അറഫയില്‍ ഹാജിമാര്‍ സംഗമിച്ചു

ഹജ്ജാജി ലക്ഷങ്ങള്‍ക്ക് സാഫല്യമേകി ഒരു അറഫാ ദിനം കൂടി. ഇരുപതു ലക്ഷത്തോളം ഹാജിമാര്‍ ആഗോള മുസ്‌ലിം സമൂഹത്തിന്റെ പ്രതിനിധികളായി തിങ്കളാഴ്ച അറഫയില്‍ സംബന്ധിച്ചു. കടലും ആകാശവും താണ്ടിയെത്തിയ അല്ലാഹുവിന്റെ അതിഥികള്‍ വിശുദ്ധ ഹജ്ജിന്റെ അനിവാര്യ കര്‍മമായ അറഫാ സംഗമം സാര്‍ഥകമാക്കി. ഒരേ വേഷധാരികളായി, ഒരേ മന്ത്ര ധ്വനികള്‍ മുഴക്കി, ഒരേ ലക്ഷ്യം മനസ്സില്‍ക്കണ്ട്. 
 
സൂര്യന്‍ ഉദിക്കുന്നതില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായ ദിവസം എന്നും പിശാച് ഏറ്റവുമധികം നിരാശനാകുന്ന ദിവസം എന്നും പ്രവാചകന്‍ വിശേഷിപ്പിച്ച അറഫാ ദിനത്തില്‍ പരമകാരുണ്യവാനില്‍നിന്ന് ഹാജിമാര്‍ കരഞ്ഞിരന്ന് പാപമുക്തി സ്വന്തമാക്കി. തുറന്ന മനസ്സില്‍നിന്ന് തെളിഞ്ഞൊഴുകിയ സ്‌തോത്രകീര്‍ത്തനങ്ങളും മന്ത്രധ്വനികളും വിശിഷ്ട ദിനത്തിന്റെ മായാത്ത അടയാളങ്ങളായി.
 
തിങ്കളാഴ്ച പ്രഭാതം മുതല്‍ മിനയില്‍ നിന്ന് പതിനഞ്ചു കിലോമീറ്റര്‍ അകലെയുള്ള അറഫായിലെക്കുള്ള വഴികള്‍ ശുഭ്ര വസ്ത്രധാരികളെക്കൊണ്ടു നിറഞ്ഞു. ഉച്ചതിരിയുന്നതുവരെ ഇത് തുടര്‍ന്നു. എണ്ണമറ്റ ദേശക്കാരും ഭാഷക്കാരും വര്‍ണക്കാരും ജീവിത ശീലക്കാരും ആണെങ്കിലും ഏക മനസ്‌കരായി, ഒരേ ലക്ഷ്യത്തോടെ, ഒരേ മന്ത്രം മുഴക്കിനീങ്ങി. കടുത്ത വെയിലിലും ചൂടിലും ആവേശം തളരാതെ അല്ലാഹുവിന്റെ അതിഥികള്‍ ഒരു പകല്‍ മുഴുവന്‍ പ്രാര്‍ഥനയില്‍ മുഴുകി. തണല്‍ മരങ്ങളും ജലധാരയും ചൂടിനു തെല്ലൊരു ആശ്വാസമായി. 
 
അറഫയില്‍വെച്ച് ളുഹര്‍ , അസര്‍ എന്നീ നിസ്‌കാരങ്ങള്‍ ഒരു ബാങ്കും രണ്ടു ഇക്ഹാമാതുകളും ആയിട്ട് ചുരുക്കിയുംചേര്‍ത്തുമാണ് ഹാജിമാര്‍ നിര്‍വഹിച്ചത്. ഇതിനായി ചരിത്രപ്രസിദ്ധമായ നമിറ പള്ളിയിലാണ് ലക്ഷങ്ങള്‍ സംഗമിച്ചത്. അന്ത്യപ്രവാചകന്റെ ഹജ്ജ് വേളയിലെ ആവേശം വിതറുന്ന പ്രഭാഷണം ഈ പള്ളിയില്‍ വെച്ചായിരുന്നു. അറഫയിലെ മറ്റൊരു ആകര്‍ഷണ കേന്ദ്രമായ 'കാരുണ്യ ശിഖിരം' എന്ന ജബല്‍ റഹ്മ കുന്നില്‍ സമയം കഴിച്ചു കൂട്ടാനായിരുന്നു പലരുടെയും തിടുക്കം. സൂര്യന്‍ അസ്തമിച്ചപ്പോള്‍ ഹാജിമാര്‍ അറഫാ മൈതാനിയെ പിന്നിലാക്കി മുത്തലിഫയിലേക്ക് നീങ്ങി. കേരളത്തില്‍നിന്നെത്തിയ പ്രമുഖരില്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, എം.എല്‍.എ. മാരായ എം. സി. മായിന്‍ ഹാജി, പി.കെ. ബഷീര്‍, സുന്നി നേതാവ് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ എന്നിവരും ഉള്‍പ്പെടുന്നു. ഇത്തവണ കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന 8445 ഹാജിമാരാണ് കരിപ്പൂരില്‍ നിന്ന് എത്തിയത്.

Search site