ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍പൂള്‍ മുന്നില്‍

സ്വന്തം ടീമിനുവേണ്ടി ആദ്യ ഗോള്‍ നേടിയ മിഡ്ഫീല്‍ഡര്‍ ജോന്‍ജോ ഷെല്‍വി എതിരാളികളായ ലിവര്‍പൂളിന് രണ്ട് ഗോളവസരങ്ങളൊരുക്കി ഹീറോയില്‍ നിന്ന് വില്ലനായപ്പോള്‍, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്വാന്‍സീ സിറ്റിക്ക് സമനില(2-2). 
 
 ലീഗില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വീണുകിട്ടിയ സമനിലയോടൊപ്പം മൂന്ന് ജയവുമായി 10 പോയന്റ് നേടിയ ലിവര്‍പൂള്‍ പട്ടികയില്‍ ആഴ്‌സനലിനെ(9) പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി. നാല് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമായി സ്വാന്‍സീ 13-ാം സ്ഥാനത്താണ്.
 
 മുന്‍ ക്ലബ്ബായ ലിവര്‍പൂളിനെതിരെ കളിതുടങ്ങി 87-ാം സെക്കന്‍ഡില്‍ ഗോള്‍ നേടിയ ഷെല്‍വി, ലിബര്‍ട്ടി സ്റ്റേഡിയത്തിലെ സ്വന്തം കാണികള്‍ക്കുമുമ്പില്‍ സ്വാന്‍സീക്ക് സ്വപ്നതുല്യമായ തുടക്കമാണ് നല്കിയത്. എന്നാല്‍ 21-കാരനായ താരം ലിവര്‍പൂളിന്റെ ഡാനിയേല്‍ സ്റ്ററിഡ്ജിനും(4) വിക്ടര്‍ മോസസിനും(36) ഗോളവസരങ്ങളൊരുക്കിയ മിസ്പാസുകളിലൂടെ ടീമിനെ തോല്‍വിയുടെ വക്കത്തെത്തിക്കുകയും ചെയ്തു. രണ്ടാം പകുതിയുടെ 64-ാം മിനിറ്റില്‍ മിച്ചു നേടിയ ഗോളിലൂടെ സ്വാന്‍സീ ലിവര്‍പൂളിനെതിരെ സമനില പിടിച്ചു. സ്വാന്‍സീയുടെ പ്രതിനായകനായി മാറിയ ഷെല്‍വിയുടെ പാസില്‍ നിന്നായിരുന്നു മിച്ചുവിന്റെ സമനില ഗോളും പിറന്നത്.
 
 ലാങ് റേഞ്ച് ഷോട്ടിലൂടെ ലിവര്‍പൂള്‍ ഗോളിയെ പരീക്ഷിച്ച ഷെല്‍വിയുടെ ആദ്യ ശ്രമംതന്നെ ഗോളില്‍ കലാശിച്ചു(1-0). ലിവര്‍പൂള്‍ സീസണില്‍ വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്.
 
 രണ്ട് മിനിറ്റിനുശേഷം ഷെല്‍വിയുടെ പിഴവില്‍ നിന്നായിരുന്നു ലിവര്‍പൂളിന്റെ സമനില ഗോള്‍. സ്വന്തം ഗോള്‍ ഏരിയയ്ക്ക് പുറത്തുനിന്നും പന്ത് സ്വീകരിച്ച താരം സമീപത്ത് നിന്നിരുന്ന സ്റ്ററിഡ്ജിനെ ശ്രദ്ധിക്കാതെ സ്വാന്‍സീ ഗോളി മൈക്കല്‍ വോമിന് ബാക്ക് പാസ് കൊടുത്തു. ഓട്ടത്തിനിടെ പന്ത് പിടിച്ച സ്റ്ററിഡ്ജ് മികച്ചൊരു ഇടതുകാല്‍ അടിയിലൂടെ സ്വാന്‍സീ ഗോളിയെ കീഴടക്കി.
 മറ്റൊരു മത്സരത്തില്‍ സതാംപ്ടണ്‍ വെസ്റ്റ്ഹാമുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. പ്രീമിയര്‍ ലീഗ് പട്ടികയില്‍ ഇരു ടീമുകള്‍ക്കും അഞ്ച് പോയന്റ് വീതമുണ്ട്.
 
 ഫിയൊറെന്റീനയ്ക്ക് സമനില
 
 റോം: ഇറ്റാലിയന്‍ സീരി എ യില്‍ ഫിയൊറെന്റീനയ്ക്ക് കാഗ്ലിയാരിക്കെതിരെ സമനില(1-1). കളിയുടെ 71-ാം മിനിറ്റില്‍ ബോര്‍ജ വലേറോയുടെ ഗോളില്‍ ഫിയൊറെന്റീന മുന്നിലെത്തി. 
 
 ഗിസെപ്പെ റോസിയുടെ ക്രോസ് പോസ്റ്റിന് തൊട്ടുത്തുനിന്നുള്ള ഹെഡ്ഡറിലൂടെയാണ് വലേറോ ഗോള്‍ നേടിയത്. എന്നാല്‍ കളി അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍വിക്ടര്‍ ഇബാര്‍ബോയുടെ ക്രോസില്‍ ചിലിയന്‍ ഫോര്‍വേഡ് മൗറീഷ്യോ പിനില്ല കാഗ്ലിയാരിയുടെ സമനില ഗോള്‍ നേടി. 
 
 ലോകകപ്പ്: ആഫ്രിക്കന്‍ പ്ലേ ഓഫ് മത്സരപ്പട്ടിക
 
 ഡെകര്‍(സെനഗല്‍): 2014 ബ്രസീല്‍ ലോകകപ്പിനുള്ള ആഫ്രിക്കന്‍ മേഖലാ പ്ലേ-ഓഫ് മത്സരങ്ങളുടെ പട്ടികയായി. ആദ്യ പാദ മത്സരങ്ങള്‍ ഒക്ടോബര്‍ 11 മുതല്‍ 15 വരെയും രണ്ടാം പാദ മത്സരങ്ങള്‍ 15 മുതല്‍ 19 വരെയും നടക്കും. 
 ജേതാക്കള്‍ ലോകകപ്പ് ഫൈനല്‍ റൗണ്ടിന് അര്‍ഹത നേടും.
 
 ഐവറി കോസ്റ്റ് - സെനഗല്‍, എത്യോപ്യ - നൈജീരിയ, ടുണീഷ്യ - കാമറൂണ്‍, ഘാന - ഈജിപ്ത്, ബുര്‍ക്കിനോ ഫാസോ - അള്‍ജീരിയ.

Search site