അഫ്‌സലിന്റെ മൊബൈല്‍ക്കട

കോഴിക്കോട് നഗരത്തില്‍ നിന്നും എട്ടു കിലോമീറ്റര്‍ ദൂരെ വേങ്ങേരിയില്‍ കൃഷിവകുപ്പിന്റെ കീഴിലുള്ള പച്ചക്കറി മാര്‍ക്കറ്റ്. ബേപ്പൂര്‍ ബസാറിന്റെ ഒരു ഭാഗം ഇവിടേക്ക് പറിച്ചു നട്ടിരിക്കുകയാണ്. ബസ് സ്റ്റോപ്പ്, സമീപം പെട്ടിക്കട, ഓട്ടോ സ്റ്റാന്റ്. റോഡിന്റെ എതിര്‍വശത്ത് റെഡിമെയ്ഡ് ഷോപ്പ്, മൊബൈല്‍ ഷോപ്പ്, ട്രാവല്‍ ഏജന്‍സി, കോഫീ ഷോപ്പ്, പോസ്‌റ്റോഫീസ് തുടങ്ങിയവ. 
 മൊബൈല്‍ക്കടയുടെ പേര് 'സലാല മൊബൈല്‍സ്' എന്നാണ്. ഈ പേരില്‍ നവാഗതനായ ശരത് എ. ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയാണ് വേങ്ങേരിയില്‍ സെറ്റൊരുക്കിയിട്ടുള്ളത്. 
 
 അഫ്‌സല്‍ എന്ന ചെറുപ്പക്കാരന്റേതാണ് 'സലാല മൊബൈല്‍സ്' എന്ന മൊബൈല്‍ക്കട. ഒമാനിലെ സലാലയില്‍ ജോലിചെയ്യുന്ന അമ്മാവന്‍ അയച്ചു കൊടുത്ത പണം കൊണ്ടാണ് അഫ്‌സല്‍ ഈ കട തുടങ്ങിയത്. തികച്ചും സാധാരണക്കാരനായ ഒരു നാടന്‍ യുവാവാണ് അഫ്‌സല്‍. സമ്പന്ന കുടുംബത്തിലെ ഷഹാനയെ അവന്‍ പരിചയപ്പെടുന്നു. ആ പരിചയം പ്രണയമായി വളരുന്നു.
 
 ലളിതമായ ഒരു പ്രണയകഥ പുതുമയാര്‍ന്ന രീതിയില്‍ ആവിഷ്‌കരിക്കുകയാണ് 'സലാല മൊബൈല്‍സ്'. ദുല്‍ഖര്‍ സല്‍മാനാണ് അഫ്‌സലിനെ അവതരിപ്പിക്കുന്നത്. ഷഹാനയാവുന്നത് നസ്രിയയും. 'എ.ബി.സി.ഡി.'യിലെ ഹിറ്റ് ജോഡികളായ ദുല്‍ഖറും ഗ്രിഗറിയും ഈ ചിത്രത്തില്‍ വീണ്ടും ഒന്നിക്കുന്നു. അഫ്‌സലിന്റെ സുഹൃത്തും സഹായിയുമായ ബിനോയ് ആയാണ് ഗ്രിഗറി വേഷമിടുന്നത്. 
 
 ദുല്‍ഖര്‍, ഗ്രിഗറി, നസ്രിയ എന്നിവരുള്ള രംഗത്തിന്റെ ചിത്രീകരണമാണ് നടക്കുന്നത്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശരത്, നവാഗതന്റെ പതറിച്ചയോ, സന്ദേഹങ്ങളോ ഇല്ലാതെ വളരെ വേഗത്തില്‍ കാര്യങ്ങള്‍ മുന്നോട്ടു നീക്കുകയാണ്. സതീഷ് കുറുപ്പാണ് ക്യാമറ. 24-ാം തിയ്യതി കഴിഞ്ഞാല്‍ പിന്നെ 40 ദിവസം നസ്രിയയ്ക്ക് തമിഴ് സിനിമയുടെ വര്‍ക്കാണ്. അതുകൊണ്ട് അവരുടെ ഭാഗങ്ങള്‍ പെട്ടെന്നു തീര്‍ക്കേണ്ടതുമുണ്ട്. 
 
 'പളുങ്കില്‍ ഞങ്ങളുടെ വിരലില്‍ തൂങ്ങി നടന്ന കുട്ടിയാണ് നസ്രിയ', ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റോ ജോസഫ് പറഞ്ഞു. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ ഒരുങ്ങുന്ന 'സലാല മൊബൈല്‍സി'ന്റെ രചന സംവിധാകയന്റേതു തന്നെയാണ്. സിയാന്‍ ശ്രീകാന്താണ് എഡിറ്റിങ്. കലാസംവിധാനം: മോഹന്‍ദാസ്, ഗാനങ്ങള്‍: ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ, ചമയം: രഞ്ജിത്ത് അമ്പാടി, കോസ്റ്റിയൂം: ഷീബാ റോഷന്‍, പ്രൊഡ. കണ്‍ട്രോളര്‍: സഞ്ജയ് പടിയൂര്‍, പ്രൊഡ. ഡിസൈനര്‍: അലക്‌സ് ഇ. കുര്യന്‍.

Search site