ആദ്യസംഘം മലയാളി ഹജ്ജാജിമാര്‍ മക്കയിലെത്തി

കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിര്‍വഹിക്കുന്നവരിലെ ആദ്യ മലയാളിസംഘം ബുധനാഴ്ച മക്കയിലെത്തി. ഉച്ചയ്ക്കും രാത്രിയുമായി രണ്ട് വിമാനങ്ങളിലെത്തിയ അറന്നൂറ് പേരടങ്ങുന്ന സംഘത്തിന് ജിദ്ദ വിമാനത്താവളത്തിലും മക്കയിലെ താമസസ്ഥലത്തും പ്രവാസി സന്നദ്ധ സംഘടനകള്‍ ഊഷ്മളമായ വരവേല്പ് നല്കി. സൗദി എയര്‍ലൈന്‍സിന്റെ വിമാനം പ്രാദേശികസമയം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനലില്‍ ഇറങ്ങിയത്. 146 പുരുഷന്മാരും 154 സ്ത്രീകളുമാണ് സംഘത്തിലുള്ളത്.
വിമാനത്താവളത്തിലെ നടപടിനക്രമങ്ങള്‍ക്കുശേഷം മുതവ്വഫ് ഏര്‍പ്പെടുത്തിയ ഏഴ് ലക്ഷ്വറി ബസ്സുകളില്‍ ഇവര്‍ മക്കയിലേക്ക് തിരിച്ചു. മക്കയിലെ അസീസിയയില്‍ ഏര്‍പ്പെടുത്തിയ താമസസ്ഥലത്ത് സംഘം വൈകിട്ട് ആറ്മണിയോടെ എത്തിച്ചേര്‍ന്നു. സംസ്ഥാന ഹജ്ജ് വളണ്ടിയര്‍ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് താഹിറും സംഘത്തില്‍ ഉള്‍പ്പെടുന്നു. മക്കയിലെ താമസസ്ഥലത്ത് മക്ക ഹജ്ജ് വെല്‍ഫെയര്‍ ഫോറം സന്നദ്ധപ്രവര്‍ത്തകര്‍ ഹാജിമാരെ എതിരേറ്റു.
കൊണ്ടോട്ടി: പരിശുദ്ധ ഹജ്ജിന്റെ പുണ്യംതേടി കേരളത്തില്‍നിന്നുള്ള തീര്‍ഥാടകരുടെ യാത്ര തുടങ്ങി. സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേനയുള്ള 300 പേരടങ്ങിയ ആദ്യസംഘം ബുധനാഴ്ച 9.05നാണ് കോഴിക്കോട് വിമാനത്താവളത്തില്‍നിന്നും പുറപ്പെട്ടത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ഫ്ലാഗ്ഓഫ് ചെയ്തു. ആദ്യദിനം രണ്ട് വിമാനങ്ങളിലായി 600 തീര്‍ഥാടകര്‍ യാത്രയായി.
സംസ്ഥാന ഹജ്ജ്ക്യാമ്പ് രാവിലെ ആറിന് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

Search site