അമേരിക്കയിലെത്തിയ മന്‍‌മോഹന്‍സിങിന് യു‌എസ് കോടതിയുടെ സമന്‍സ്

നാല് ദിവസത്തെ സന്ദര്‍ശനത്തിന് അമേരിക്കയിലെത്തിയ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങിന് യു‌എസ് കോടതിയുടെ സമന്‍സ്. സിഖ് കലാപങ്ങളുടെ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിച്ചുവെന്ന യു‌എസിലെ സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന നല്‍കിയ പരാതി പ്രകാരമാണ് മന്‍‌മോഹന്‍ സിങിന് സമന്‍സ് അയച്ചിരിക്കുന്നത്. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് മന്‍‌മോഹന്‍ സിങ് കൂട്ടുനിന്നുവെന്നാണ് ഇവരുടെ മുഖ്യ പരാതി.
 
അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുമായി നയതന്ത്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എത്തിയ മന്മോഹന്‍ സിങിനെതിരെ സിഖ് ഫോര്‍ ജസ്റ്റിസ് സംഘടന സമന്‍സ് തരപ്പെടുത്തിയെങ്കിലും കനത്ത സുരക്ഷ കാരണം ഇത് മന്‍‌മോഹന്‍ സിങിന് ലഭിക്കില്ലെന്ന സൂചനയും അമേരിക്കന്‍ വൃത്തങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇത് പബ്ലിസിറ്റിയ്ക്കായുള്ള പണികളാണെന്ന് കാണിച്ച്, ഈ കേസില്‍ ആരോപിതനായ രവി ബദ്രാ പരാതി നല്‍കിയിട്ടുണ്ട്.
 
നേരത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി ചികിത്സാ ആവശ്യത്തിനായി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ഇതേ സംഭവത്തിന് ഈ സംഘടന തന്നെ സമന്‍സ നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാനായിരുന്നു സമന്‍സ് എന്നാല്‍ ഇതൊന്നും അറിഞ്ഞ ഭാവം പോലും കാണിക്കാതെ സോണിയ മടങ്ങിയിരുന്നു. എന്നാല്‍ മറ്റൊരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ നല്‍കിയ സമന്‍സ് വിവാദമാകുമെന്ന ആശങ്കയിലാണ് യു‌എസ് ഭരണക്കൂടം.

Search site