ആലപ്പുഴയില്‍ ഇന്ന് ഹരിത സാഗരം തീര്‍ക്കും

മുസ്‌ലിം രാഷ്ട്രീയത്തിന്റെ അമരക്കാരന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന മുസ്‌ലിംലീഗ് ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ ഇന്ന് ആലപ്പുഴയില്‍ നടക്കും. 
രാവിലെ 10ന് റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തിനായി ആലപ്പുഴ നഗരം ഒരുങ്ങിക്കഴിഞ്ഞു. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. എ മജീദ്, സെക്രട്ടറിമാരായ എം. സി മായിന്‍ഹാജി, പി. വി അബ്ദുല്‍ വഹാബ്, മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞ്, അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി എംഎല്‍എ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. 
രാജ്യത്തിന്റെ മതേതരത്വത്തിന് കളങ്കമാവുന്ന രീതിയില്‍ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയാക്കാനുള്ള ബിജെപി നീക്കത്തിനെതിരെ ജനാധിപത്യ ശക്തികളുടെ വിജയം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മുസ്‌ലിംലീഗ് പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനുകള്‍ വിളിച്ചു ചേര്‍ത്തിരിക്കുന്നത്. 
ആലപ്പുഴ ജില്ലയിലെ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കൊല്ലം ജില്ലയിലെ കരുന്നാഗപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ആലപ്പുഴ ലോക്‌സഭ പാര്‍ലമെന്റ് മണ്ഡലം. ഇവിടെ യുഡിഎഫിന് നിര്‍ണ്ണായക സ്വാധീനമാണുള്ളത്. കണ്‍വന്‍ഷന്‍ കഴിയുന്നതോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ കര്‍മ്മ രംഗത്തേക്ക് ഇറങ്ങും. 
സമ്മേളനത്തിനായി ആലപ്പുഴ നഗരം അണിഞ്ഞൊരുങ്ങി. നമ്മേളന പ്രചരണത്തിന്റെ ഭാഗമായുള്ള പ്രചാരണ ബോര്‍ഡുകളും കൂറ്റന്‍കമാനങ്ങളും നഗരത്തില്‍ നിരന്നു കഴിഞ്ഞു. 
സമ്മേളത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ വിവിധ മണ്ഡങ്ങളില്‍ പൂര്‍ത്തിയായി.

Search site