ഇംഗ്ലണ്ട് സ്വദേശിയെ മസിനഗുഡിയില്‍ കാട്ടാന കൊന്നു

ഇന്ത്യയിലെത്തിയ ഇംഗ്ലണ്ട് സ്വദേശിയെ തമിഴ്‌നാട് മസിനഗുഡിയില്‍വെച്ച് കാട്ടാന അടിച്ചുകൊന്നു. ലണ്ടന്‍ സ്വദേശി കോളിന്‍ (69) ആണ് വ്യാഴാഴ്ച കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്.
കഴിഞ്ഞ 13-നാണ് കോളിന്‍ കൊച്ചിയിലെത്തിയത്. തുടര്‍ന്ന് സുഹൃത്തിന്റെകൂടെ താമസിച്ച് 18-നാണ് തമിഴ്‌നാട്ടിലെ സുഖവാസകേന്ദ്രമായ മസിനഗുഡിയിലെത്തിയത്. ഇവിടെ ഫാംഹൗസില്‍ താമസിച്ചിരുന്ന കോളിന്‍, ഉച്ചയ്ക്ക് രണ്ടുമണിയോടെ കാഴ്ചകള്‍ കാണാനായി പുറത്തേയ്ക്ക് പോയതായിരുന്നു. നാലുമണിയായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് ഫാം ഹൗസ് അധികൃതര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ആച്ചക്കരൈ എന്ന സ്ഥലത്ത് ആനയുടെ ആക്രമണത്തില്‍ പരിക്കുപറ്റി കിടക്കുന്നത് കണ്ടത്. ഉടനെ ഗൂഡല്ലൂര്‍ താലൂക്ക് ഗവ. ആസ്​പത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മസിനഗുഡി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Search site