അവകാശവാദത്തിന്റെ കോണി ലീഗ് മൂന്നാം സീറ്റിലേക്ക് ചാരുന്നു

രാഷ്ട്രീയശക്തിയുടെ കണക്കുപറഞ്ഞ് യു.ഡി.എഫില്‍ രൂപംകൊണ്ട പുതിയ തര്‍ക്കം കൂടുതല്‍ സീറ്റ് ലക്ഷ്യമാക്കിയുള്ള മുസ്‌ലിംലീഗിന്റെ തന്ത്രമാണെന്ന് വിലയിരുത്തപ്പെടുന്നു. ഏകദേശം ആറുമാസം മുമ്പെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നടത്തിയും അസ്ഥിവാരത്തിന് ബലംകൂട്ടിയും ലീഗ് നടത്തുന്ന മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ലീഗിന്റെ വലിയ ലക്ഷ്യത്തിന്റെ സൂചനയായാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്. ലീഗിനുള്ളില്‍ മിതവാദികളുടെമേല്‍ തീവ്രവാദ നിലപാടുകാര്‍ കുറച്ചുനാളായി നേടുന്ന മേല്‍കൈയും അവകാശവാദങ്ങള്‍ക്ക് കോണിചാരുന്നുണ്ട്. 
രണ്ടു മണ്ഡലങ്ങളിലാണ് ലീഗ് വര്‍ഷങ്ങളായി മത്സരിച്ചുവരുന്നത്. ഇപ്രാവശ്യം ഒരു സീറ്റുകൂടി ലീഗ് ലക്ഷ്യംവെയ്ക്കുന്നു. വയനാട് മണ്ഡലത്തിലാണ് ലീഗിന്റെ കണ്ണ്. കിട്ടിയില്ലെങ്കില്‍ കണ്ണൂരോ, വടകരയോ ആണെങ്കിലും മതിയെന്നുണ്ട്. 
 വയനാടാണ് യു.ഡി.എഫിന്റെ ഏറ്റവും സുരക്ഷിതമണ്ഡലങ്ങളിലൊന്ന് എന്നതിനാല്‍ അത് കോണ്‍ഗ്രസ് വിട്ടുനല്‍കുമെന്ന് ലീഗ് കരുതുന്നില്ല. കണ്ണൂരിലും വടകരയിലും കോണ്‍ഗ്രസാണ് ജയിച്ചതെങ്കിലും പാറിയത് ലീഗിന്റെ പതാകയാണെന്ന് കുഞ്ഞാലിക്കുട്ടിയുടെയും മറ്റും പ്രസ്താവന ഈ മണ്ഡലങ്ങളിലുള്ള താത്പര്യത്തെയാണ് കാണിക്കുന്നത്. 
ഈ മണ്ഡലങ്ങളൊക്കെ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായതിനാല്‍ വിട്ടുകിട്ടുക ബുദ്ധിമുട്ടാകാം. മൂന്നാം സീറ്റ് തര്‍ക്കത്തിലേക്ക് കൊണ്ടുവന്നാല്‍ ഒത്തുതീര്‍പ്പായി കാസര്‍കോട് സീറ്റെന്ന നിര്‍ദേശം ഉയര്‍ന്നാലും ലീഗ് നേട്ടം കാണുന്നു. എന്നാല്‍ ലീഗിന്റെ അവകാശവാദങ്ങളെ കോണ്‍ഗ്രസ് നേതൃത്വം പാടേ നിരാകരിക്കുകയാണ്. ശക്തികേന്ദ്രങ്ങളെന്ന് ലീഗ് അവകാശപ്പെടുന്ന മണ്ഡലങ്ങളില്‍ അവരുടെ മുന്‍നിര നേതാക്കളായ കുഞ്ഞാലിക്കുട്ടിയും മുഹമ്മദ്ബഷീറും മുനീറും കെ.പി. എ. മജീദും വരെ തോറ്റത് കോണ്‍ഗ്രസ് എടുത്തുകാട്ടുന്നു. കുഞ്ഞാലിക്കുട്ടിയടക്കമുള്ള മന്ത്രിമാര്‍ക്കെതിരെ അന്ന് ഉയര്‍ന്ന ആരോപണങ്ങള്‍ ഐക്യമുന്നണിയെ ചെറുതായല്ല പ്രതിരോധത്തിലാക്കിയത്. 
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും ചര്‍ച്ചയാകുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ കേരളയാത്ര പാതിവഴി പിന്നിടും മുമ്പാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ സഹയാത്രികനായ റൗഫ് ആരോപണവുമായി രംഗത്തിറങ്ങിയത്. തിരഞ്ഞെടുപ്പിന്റെ വക്കിലായിട്ടും കോണ്‍ഗ്രസ് കുഞ്ഞാലിക്കുട്ടിയെ കൈവിട്ടില്ല. കുഞ്ഞാലിക്കുട്ടിയെ രണ്ടാംവട്ടവും ഒറ്റപ്പെടുത്തുന്നതിനെതിരെ സാമുദായിക വോട്ടുകള്‍ ഏകീകരിക്കുന്നതിന് കാരണമാവുകയും ലീഗിന് 20 സീറ്റ് നേടാന്‍ കഴിയുകയും ചെയ്തു. എന്നാല്‍ സംസ്ഥാനത്തിന്റെ മറ്റെല്ലാ ഭാഗത്തും യു.ഡി.എഫിന് എതിരായ വികാരമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത്. 
ലീഗിന്റെ സ്വരത്തില്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ കടുംപിടുത്തം ഉണ്ടാകുന്നതും ശ്രദ്ധേയമാണ്. അഞ്ചാംമന്ത്രി, എയ്ഡഡ് സ്‌കൂള്‍ വിവാദം, വിവാഹപ്രായം കുറയ്ക്കല്‍ എന്നിവയിലൊക്കെ ഇത് ദൃശ്യമായി. തീവ്രപക്ഷക്കാര്‍ ലീഗില്‍ പിടിമുറുക്കുന്നതിന്റെ സൂചനയാണിത്. സ്വാധീനം നിലനിര്‍ത്താനായി മുന്‍കാലങ്ങളില്‍ മൃദുസമീപനം പുലര്‍ത്തിയിരുന്നവര്‍ക്കും പുതിയ കുപ്പായം ധരിക്കേണ്ടിവരുന്നു. മുസ്‌ലിം വിഭാഗത്തില്‍ മറ്റ് തീവ്രഗ്രൂപ്പുകള്‍ക്ക് സ്വീകാര്യത വര്‍ദ്ധിക്കുന്നതും കടുത്ത നിലപാട് എടുക്കാന്‍ ലീഗിനെ പ്രേരിപ്പിക്കുന്നു. 
സമസ്ത കണ്ണുരുട്ടിയപ്പോള്‍ ലീഗിന് അവരുമായി സന്ധിചെയ്യേണ്ടിവന്നതും കാല്‍ച്ചുവട്ടിലെ മണ്ണൊലിപ്പ് തടയാന്‍ ആവശ്യമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. 
കോണ്‍ഗ്രസ് നേതാക്കള്‍ തിങ്കളാഴ്ചയും ലീഗിന് മറുപടി പറയുന്നത് തുടര്‍ന്നു. സീറ്റ് കൂടുതല്‍ വേണമെങ്കില്‍ അത് നേരെ ചോദിക്കണമെന്നും ഇതല്ല സീറ്റ് കൂടുതല്‍ കിട്ടാനുള്ള വഴിയെന്നുമായിരുന്നു ആര്യാടന്‍ മുഹമ്മദിന്റെ പ്രതികരണം. ലീഗിനെ കോണ്‍ഗ്രസും സഹായിച്ചിട്ടുണ്ടെന്ന് കെ.മുരളീധരനും പറഞ്ഞു. 
 തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അന്തരീക്ഷം കൂടുതല്‍ മോശമാക്കേണ്ടെന്ന ചിന്തയിലാണ് കോണ്‍ഗ്രസ് നേതൃത്വം. സോണിയാഗാന്ധി കേരളത്തില്‍ എത്തുമ്പോള്‍ ലീഗ് നേതാക്കള്‍ അവരെ കാണും. സീറ്റടക്കമുള്ള കാര്യങ്ങള്‍ ഈ ചര്‍ച്ചകളില്‍ ഉന്നയിക്കപ്പെട്ടേക്കാം.

Search site