അല്ലാഹുവിന്റെ അനുഗ്രഹം

ഒരിക്കല്‍കൂടി അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടുകയായി. കൊടുങ്കാറ്റിലകപ്പെട്ട തോണിപോലെ വിശ്വാസികളുടെ ജീവിതം ആടിയുലയുമ്പോള്‍ അവന് വിശുദ്ധി നേടാനായി ഇതാ ഒരു പുണ്യമാസം, വിശുദ്ധ റമസാന്‍. 
 
ആത്മ സംസ്‌കരണത്തിന്റെ അസുലഭ നിമിഷങ്ങളായിട്ടാണ് വിശ്വാസികള്‍ അതിനെ കാണുന്നത്. പുണ്യങ്ങള്‍ക്ക് അളവറ്റ പ്രതിഫലം ലഭിക്കുന്ന വസന്തകാലമായിട്ടാണ് റമസാന്‍ വിശ്വാസികളിലേക്ക് കടന്നുവരുന്നത്. വിശുദ്ധ റമസാനെ നമ്മള്‍ നല്ല രീതിയില്‍ വരവേല്‍ക്കണം. എങ്കില്‍ പാപപങ്കിലമായ ഉള്‍തടത്തെ അല്ലാഹു ശുദ്ധമാക്കുന്നു.
 
നബി (സ) പറഞ്ഞിരിക്കുന്നു: ''അല്ലാഹുവിന്റെ അടിമകള്‍ പരിശുദ്ധ റമസാന്റെ മഹത്വം അറിയുകയാണെങ്കില്‍ വര്‍ഷം മുഴുവന്‍ റമസാന്‍ ആയിരുന്നെങ്കില്‍ എന്ന് അവര്‍ ആശിക്കുമായിരുന്നു.'' 
 
ഓരോ വിശ്വാസിയും ആഗ്രഹിക്കുന്നത് നരകത്തില്‍നിന്നുള്ള മോചനമാണ്. സ്വര്‍ഗ പ്രവേശനവുമാണ്. പാപം പൊറുക്കുക എന്നത് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണ്. ഇതിനുള്ള അവസരമായിട്ടാണ് പരിശുദ്ധ റമസാന്‍ നമ്മിലേക്ക് കടന്നുവരുന്നത്.
 
ഈ ഐഹിക ലോകത്തില്‍ വശീകരിക്കപ്പെടാത്തവര്‍ വളരെ വിരളമാണ്. നമ്മള്‍ നമ്മുടെ വസ്ത്രവും ശരീരവും ഭവനവുമെല്ലാം വളരെ ഭംഗിയോടെ സൂക്ഷിക്കുന്നു. എന്നാല്‍ തന്റെ ആത്മാവിനെ ആരും ഭംഗിയായി സൂക്ഷിക്കുന്നില്ല. നമ്മുടെ ഹൃദയത്തിന് തുരുമ്പ് പിടിക്കുന്നതുപോലെ ഹൃദയം തുരുമ്പുപിടിക്കുമെന്ന് നബി (സ) പറഞ്ഞിരിക്കുന്നു. 
 
ഹൃദയത്തിന്റെ തുരുമ്പ് മാറ്റാനുള്ള പ്രതിവിധിയായി നബി (സ) പറഞ്ഞത് ഖുര്‍ആന്‍ പാരായണം അധികരിപ്പിക്കലാണ്. ഈ റമസാന്റെ ദിനരാത്രങ്ങളെ ഖുര്‍ആന്‍ പാരായണംകൊണ്ട് ധന്യമാക്കി ഹൃദയത്തിന്റെ തുരുമ്പ് നീക്കാന്‍ നാമേവരും പരിശ്രമിക്കണം.
 
പലരും പല വീക്ഷണങ്ങളിലൂടെയാണ് റമസാനെ സമീപിക്കുന്നത്. സുഖങ്ങളും ആസ്വാദനങ്ങളും നിഷേധിക്കപ്പെട്ട ദിനങ്ങളാണ് ചിലര്‍ക്കത്. ഭക്ഷണ വിഭവങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന സുവര്‍ണ്ണ കാലഘട്ടമാണ് മറ്റു ചിലര്‍ക്ക്. എന്നാല്‍ നിരന്തര സന്ദര്‍ഭങ്ങളിലൂടെയും ജീവിതക്രമങ്ങളിലൂടെയും കളങ്കമേറ്റ ആത്മാവിനെ സംസ്‌കരിക്കുന്നതിനും തഖ്‌വ നിറഞ്ഞ ജീവിതം വരുംകാലങ്ങളില്‍ ചിട്ടപ്പെടുത്താനുമുള്ള അവസരമാണ് ഓരോ റമസാനും വിശ്വാസിക്ക് നല്‍കുന്നത്. 
 
നോമ്പ് എനിക്കുള്ളതാണ്. ഞാനാണതിന് പ്രതിഫലം നല്‍കുന്നത് എന്ന അല്ലാഹുവിന്റെ പ്രത്യേക പരാമര്‍ശം വ്രതാനുഷ്ഠാനത്തെ കൂടുതല്‍ വ്യതിരിക്തമാക്കുന്നു. അതുകൊണ്ടുതന്നെ റമസാനിന്റെ ആത്മാവായ നോമ്പ് പാപം പൊറുക്കപ്പെടുന്നതും സ്വര്‍ഗ പ്രവേശനം ലഭിക്കപ്പെടുന്നതുമാക്കാന്‍ നാമോരോരുത്തരും പരിശ്രമിക്കേണ്ടതുണ്ട്. നാഥന്‍ തുണക്കട്ടെ. ആമീന്‍.

Search site