അകലങ്ങളിലെ താരാട്ട്

ഒരമ്മയുടെ നിസഹായതയാണ് പൊന്നോമനക്ക് ടെലഫോണിലൂടെ താരാട്ട് പാടുക. ഒരു പക്ഷേ, പ്രവാസി അമ്മമാര്‍ക്ക് മാത്രം വിധിക്കപ്പെട്ട ഒന്ന്. അല്ളെങ്കില്‍ കുരുന്നുകള്‍ ഒപ്പമില്ലാത്ത അമ്മയുടെ ഗതികേടാണ് അത്.
 ഗള്‍ഫ് പ്രവാസിയായ അമ്മ ചെറുമകന് സമ്മാനിക്കുന്ന അകലങ്ങളിലെ ഉറക്കുപാട്ടാവും മലയാളത്തിന്റെ പുതിയ, മികച്ച താരാട്ട് പാട്ട്. ‘വിസ്കി’ എന്ന പേരില്‍ ഗള്‍ഫ് മലയാളികള്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിമിലാണ് മനസിനെ ഉലക്കുന്ന താരാട്ടുള്ളത്. ഗള്‍ഫ് പ്രവാസം മലയാളിക്ക് സമ്മാനിക്കുന്ന സാംസ്കാരിക മുദ്രകളില്‍ ഒന്നാണ് ഈ ഷോര്‍ട്ട് ഫിലിമും അതിലെ താരാട്ട് പാട്ടും.
 ലൈറ്റ് ആന്‍ഡ് ലൈഫ് ക്രിയേഷന്‍സിന്റെ ബാനറില്‍, ദുബൈയിലെ പ്രവാസി കൂട്ടായ്മ ദുബൈ ഫിലിം ക്ളബ്ബിന്റെ സഹകരണത്തോടെ ഒരുക്കിയ ചലച്ചിത്ര സംരംഭമാണ് ‘വിസ്കി’.
 ദുബൈ പോലുള്ള സുഖലോലുപതയില്‍ മദ്യം ഒഴിച്ചുകൂടാനാവാത്ത അവസ്ഥയാണ്. പ്രത്യേകിച്ച് പ്രവാസികളുടെ ജീവിത സാഹചര്യങ്ങളില്‍. മദ്യത്തിലൂടെ ഒരു പ്രവസകുടുംബം ശിഥിലീകരിക്കപെടുന്ന അവസ്ഥ പ്രതിപാദിക്കുന്നതാണ് ‘വിസ്കി’.
 ബിനുഗോപിയും നവീന്‍ പി.എസുമാണ് ഷോര്‍ട്ട് ഫിലിമിന്‍െറ സംവിധായകര്‍. തിരക്കഥ ബിനു ഗോപിയുടേതും.
 
 ഇന്നത്തെ തലമുറയുടെ ജീവിതത്തില്‍ അമ്മിഞ്ഞ പാലില്‍നിന്ന് ആല്‍ക്കഹോളിസത്തിലേക്കുള്ള ദൂരപരിധി ചെറുതാണെന്ന് ബിനുഗോപി പറയുന്നു. കുടുംബസദസ്സുകളില്‍ പോലും ഒഴിച്ചുകൂടാനാവാത്തതായി മാറിയ മദ്യം പുതുതലമുറയെ എങ്ങനെ സ്വാധീനിക്കുമെന്ന അന്വേഷണമാണ് ഷോര്‍ട്ട് ഫിലിമിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കൊച്ചി കങ്ങരപ്പടി സ്വദേശിയായ ബിനുഗോപി തന്നെയാണ് താരാട്ടുപാട്ടിന്റെയും രചന നിര്‍വഹിച്ചിരിക്കുന്നത്. മലയാള ഗാനരചന ശാഖക്ക് ബിനുഗോപി പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. ലളിതമായ വരികളില്‍ താരാട്ട്പാട്ട് സുന്ദരമായി ഒരുക്കിയിരിക്കുന്നു. പ്രവാസ ജീവിതവും മറുനാടന്‍ കുടിയേറ്റങ്ങളും ശക്തമായ ഇക്കാലത്ത് കുട്ടികള്‍ക്ക് താരാട്ട് പാട്ടുകള്‍ അന്യമാകുന്നുവെന്ന തിരിച്ചറിവാണ് ഗാനത്തിലേക്ക് എത്തിച്ചതെന്ന് രചയിതാവ്.
 തലമുറകളിലൂടെ കൈവന്ന ഒരു ഒരു താരാട്ട് പാട്ട് തന്റെ വിദേശത്തുള്ള ചെറുമകന് മൊബൈലിലൂടെ പാടി കൊടുക്കേണ്ടിവരുന്ന ഒരു അമ്മയാണ് വിസ്കിയിലുള്ളത്. ഈ താരാട്ടുപാട്ട് പലതും മലയാളിയോട് പറയാതെ പറയുന്നുണ്ട്. ഗള്‍ഫിലെ മലയാളി സദസുകളില്‍ ടെലിഫിലിമും പാട്ടും ഇതിനകം വന്‍ജനപ്രീതി നേടിക്കഴിഞ്ഞിട്ടുണ്ട്.
 കഴിഞ്ഞ വര്‍ഷത്തെ ചലച്ചിത്ര അവാര്‍ഡ് ജേതാവുകൂടിയായ സിതാര കൃഷ്ണകുമാറാണ് ‘വിസ്കി’യിലെ താരാട്ട്പാട്ട് അസാമാന്യ ശബ്ദസൗകുമാര്യത്തില്‍ ആലപിച്ചിരിക്കുന്നത്. ഒറ്റവട്ട കേള്‍വിയില്‍ പോലും താരാട്ട് മനസില്‍ മായാതെ നില്‍ക്കും. സിതാര തന്‍്റെ കുഞ്ഞിന് ജന്മം നല്‍കിയ ശേഷം പന്ത്രണ്ടാം ദിനം സ്റ്റുഡിയോയിലത്തെി പാടിയ ആദ്യഗാനമാണിത്. അത് താരാട്ടുപാട്ടായി എന്നത് അതിനേക്കാള്‍ സുന്ദരം. ഒരു വേള, ഗായികമാര്‍ കൊതിക്കുന്നതാവും ഈ അസുലഭത. മാതൃത്വ ഭാവം അതിന്റെ പൂര്‍ണത ഉള്‍ക്കൊണ്ടാണ് സിത്താര ഈ ഗാനം ആലപിച്ചിരിക്കുന്നത് എന്ന് വ്യക്തം. മ്യൂസിക് ഡയറക്ടര്‍ ശ്യാം രമേശിന്റെയും ആദ്യ ഗാനമാണ് ഇത്. സംഗീതത്തില്‍ ശ്യാമും പ്രതീക്ഷകള്‍ നല്‍കുന്നു.
 അതിനേക്കാളെല്ലാം ഗള്‍ഫ് ഇനിയും മലയാളിക്ക് കുറേയേറെ നല്‍കാനുണ്ടെന്ന് ഷോര്‍ട്ട് ഫിലിം ഓര്‍മിപ്പിക്കുന്നു.

Search site