ആഹ്ലാദത്തോടെ, പ്രതീക്ഷയോടെ

പച്ചപ്പുല്ലുനിറഞ്ഞ വലിയ ഗ്രൗണ്ട് കണ്ടപ്പോള്‍ ഉമ്മയുടെ കൈവിടുവിച്ച് ജാഷിദ് ആഹ്ലാദത്തോടെ മുന്നോട്ടോടി. ഗ്രൗണ്ടിലേക്ക് ആളുകള്‍ പ്രവേശിക്കാതെയിരിക്കാന്‍ കെട്ടിയിരിക്കുന്ന കയറില്‍ പിടിച്ച് അവന്‍ നിന്നു. ഉമ്മാ, എനിക്ക് ഈ ഗ്രൗണ്ടില്‍ കളിക്കണമെന്നുപറഞ്ഞ് അവന്‍ ചിണുങ്ങാന്‍ തുടങ്ങി. നീ കുറച്ചൂടെ വലുതാകട്ടെ, എന്നിട്ടിവിടെ വന്ന് കളിക്കാമെന്ന ഉമ്മയുടെ സ്‌നേഹപൂര്‍വമായ ശാസനയ്‌ക്കൊടുവില്‍ അവന്‍ അടങ്ങി.
 
 വടക്കാങ്ങര എ.എം.യു.പി.എസിലെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ് ജാഷിദ്. ഉമ്മ ആബിദയോടും ഇത്താത്ത ആരിഫയോടുമൊപ്പം മഞ്ചേരി പയ്യനാട്ടെ സ്റ്റേഡിയം കാണാനെത്തിയതാണ് ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന്റെ കടുത്ത ആരാധകനായ ജാഷിദ്. 
 
 കൂട്ടുകാരുടെ കൂടെ പന്ത് തട്ടാന്‍ എല്ലാദിവസവും സമയംകണ്ടെത്തുന്ന ഈ കൊച്ചുമിടുക്കന്‍ ഫുട്‌ബോളിനെ ആരാധിക്കുന്ന മലപ്പുറത്തിന്റെ പുതുതലമുറയുടെ പ്രതിനിധിയാണ്. ഇത്തരം സ്റ്റേഡിയങ്ങളില്‍ നടക്കുന്ന കളികള്‍ നേരില്‍ക്കാണാന്‍ അവസരം ലഭിക്കുകവഴി പുതിയ കുട്ടികള്‍ക്ക് ഫുട്‌ബോളര്‍മാരായി വളരാന്‍ കൂടുതല്‍ പ്രചോദനമുണ്ടാകുമെന്ന് കരുതുന്നതായി പയ്യനാട് സ്വദേശിയായ ആബിദയും പറയുന്നു. 
 
 മഞ്ചേരിയിലെ ബന്ധുവീടുകളില്‍ എത്തുന്ന എല്ലാവരും തന്നെ പയ്യനാട്ടെ സ്റ്റേഡിയത്തില്‍ വന്നിട്ടാണ് മടങ്ങുന്നത്. ആദ്യമായാണ് ഇത്രയുംവലിയൊരു സ്റ്റേഡിയം കാണുന്നതെന്ന് മഞ്ചേരിയിലെ വല്യച്ഛന്റെ വീട്ടിലെത്തിയ കരുവാരകുണ്ട് സ്വദേശിനിയായ രജനി പറയുന്നു. ടി.വിയില്‍ മാത്രം ഫുട്‌ബോള്‍ കണ്ടിട്ടുള്ള രജനി ഇവിടെ കളിനടന്നാല്‍ കാണാനെത്തുമെന്ന് ഉറപ്പിക്കുന്നു. 
 
 പാലക്കാട്ട് ഇന്റീരിയര്‍ ഡിസൈനറായ പ്രശാന്ത് ആഹ്ലാദത്തിന്റെ പരമകോടിയിലാണ്. പിച്ചവെച്ചുനടന്ന സ്ഥലത്ത് ആധുനിക സംവിധാനത്തോടെയൊരു സ്റ്റേഡിയം. ഇപ്പോഴും പ്രശാന്തിന്റെ മുഖത്തുനിന്നും അമ്പരപ്പ് വിട്ടുമാറിയിട്ടില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങില്‍ ജോലിയില്‍നിന്ന് അവധിയെടുത്താണ് പ്രശാന്ത് എത്തിയത്. ഇന്ത്യന്‍ സൂപ്പര്‍താരം സുനില്‍ ഛേത്രിയുടെ ആരാധകനായ പ്രശാന്തും കൂട്ടുകാരും ഫുട്‌ബോള്‍ തട്ടിക്കളിച്ചുകൊണ്ടിരുന്നത് ഇവിടെയാണ്. ഫെഡറേഷന്‍ കപ്പ് തുടങ്ങിയാല്‍ മുഴുവന്‍ മത്സരവും കാണാനുള്ള തയ്യാറെടുപ്പില്‍ കൂടിയാണ് ഈ ഇന്റീരിയര്‍ ഡിസൈനര്‍. പ്രശാന്ത്മാമന്‍ വിളിച്ചാല്‍ കളികാണാന്‍ എത്തുമെന്ന് പറഞ്ഞ ഒമ്പതില്‍ പഠിക്കുന്ന വിധുരരാജും സ്റ്റേഡിയം എത്തുന്നതിന്റെ ത്രില്ലിലാണ്. 
 പാസ്‌ക് പിലാക്കല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകരും ആഘോഷത്തിലാണ്. ഫെഡറേഷന്‍ കപ്പ് ഒരു ആഘോഷമാക്കിമാറ്റാനുള്ള തീരുമാനത്തിലാണ് ക്ലബ്ബിന്റെ അണിയറപ്രവര്‍ത്തകര്‍. 
 
 ഐ ലീഗ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവുംവലിയ ക്ലബ്ബ് ഫുട്‌ബോളായ ഫെഡറേഷന്‍ കപ്പ് കാണാന്‍ ക്ലബ്ബിലെ എല്ലാവരും കാത്തിരിക്കുകയാണെന്നും പ്രശാന്ത് പറയുന്നു.
 മലപ്പുറത്തിന് ഫെഡറേഷന്‍ കപ്പ് കൈയെത്തും ദൂരത്ത് എന്ന മാതൃഭൂമി വാര്‍ത്ത വായിച്ചിട്ട് സ്റ്റേഡിയം കാണാനെത്തിയതാണ് കാരക്കുന്ന് സ്വദേശിയായ സുകുമാരന്‍. ഭാര്യയേയും മക്കളേയും സ്റ്റേഡിയം കാണിക്കാന്‍ ഒപ്പം കൊണ്ടുവന്നിരുന്നു, കോണ്‍ട്രാക്ടര്‍ കൂടിയായ സുകുമാരന്‍. ഇത്രയും വലിയൊരു ടൂര്‍ണമെന്റ് നഷ്ടപ്പെടാന്‍ വഴിയുണ്ടാകരുതെന്നും എത്രയും വേഗം സ്റ്റേഡിയംപണി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. 
 
 നാട്ടിലൊരു സ്‌റ്റേഡിയം, അവിടെ രാജ്യാന്തര മത്സരങ്ങള്‍. അതേ, മഞ്ചേരിക്കാര്‍ എല്ലാവരും സന്തോഷത്തിലാണ്. മയിലുകള്‍ പീലിവിടര്‍ത്തിയാടുന്ന പയ്യനാട്ട് ആഹ്ലാദത്തിന്റെ ചിറകുകള്‍ വിടരുകയാണ്....

Search site