അദ്വാനിയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നു; ഇടഞ്ഞു തന്നെ

പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് എല്‍.കെ അദ്വാനിയുമായി അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. നരേന്ദ്രമോഡിയെ ബി.ജെ. പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ ഉറഞ്ഞുകൂടിയ സംഘര്‍ഷങ്ങളുടെ മഞ്ഞുരുക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം. പാര്‍ട്ടിയില്‍ ആരും അതൃപ്തരല്ലെന്ന് അദ്വാനിയെ കണ്ട ശേഷം സുഷമ സ്വരാജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 
 
മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ അദ്വാനി ഉയര്‍ത്തിയ കലാപക്കൊടിയുടെ തീയും പുകയും ഇപ്പോഴും അടങ്ങിയിട്ടില്ല. 
 
പാര്‍ട്ടിയുടെ സ്ഥാനമാനങ്ങള്‍ രാജിവെക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിഷേധ നടപടികള്‍ അദ്വാനിയുടെ ഭാഗത്തുനിന്നുണ്ടായിട്ടും മോഡിയെത്തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത് അസ്വസ്ഥതകള്‍ക്കിടയാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാവിനോട് പാര്‍ട്ടി നന്ദികേടാണു കാണിച്ചതെന്ന് ബി.ജെ.പിയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച പാര്‍ട്ടി പാര്‍ലമെന്ററി യോഗത്തില്‍ അദ്വാനി പങ്കെടുക്കാത്തതും വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. 
 
പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന്റെ പ്രവര്‍ത്തനരീതിയെ വിമര്‍ശിച്ച് അദ്വാനി എഴുതിയ കത്തും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ഈ സാഹചര്യത്തിലാണ് സുഷമ സ്വരാജ് അദ്വാനിയെ സന്ദര്‍ശിച്ച് ഒത്തുതീര്‍പ്പുകള്‍ക്ക് ശ്രമം നടത്തിയത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ണയിക്കപ്പെട്ട ശേഷം വെള്ളിയാഴ്ച തന്നെ നരേന്ദ്രമോഡി അദ്വാനിയെ കാണാനെത്തിയിരുന്നു. 
 
നരേന്ദ്രമോഡിയെ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉടന്‍ പ്രഖ്യാപിച്ചത് ശരിയായില്ലെന്നാണ് അദ്വാനി പക്ഷത്തിന്റെ അഭിപ്രായം. തീരുമാനം തിടുക്കത്തിലായിപ്പോയി എന്നും അസംബ്ലി തെരഞ്ഞെടുപ്പ് വരെ കാക്കണമായിരുന്നു എന്നും അദ്വാനി കുറ്റപ്പെടുത്തി. എന്നാല്‍ ഈ അഭിപ്രായങ്ങളെ മാനിക്കാതെയാണ് രാജ്‌നാഥ് സിംഗ് പക്ഷം മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. 
 
മുതിര്‍ന്ന നേതാക്കളായ മുരളി മനോഹര്‍ ജോഷി, സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവര്‍ പാര്‍ട്ടി തീരുമാനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചുവെങ്കിലും അദ്വാനിയോട് അനുകമ്പയുള്ളവരുടെ എണ്ണം കൂടി വരികയാണ്. ആരും അതൃപ്തരല്ലെന്ന് സുഷമ സ്വരാജ് പറയുമ്പോഴും ഈ ഉരുണ്ടുകൂടല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയുടെ പ്രകടനത്തെ ബാധിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

Search site