ആപ്പിള്‍ പറ്റിച്ചു; വിലകുറഞ്ഞ ഐ ഫോണ്‍ ഞെട്ടിച്ചു

പണക്കാര്‍ക്ക് ചിരിക്കാം... പാവങ്ങള്‍ക്ക് കരയാം... കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നത് വെറുതേയായി. എന്തൊക്കെയായിരുന്നു പുകിലുകള്‍? എന്തെല്ലാം സ്വപ്നങ്ങള്‍? പല നിറങ്ങളില്‍, സാധാരണക്കാര്‍ക്കും വാങ്ങാം, 10,000ല്‍ താഴെ വില..... ഒടുക്കം കസ്തൂരി മാമ്പഴം ഞെട്ടറ്റു വീണപ്പോള്‍ കാക്കയെ പറ്റിച്ച് കുറുക്കന്‍ തട്ടിയെടുത്തതുപോലെയായി. ആപ്പിള്‍ നുണപറഞ്ഞ് പറ്റിച്ചു എന്ന് ഒറ്റ വാചകത്തില്‍ ആശ്വസിക്കാം.
 
ഇന്ത്യയടക്കമുള്ള ദരിദ്രരാജ്യങ്ങളിലെ സാധാരണക്കാര്‍ക്ക് വാങ്ങാന്‍ പറ്റുന്ന വില കുറഞ്ഞ ഐഫോണ്‍ ആണ് കഥയിലെ നായകന്‍. ചൊവ്വാഴ്ച ആപ്പിള്‍ അവതരിപ്പിച്ച ‘ഐഫോണ്‍ 5 സി’ എന്ന വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണിന് അമേരിക്കയില്‍ മാത്രമാണ് വില കുറവ്. അതും മൊബൈല്‍ സേവനദാതാക്കളുമായുള്ള രണ്ടുവര്‍ഷ കരാറില്‍ വാങ്ങുമ്പോള്‍ മാത്രം. അതും 16 ജി.ബി മോഡലിന് 99 ഡോളര്‍ (6500 രൂപയോളം), 32 ജി.ബി മോഡലിന് 199 ഡോളര്‍ (13,000 രൂപയോളം) വില നല്‍കണം. ഏത് സിമ്മും ഇടാവുന്ന അണ്‍ലോക്ക് ചെയ്ത 16 ജി.ബി ഫോണിന് 549 ഡോളര്‍ (ഏകദേശം 35, 000 രൂപ) വിലയാകും. 32 ജി.ബിക്ക് 649 ഡോളര്‍ (43,000 രൂപയോളം) വരും. ഇന്ത്യയില്‍ നികുതികളും മറ്റ് ചെലവുകളും അടക്കം തുക ഇനിയും കൂടും. ജര്‍മനിയില്‍ 50,500 രൂപയും ഹോങ്കോങ്ങില്‍ 38,500 രൂപയും ചൈനയില്‍ 46,500 രൂപയും ഇംഗ്ളണ്ടില്‍ 47,000 രൂപയുമാകും. അമേരിക്കക്കാരന് മാത്രമാണ് വില കുറവെന്ന് സാരം. സാംസങ് അടക്കമുള്ള കമ്പനികളുടെ വെല്ലുവിളി നേരിടാനാണ് ആപ്പിള്‍ വില കുറഞ്ഞ ഫോണ്‍ ഇറക്കാന്‍ തീരുമാനിച്ചത്. 5000 രൂപ മുതല്‍ വിലയുള്ള സ്മാര്‍ട്ട്ഫോണുകള്‍ സാംസങ്ങിന്‍െറ കൈയില്‍ ഭദ്രമാണ്. എന്നാല്‍ ആപ്പിള്‍ ഐഫോണ്‍ വാങ്ങാന്‍ 45,000 രൂപ നല്‍കേണ്ട സ്ഥിതിയാണ്. കാശുള്ളവനേ ഈ അമേരിക്കക്കാരന്‍െറ പത്രാസ് അലങ്കാരമാകൂ. ഈയൊരു ആഡ്യത്വം ഇത്തവണയും കളഞ്ഞുകുളിക്കാന്‍ ആപ്പിള്‍ തയാറായില്ല. പണക്കാര്‍ക്ക് വീണ്ടും വീണ്ടും സന്തോഷിക്കാം.
 
മെമ്മറി കാര്‍ഡ് ഇടാന്‍ സാധിക്കില്ളെന്ന പോരായ്മ ഇത്തവണയും നിലനിര്‍ത്താന്‍ ആപ്പിള്‍ ആവതു ശ്രമിച്ചിട്ടുണ്ട്. നീല, പച്ച, പിങ്ക്, മഞ്ഞ, വെള്ള തുടങ്ങിയ നിറങ്ങളിലാണ് ഫൈവ് സി കൈകളിലത്തെുക. അതായത് ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് നിറങ്ങള്‍ തെരഞ്ഞെടുക്കാമെന്ന് സാരം. ഏറ്റവും പുതിയ ഓപറേറ്റിങ് സിസ്റ്റമായ ഐ.ഒ.എസ് 7 ആണ് ഫൈ വ് സിക്ക് ശക്തിപകരുന്നത്. ഐഫോണ്‍ 5ല്‍ കണ്ട 1136X640 പിക്സല്‍ നാല് ഇഞ്ച് റെറ്റിന ഡിസ്പ്ളേയാണ് ഇതിനും. ഒരു ഇഞ്ചില്‍ 326 പിക്സലാണ് വ്യക്തത. ഡിസ്പ്ളേ വിരലടയാളം പതിയാത്ത കോട്ടിങ്ങുള്ളതാണ്. മൈക്രോ സിമ്മിന് പകരം നാനോ സിമ്മാണ് ഇതിന് ചേരുക. കൂടാതെ ലൈറ്റ്നിങ് കണക്ടറാണ് പോര്‍ട്ടില്‍ കുത്തുക. സ്റ്റീല്‍ ഫ്രെയിമിനെ ചുറ്റി പ്ള്ളാസ്റ്റിക് (പോളി കാര്‍ബണേറ്റ്) ബോഡിയാണ്.
 
കരുത്തേകാന്‍ എ6 ചിപ്, എല്‍ഇഡി ഫ്ളാഷുള്ള കൂടുതല്‍ മിഴിവുള്ള ഫേസ് ടൈം എച്ച്.ഡി 1.2 മെഗാപിക്സല്‍ മുന്‍ കാമറ, എട്ട് മെഗാപിക്സല്‍ ഐ സൈറ്റ് പിന്‍ കാമറ, 13 ലോങ് ടേം ഇവലൂഷന്‍ (എല്‍ടിഇ) ബാന്‍ഡുകളുടെ പിന്തുണ, പിന്‍വശത്ത് ഇലൂമിനേഷന്‍, ഏറെ വ്യക്തതയുള്ള ഫേസ് ടൈം ഓഡിയോ, വൈ ഫൈ, ബ്ളൂടൂത്ത് 4.0, ജി.പി.എസ്, ത്രീജിയില്‍ 10 മണിക്കൂര്‍ സംസാരസമയവും വീഡിയോ പ്ളേബാക്കും 40 മണിക്കൂര്‍ ഓഡിയോ പ്ളേബാക്കും നല്‍കുന്ന ബാറ്ററി, 132 ഗ്രാം ഭാരം, ശബ്ദം ഉപയോഗിച്ച് മെസേജ് അയക്കാവുന്ന സിരി, എന്നിവയാണ് സവിശേഷതകള്‍. 16 ജി.ബി, 32 ജി.ബി വേര്‍ഷനുകളില്‍ ലഭിക്കും. സെപ്റ്റംബര്‍ 13ന് മുന്‍കൂര്‍ ബുക്കിങ് ആരംഭിക്കും. 20ന് അമേരിക്ക, ആസ്ട്രേലിയ, കാനഡ, ചൈന തുടങ്ങിയ വിപണികളില്‍ എത്തും. ഈവര്‍ഷം അവസാനത്തോടെ 200ഓളം രാജ്യങ്ങളില്‍ വില്‍പനക്കത്തെുമെന്നാണ് ആപ്പിള്‍ പറയുന്നത്.

Search site