'തെക്കു നിന്നൊരു വിത്തു വണ്ടി വടക്കോട്ട്; വടക്ക് നിന്ന് മറ്റൊന്ന് തെക്കോട്ടും'

 കൃഷിവകുപ്പ് നടപ്പിലാക്കുന്ന സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി തെക്കോട്ട് പുറപ്പെടുന്ന വിത്തുവണ്ടി മഞ്ചേശ്വരത്തു നിന്ന് ഇന്ന് കൃഷിമന്ത്രി കെ.പി മോഹനനും വടക്കോട്ട് പോകുന്ന മറ്റൊരു വണ്ടി നാളെ തിരുവനന്തപുരത്തു നിന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബും ഫഌഗ് ഓഫ് ചെയ്യും. 
 
ഓരോ ജില്ലയിലും രണ്ട്-മൂന്ന് ദിവസം വിത്തുവണ്ടിയുണ്ടാകും. ഓരോ സബ്ജില്ലയിലെയും ഒരു വിദ്യാലയത്തില്‍ വീതമായിരിക്കും വണ്ടിയുടെ സന്ദര്‍ശനം. സബ്ജില്ലയിലെ മറ്റ് സ്‌കൂളുകളിലെ അധ്യാപക-വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ഈ വേദിയില്‍ പങ്കെടുക്കും. വിത്തുവണ്ടിയെത്തുന്ന സ്‌കൂളുകള്‍ ഒരു കാര്‍ഷികോത്സവ വേദിയാക്കി മാറണമെന്നാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 
 
പാട്ട്, കളി, അഭിനയം എന്നിവ ഫലപ്രദമായി സമന്വയിപ്പിച്ച് ഒട്ടേറെ വിഭവങ്ങള്‍ വിത്തുവണ്ടി വിദ്യാര്‍ത്ഥികള്‍ക്ക് വിളമ്പുന്നുണ്ട്. ക്ലാസുകള്‍, കടങ്കഥ, കാര്‍ഷിക പഴഞ്ചൊല്ലുകള്‍, നാടന്‍പാട്ട്, കാര്‍ഷിക ക്വിസ്, ഗെയിമുകള്‍ തുടങ്ങി വൈവിധ്യമേറിയ ഒട്ടേറെ പരിപാടികള്‍ വിത്തുവണ്ടി വിഭാവനം ചെയ്യുന്നുണ്ട്. സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 50 ലക്ഷം വരുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിത്ത് വിതരണം ചെയ്തുകഴിഞ്ഞു. 
 
2500 വിദ്യാലയങ്ങള്‍ക്ക് 10 സെന്റ് വീതം കൃഷി ചെയ്യാന്‍ 5000 രൂപ ധനസഹായവും നല്‍കുന്നുണ്ട്. ഇതിന് പുറമെ കാര്‍ഷിക ക്ലബ് രൂപീകൃതമാകുന്ന വിദ്യാലയങ്ങള്‍ക്ക് 'കൃഷി വീട് 'കുട്ടികളുടെ ഡയറിയും അധ്യാപകര്‍ക്ക് ''കൃഷിദര്‍പ്പണം'' കൃഷിസഹായിയും ടീച്ചിംഗ് കിറ്റും പ്രതേ്യകം ലഘുലേഖകളും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തയാറാക്കി നല്‍കുന്നുണ്ട്.

Search site