു. എന്നാല്‍ വീരപ്പന്റെ ഭാവം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന നാളുകള്‍ മാറുകയും, അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് വരുമെന്ന ഗോസിപ്പുകള്‍ വരെയുണ്ടാകുകയും ചെയ്‌തു. എന്നാല്‍ ഈ ഗോസിപ്പുകള്‍ കാരണമാണോയെന്നറിയില്ല. ഉടന്‍ തന്നെ വീരപ്പനെ കണ്ടെത്തി പോലീസ് സേന വധിച്ചു. അബദ്ധത്തില്‍ എങ്ങാനും ഇദ്ദേഹം രാഷ്‌ട്രീയത്തി വന്നാല്‍ ഇവിടെ വിരാജിക്കുന്ന പല ആനകളുടെയും കൊമ്പ് അദ്ദേഹം ഊരുമോയെന്ന ഭയമാകാം ഇത്തരത്തില്‍ സര്‍ക്കാറിനെ ചിന്തിപ്പിച്ചത്.
 
 വീരപ്പന്റെ ജീവചരിതമല്ലല്ലോ ഇവിടുത്തെ വിഷയം. ഇന്ത്യാ മഹാരാജ്യത്ത് ഇപ്പോള്‍ മറ്റൊരു വീരപ്പന്‍ കൂടിയുണ്ട്. അദ്ദേഹത്തിന്റെ പേരില്‍ നിന്നും “ ന്‍ ” എന്നൊഴിവാക്കിയാല്‍ മതിയാകും. ആഗോളതലത്തില്‍ എങ്ങും ആഞ്ഞടിച്ച സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിക്കാതിരുന്നത് ഇവിടുത്തെ യുപി‌എ സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക നടപടികള്‍ കാരണമാണെന്ന് പറഞ്ഞിരിക്കുന്ന അവസരത്തില്‍ തന്നെ രൂപയുടെ മൂല്യം ഇടിഞ്ഞ് തകരുന്നു. എല്ലാമാസവും വഴിപ്പാട് പോലെ ഉയര്‍ത്തുന്ന ഇന്ധനവിലയ്ക്ക് പുറമേ കഴിഞ്ഞ ദിവസം പെട്രോളിന് വന്‍ വര്‍ദ്ധനയാണ് സര്‍ക്കാര്‍ വരുത്തിയത്. ഇതിനു പുറമേ എണ്ണ കമ്പനികള്‍ക്ക് ഓശാന പാടുന്ന പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി തന്നെ പറയുന്നു ഡീസലിന് എത്രയും പെട്ടെന്ന് 5 രൂപ വര്‍ദ്ധിപ്പിക്കണമെന്ന്. ഇത്രയും നാളും സബ്‌സിഡികള്‍ വെട്ടിക്കുറച്ചിട്ടും, എണ്ണ വിലകള്‍ വര്‍ദ്ധിപ്പിച്ചിട്ടും ഉണ്ടാകാത്ത എന്ത് സാമ്പത്തിക അടിസ്ഥാനമാണ് ഈ എണ്ണവില വര്‍ദ്ധിപ്പിക്കുന്നതിലൂടെ വരാന്‍ പോകുന്നതെന്നത് ചിന്തനീയമാണ്. എല്ലാ മേഖലയും പൊതു ജനവും സര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ബലിയാടാകുമ്പോള്‍ കോടികണക്കിന് സബ്‌സിഡി നല്‍കുന്ന എണ്ണകമ്പനികളെ സഹായിക്കാന്‍ വീണ്ടും വിലവര്‍ദ്ധിപ്പിക്കണമെന്ന മന്ത്രിയുടെ പ്രഖ്യാപനം സത്യത്തില്‍ കാട്ടുക്കള്ളന്‍ വീരപ്പന്‍ നടത്തിയ കൊള്ളയേക്കാള്‍ വന്‍ കൊള്ളയല്ലേയെന്ന് ചിന്തിക്കേണ്ടി വരും.
 
ഈ ചിന്തയ്ക്ക് അടിസ്ഥാനമുണ്ട്. കാരണം എണ്ണ കമ്പനികള്‍ ഒന്നും തന്നെ നഷ്‌ടത്തിലല്ലെന്നും അവര്‍ ടാര്‍ജെറ്റ് ചെയ്യുന്ന ലാഭം കൊയ്യാന്‍ കഴിയാത്തതിനെയാണ് നഷ്‌ടമായി കണക്കാക്കുന്നതെന്നും ഏവര്‍ക്കും അറിയാവുന്നതാണ്. ഇത് ലാഭത്തിലുള്ള കുറവല്ലേ ആകുകയുള്ളൂ, എങ്ങനെ നഷ്‌ടമാകും? മാത്രമല്ല, ആഗോളതലത്തില്‍ എണ്ണവിലയില്‍ ഉണ്ടായ വര്‍ദ്ധനവാണ് നമ്മുടെ രാജ്യത്തെ ഇന്ധന വിലയെ നിയന്ത്രിക്കുന്നത്. അതിനു കാരണം രൂപയുടെ മൂല്യമിടിയുകയും ബാരലിന് എണ്ണയുടെ വില വര്‍ദ്ധിക്കുകയും ചെയ്യുന്നതിനാലാണ്. അങ്ങനെയെങ്കില്‍, നമ്മുടെ രാജ്യത്ത് തന്നെ ഖനനം നടത്തുന്ന റിലയന്‍സ് പോലുള്ള കമ്പനികളിലെ എണ്ണയുടെ വിലയെന്താണ്. മറ്റ് എണ്ണ കമ്പനികള്‍ക്ക് ലഭിക്കുന്നത് പോലെ എല്ലാ ആനൂകൂല്യങ്ങളും ഇവര്‍ക്കും ലഭിക്കുന്നില്ലേ. സ്വന്തം രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന എണ്ണ ഉപയോഗിച്ച് ഒരു സ്വകാര്യ കമ്പനി കൊള്ള ലാഭമുണ്ടാക്കുന്നത് ഇവിടുത്തെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. സാമ്പത്തിക നിയന്ത്രണങ്ങള്‍ക്ക് ജനദ്രോഹപരമല്ലാത്ത നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നിട്ടും എല്ലാം ജനങ്ങള്‍ക്കിട്ടിരിക്കട്ടെ എന്ന നയം സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്തിനാണ്.
 
ഇവിടെയാണ് നമ്മള്‍ തലക്കെട്ടില്‍ ചോദിച്ച ചോദ്യം പ്രസക്‌തമാകുന്നത് സത്യത്തില്‍ ഏത് വീരപ്പനാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ ജനങ്ങളെ ദ്രോഹിക്കുന്നത്. ഈ നാടിന് നല്ലത് ഏത് വീരപ്പനാണ്. കാട്ടില്‍ കൊള്ള നടത്തിയിരുന്ന മീശക്കാരന്‍ വീരപ്പനാണോ? ഖദര്‍ ധരിച്ച് നാട്ടിലിറങ്ങി കൊള്ള നടത്തുന്ന എണ്ണക്കാരന്‍ വീരപ്പനാണോ നമ്മുക്ക് നല്ലതെന്ന് ചിന്തിച്ച് തീരുമാനമെടുക്കേണ്ട ഒരു കാര്യമാണ്.

Search site