ആസ്വാദനത്തിന്റെ 24 നോര്‍ത്ത് കാതം..

നൂറ്റിഇരുപത്തിഅഞ്ച് മിനിറ്റ് സമയത്തില്‍ '24 നോര്‍ത്ത് കാതം' പിന്നിടുമ്പോള്‍ ഹരികൃഷ്ണന്‍ എന്ന ചെറുപ്പക്കാരനില്‍ പ്രത്യേകിച്ച് പുതുമയൊന്നും തോന്നിയില്ല. അയാളുടെ സ്വഭാവവും രീതികളും കണ്ടപ്പോള്‍ കൗതുകവും തോന്നിയില്ല. കാരണം സ്‌കൂളില്‍, കോളേജില്‍,ചുറ്റുവട്ടത്ത്, ജോലിതിരക്കുകള്‍ക്കിടയില്‍ പലസ്ഥലങ്ങളില്‍ ഞാനയാളെ കണ്ടിട്ടുണ്ട്. പലപേരുകളില്‍, പലകാലങ്ങളില്‍ ചിലപ്പോള്‍ ഞാനായി പോലും ഹരികൃഷ്ണനെ അറിയുന്നുണ്ട്. ചുറ്റുപാടും നടക്കുന്നതിനെകുറിച്ച് ഒന്നും ബോധവനാവാതെ സാമൂഹിക ജീവിയാവാന്‍ കൂട്ടാക്കാതെ പുറന്തോടുകള്‍ക്കിടയിലേയ്ക്ക് തന്നെ പിന്നെയും പിന്നെയും നൂഴ്ന്ന് കേറാന്‍ ശ്രമിക്കുന്ന ഒരുപാട് ഹരിമാര്‍. 
 
 താന്‍ വരയ്ക്കുന്ന വൃത്തത്തിനുളളില്‍ എല്ലാം ഉണ്ട് എന്ന് വിശ്വസിക്കുകയും മറ്റഉളളവരെ വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആള്‍ക്കൂട്ടത്തില്‍ തനിയെ നില്ക്കുവാന്‍ ഇഷ്ടപ്പെടുന്ന ഒരു ന്യൂനപക്ഷം. അവര്‍ക്കിടയിലേയ്ക്ക് കടന്ന് ചെല്ലുകയാണ് അനില്‍രാധാകൃഷ്ണമേനോന്‍ തന്റെ കന്നിസിനിമയായ 24 നോര്‍ത്ത് കാതത്തിലൂടെ. ഓണചിത്രങ്ങളില്‍ പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ടും ആവിഷ്‌കാരത്തിന്റെ രീതി കൊണ്ടും സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ സിനിമയെന്ന് സംശയമില്ലാതെ പറയാം.
 
 ഒരു ഹര്‍ത്താല്‍ദിവസം ആര്‍ക്കും അനുഭവിക്കാന്‍ ഭാഗ്യം ലഭിക്കാവുന്ന(ഉണ്ടാതാവാതിരിക്കട്ടേ..) കുറേ സംഭവങ്ങള്‍ കോര്‍ത്താണ് നോര്‍ത്ത് കാതം നീളുന്നത്. ഹരികൃഷ്ണന്‍ എന്ന ഐ ടി പ്രൊഫണല്‍, ഗോപാലന്‍ എന്ന അധ്യാപകന്‍, നാരായണി എന്ന സാമൂഹികപ്രവര്‍ത്തക എന്നിവരിലൂടെ എവിടെയെക്കയോ ജീവിച്ച് പോവുന്ന ചിലമനുഷ്യരുടെ കഥയും പറഞ്ഞ് പോവുകയാണ്. 
 
 അതിഭാവുകത്വം കടന്ന് വരാത്ത രീതിയിലാണ് കഥപറയുന്നത്. വ്യത്യസ്തത നാടുകളില്‍ ഒരിക്കലും കണ്ടുമുട്ടുക പോലും ചെയ്യാത്ത മനുഷ്യരുടെ കൂടി ചേരലിന് ഹര്‍ത്താല്‍ സാക്ഷിയാവുന്നു. കഷ്ടതകള്‍ മാത്രം സമ്മാനിക്കുന്ന ഹര്‍ത്താലിന് ഒരു സൗഹൃദവശം അങ്ങനെ കൈവരുന്നു. നല്ല നിമിത്തമാകുന്ന ആ യാത്ര വ്യക്തികളിലെ നെഗറ്റീവ് ഒഴിവാക്കി പോസിറ്റീവ് വശം മാത്രം കാണുകയെന്ന ലളിതമായ പാഠമാണ് നല്കുന്നത്. വിശക്കുമ്പോള്‍ കളള്ഷാപ്പില്‍ മൂക്ക്മുട്ടേ കപ്പയും മീനും കഴിക്കാനും നിരത്തിന് നടുവില്‍ നിന്ന് ഏത് വണ്ടിയ്ക്കും കൈകാണിക്കുവാനും ഒരു പെണ്‍കുട്ടിയ്ക്ക് പോലും സ്വാതന്ത്രം നല്കുന്നത് ഹര്‍ത്താലല്ലാതെ മറ്റേത് ദിനമാണ്. അലമ്പന്‍ ഫ്രീക്കുകളെ പോലും ഒരു നിമിഷം വിശ്വസിക്കുവാന്‍ അവസരം ഉണ്ടാകുന്ന മറ്റേത് ദിവസമാണ്..
 ഹരികൃഷ്ണന്റെ പെരുമാറ്റരീതികളാണ് സിനിമയില്‍ കൗതുകം ഉണര്‍ത്തുന്നത്. അയാളുടെ ചലനങ്ങള്‍ക്ക് പോലും നിയതമായ ഒരു ആകൃതി ഉണ്ട്. താന്‍ മറ്റുളളവരില്‍ നിന്ന് തികച്ചും വ്യത്യസ്തനാണെന്ന് സ്വയം വിലയിരുത്തുന്ന ഒരാളാണ് അയാള്‍. മനസില്‍ എവിടെയോ ഊറി തുടങ്ങുവാന്‍ വെമ്പിനില്ക്കുന്ന ഒരു ഉറവ അയാള്‍ കാത്ത് സൂക്ഷിക്കുന്നുണ്ട്. കളഞ്ഞ് കിട്ടിയ ഫോണില്‍ നിന്നും അറിഞ്ഞ ശുഭകരമല്ലാത്ത സന്ദേശത്തിന് പിന്നാലെ നീങ്ങുവാന്‍ അയാളേ പ്രേരിപ്പിക്കുന്നത് ഒരു പക്ഷേ വെളിപ്പെടുത്തുവാനാവാത്ത ആ വികാരം തന്നെയാവണം. യാതൊരു ബന്ധവുമില്ലാത്ത വഴിയില്‍ കണ്ടുമുട്ടുന്ന സംസാരിക്കുക പോലും ചെയ്യാത്ത ഒരാളുടെ പിന്നാലെ പോകുവാന്‍ മാത്രം വിഡ്ഢിയാണോ അയാള്‍ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല. ഒരിക്കലും ജീവിതത്തെ അനുഭവിക്കാത്ത ഒരാള്‍ നിമിഷങ്ങളുടെ മാത്രം ഇടയില്‍ ഉളള പ്രതികരണമായിരിക്കാം അത്. സന്തോഷമോ സങ്കടമോ എങ്ങനെ പങ്ക് വയ്കണമെന്ന് അറിയാത്ത ഒരുവന്റെ വിഭ്രമം.ഹര്‍ത്താല്‍ ഹരിയുടെ ജീവിതം മാറ്റിയെഴുതുകയാണ്.
 
 മലയാളത്തില്‍ പുതുമുഖനടന്‍മാരില്‍ മറ്റാര്‍ക്കെങ്കിലും ഹരികൃഷ്ണനാവാന്‍ കഴിയുമായിരുന്നോ എന്ന് ചോദിച്ചാല്‍ ചില്ലപ്പോള്‍ സാധിച്ചേക്കുമെന്നായിരിക്കും മറുപടി. പക്ഷേ ഇത്ര നന്നായി ചെയ്യുവാന്‍ കഴിയുമോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. ആകാരപ്രകൃതത്തേക്കാള്‍ ഫഹദിന്റെ ശൈലിയാണ് ഹരികൃഷ്ണനെ വ്യത്യസ്തനാക്കുന്നത്. അയഞ്ഞതും നിര്‍വികാരവുമായ നടത്തം, സമൂഹത്തേക്കുറിച്ച് യാതൊരു കരുതലുമില്ലാത്ത പെരുമാറ്റം, നോട്ടത്തില്‍ പോലും വ്യക്തമാകുന്ന അപകര്‍ഷത മനോഭാവം,അതില്‍ നിന്ന് മുഖത്ത് ഉളവാകുന്ന ധാര്‍ഷ്യട്യവും പുശ്ചവും ഇതെല്ലാം ഫഹദിന്റെ വിജയമാകുന്നു.
 
 അവസാന നിമിഷങ്ങളില്‍ നെടുമുടി വേണുവിന്റെ പ്രകടനം വേറിട്ട് നില്ക്കുന്നു. ചമയങ്ങളുടെ അമിതഭാരമൊന്നും ഇല്ലാതെ സ്വാതി റെഡ്ഡി നാരായണിയെ മികച്ചതാക്കി. അവസാനനിമിഷത്തില്‍ നാരായണിയുടെ മുഖം യഥാര്‍ത്ഥത്തില്‍ ഒരു ഹര്‍ത്താല്‍ ദുരിതം മറികടന്നെത്തുന്ന പെണ്‍കുട്ടിയുടെ ഭാവവുമായി താദാത്മ്യം പ്രാപിക്കുന്നതായി അനുഭവപ്പെടുന്നു. ഇവര്‍ക്ക് പിന്നില്ലല്ലതെ സ്ഥാനമുളള ഒരു നാടന്‍ കൂടിയുണ്ട്. ഹര്‍ത്താല്‍ ദിവസം എത്തി പാതിവഴിയില്‍ കുടുങ്ങുന്ന ഗള്‍ഫുകാരനായി വരുന്ന ചെമ്പാന്‍ വിനോദിന്റെ പ്രകടനം മാറ്റിനിര്‍ത്താനാകില്ല.

Search site