ഇടുക്കി, മലനിരകളുടെ റാണി

കേരളത്തില്‍ സഞ്ചാരികളുടെ പറുദീസ ഏതെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ, അത് മലനിരകളുടെ റാണിയായ ഇടുക്കി തന്നെ. പ്രകൃതി രമണീയതയുടെ ഈറ്റില്ലമായ ഇടുക്കിയില്‍ ഒരിക്കലെത്തുന്ന വിനോദസഞ്ചാരി ലോകത്തിന്റെ ഏതുകോണില്‍ പോയാലും ഈ വന സൗന്ദര്യത്തെ ആസ്വദിക്കാന്‍ വീണ്ടും മടങ്ങിവരും. അത്ര മനോഹരമാണ് ഇടുക്കിയുടെ വശ്യത. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, ഹില്‍ സ്റ്റേഷനുകള്‍, അണക്കെട്ടുകള്‍, ട്രെക്കിങ്, വെള്ളച്ചാട്ടങ്ങള്‍, ആനസവാരി തുടങ്ങി സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതെല്ലാം ഇടുക്കിയിലുണ്ട്. വടക്ക് തൃശൂര്‍ ജില്ല, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ല, കിഴക്ക് തമിഴ്നാട്ടിലെ മധുര ജില്ല, പടിഞ്ഞാറ് എറണാകുളം, കോട്ടയം, തെക്ക് പത്തനംതിട്ട ഇവയാണ് ജില്ലയുടെ അതിര്‍ത്തികള്‍. കുറവന്‍, കുറത്തി എന്നീ മലകള്‍ക്കിടയിലുള്ള ഇടുക്കിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കമാനാകാര അണക്കെട്ടായ ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഇടുക്ക് എന്ന വാക്കില്‍ നിന്നാണ് ഇടുക്കി എന്ന പേര് ഉണ്ടായത്. കേരളത്തിലെ വയനാടൊഴികെയുള്ള മറ്റു ജില്ലകളില്‍ നിന്നും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ഇവിടെ. 97 ശതമാനം പ്രദേശങ്ങളും കാടുകളും മലകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. താഴ്ന്ന ഭൂപ്രദേശങ്ങള്‍ തീരെ ഇല്ല. 50% പ്രദേശവും കാടുകളാണ്. സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികള്‍ ഇവിടെയുണ്ട്. അവയില്‍ ഹിമാലയത്തിനു തെക്കുള്ള ഏറ്റവും വലിയ കൊടുമുടിയായ ആനമുടി അടിമാലിക്കടുത്തുള്ള കുട്ടമ്പുഴ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യന്നത്. മൂന്നാര്‍ ഹില്‍ സ്റ്റേഷന്‍, ഇടുക്കി അണക്കെട്ട്, തേക്കടി വന്യമൃഗ സംരക്ഷണ കേന്ദ്രം, പീരുമേട്, വാഗമണ്‍ എന്നിവയാണ് ഇടുക്കി എന്ന് കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുക. രാമക്കല്‍മേട്, ചതുരംഗപ്പാറമേട്, രാജാപ്പാറ, ആനയിറങ്കല്‍, പഴയ ദേവികുളം, ചീയപ്പാറ/വാളറ വെള്ളച്ചാട്ടം, തൊമ്മന്‍ കുത്ത്, നാടുകാണി വ്യൂ പോയിന്റ്‌, പരുന്തുമ്പാറ, അഞ്ചുരുളി, കല്ല്യാണത്തണ്ട്, മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്‌, ടോപ് സ്റ്റേഷന്‍, ചിന്നാറ് വന്യമൃഗസങ്കതേം, രാജമല, എന്നിങ്ങനെ സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ധാരാളം സ്ഥലങ്ങള്‍ വേറെയുമുണ്ട് ജില്ലയില്‍. - See more at: https://www.madhyamam.com/travel/news/128/290813#sthash.IeKWdSGM.dpuf

Search site