ആനവണ്ടിയ്ക്ക് അവസാന ശ്വാസം

കുട്ടിക്കാലത്ത് അച്ഛനൊപ്പം കെഎസ്ആര്‍ടിസി ബസ്സില്‍ കയറി യാത്ര ചെയ്ത ഓര്‍മ്മ ഒരു വോള്‍വൊ ബസ്സിനകത്തെ കുളിര്‍മ്മപോലെ ഇപ്പോഴും മനസിലുണ്ട്. ആടിയുലഞ്ഞ് പരുക്കന്‍ ശബ്ദത്തില്‍ ഓടിയിരുന്ന ആ ലെയ്‌ലാന്‍ഡ് ബസ്സിലെ യാത്ര മധുവിധുരാവു പോലെ മനസ്സില്‍ സൂക്ഷിച്ചുവച്ചിരിയ്ക്കുന്നു. അതിനുശേഷം നാഷണല്‍ ഹൈവേയിലൂടെ കണ്ണൂര്‍ എക്‌സ്പ്രസ് ഹരിതവര്‍ണ്ണം പുതച്ച് മിന്നല്‍ വേഗത്തില്‍ പാഞ്ഞുപോകുന്നത് എത്രയോവട്ടം കൊതിയോടെ നോക്കിനിന്നിട്ടുണ്ട്. അതൊക്കെയൊരു സുവര്‍ണ്ണകാലം. പോകെപ്പോകെ ബസ്സുകളുടെ എണ്ണം കൂടിക്കൂടി വന്നു. കിതച്ചോടുന്ന ഓര്‍ഡിനറിയും കുതിച്ചുപായുന്ന ഫാസ്റ്റ് പാസഞ്ചറും മിന്നല്‍ പിണറായി സൂപ്പര്‍ഫാസ്റ്റും കളമടക്കിവാണു. ബസ്സുകളുടെ എണ്ണം കൂടുന്നതനുസരിച്ച് യൂണിയനുകളും പെരുകിക്കൊണ്ടിരുന്നു.
ആ ഒരു സമയത്താണ് കെ എസ് ആര്‍ ടി സി തൊഴിലാളികള്‍ പൊതുജനത്തില്‍ നിന്ന് മേല്‍ക്കോയ്മയില്‍ തീര്‍ത്ത ഒരു അകലം പാലിച്ചു തുടങ്ങിയത്. കാലിയായ ബസ്സാണെങ്കില്‍ പോലും സ്‌റ്റോപ്പുകളില്‍ നിര്‍ത്താതെയും അഥവാ നിര്‍ത്തിയാല്‍ നൂറു മീറ്റര്‍ മുന്നോട്ടൊ പിന്നോട്ടൊ മാറ്റിനിര്‍ത്തിയും അവര്‍ യാത്രക്കാരുടെ ക്ഷമയെ പരീക്ഷിച്ചു കൊണ്ടിരുന്നു. ബസ് സ്റ്റാന്‍ഡുകളിലെ സമയവിവരപ്പട്ടികയുടെ മേല്‍ യൂണിയനുകളുടെ സമരവീര്യം പൊതിഞ്ഞ വാക്കുകള്‍ അടങ്ങിയ കടലാസുകള്‍ ഒട്ടിപ്പിടിച്ചു. ബസ്സ് ഒന്നിന് പത്തോ പതിനഞ്ചോ തൊഴിലാളികള്‍ എന്ന സ്ഥിതി വരെയെത്തി. ആളു കയറിയാലും ഇല്ലെങ്കിലും ഞങ്ങള്‍ക്ക് സര്‍ക്കാര്‍ ശമ്പളം തരുമല്ലോ എന്നുള്ള അഹങ്കാരത്തിന്റെ തലക്കനം ടോപ് ഗിയറിലേയ്ക്ക് നീങ്ങിയപ്പോള്‍ വരുമാനം റിവേഴ്‌സ് ഗിയറിലേയ്ക്ക് പോകുന്നതും അടിത്തറയ്ക്ക് വിള്ളലുണ്ടാവുന്നതും ഇക്കൂട്ടരറിഞ്ഞതേയില്ല.
ക്ലീനിംഗ് സ്റ്റാഫുണ്ടായിട്ടും ഓരോ ബസ്സിലും ഇരിയ്ക്കാനറയ്ക്കുംവിധം അഴുക്കുപുരണ്ട് ദുര്‍ഗ്ഗന്ധപൂരിതമായി. അലസമായ, അശ്രദ്ധമായ െ്രെഡവിംഗിലൂടെ പുതിയ വാഹനങ്ങള്‍ പോലും താമസംവിനാ കേടാവാനും തുടങ്ങി. ഏതഹങ്കാരത്തിനും അവസാനമൊരു തീര്‍പ്പുണ്ടെന്നത് ദൈവനീതി. അതുതന്നെ ഇവിടെയും സംഭവിച്ചുകൊണ്ടിരിയ്ക്കുന്നു. കെടുകാര്യസ്ഥതയും അഴിമതിയും ഉപേക്ഷയും മൂലം, അര നൂറ്റാണ്ടോളം കേരളമാകെ തലയെടുപ്പോടെ ഓടിയിരുന്ന ആനവണ്ടി അത്യാഹിതമുറിയില്‍ ഓക്‌സിജന്‍ വലിച്ച് കിടപ്പാണിപ്പോള്‍. ഇന്ധനം കടം കൊടുത്ത് എണ്ണക്കമ്പനിക്കാര്‍ മടുത്തു. ഈ ഒരു ബാധ്യത ഏറ്റെടുക്കാനുള്ള കെല്‍പ്പ് സര്‍ക്കാരിനുമില്ല. 40,000 വരുന്ന തൊഴിലാളികളെയും 30,000 പെന്‍ഷന്‍ കാരെയും തീറ്റിപ്പോറ്റുന്നതിന് മതിയായ ശമ്പളം പോലും തികച്ചെടുക്കാനില്ലാതെ കട്ടപ്പുറത്തിരിയ്ക്കുന്ന ഈ മഹാബാധ്യത അകാലചരമം അടയുന്നതും കാത്തിരിയ്ക്കുന്ന സ്വകാര്യ ബസ് മുതലാളിമാര്‍ റീത്തുകള്‍ വാങ്ങിത്തുടങ്ങിയെന്ന് പിന്നാമ്പുറ സംസാരം.

Search site