'അംബി'യല്ലേ രാജാവ്!

ഒരുകാലത്ത് ടാക്‌സി കാറുകള്‍ എന്ന് പറഞ്ഞാല്‍ അംബാസിഡര്‍ മാത്രമായിരുന്നു. ഇന്ന് പക്ഷേ, ആ ഇടം പലരും കൈയടക്കിക്കഴിഞ്ഞു. മാരുതി സുസൂക്കിയും ഹോണ്ടയും ഹ്യൂണ്ടായിയും ടൊയോട്ടയുമെല്ലാം ഇന്ന് ടാക്‌സി കാറുകെള്‍ യഥേഷ്ടം വിപണിയില്‍ ഇറക്കുന്നുണ്ട്. കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഇത്തരം കാറുകള്‍ നിരത്തുകള്‍ കൈയടക്കിക്കഴിഞ്ഞു. 
 
എങ്കിലും 'അംബി'യെന്ന് ഇന്ത്യക്കാര്‍ സ്‌നേഹപൂര്‍വം വിളിച്ച പഴയ അംബാസിഡര്‍ കാറുകളുടെ യശസിന് കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത.
 
ലോകത്തെ മുന്‍നിര വാര്‍ത്താ ചാനലായ ബി.ബി.സി അതിന്റെ ടോപ് ഗിയേഴ്‌സ് എന്ന പരിപാടിക്കു വേണ്ടി നടത്തിയ അഭിപ്രായ സര്‍വേയില്‍ ലോകത്തിലെ ഏറ്റവും ജനപ്രിയ ടാക്‌സി കാറായി തെരഞ്ഞെടുക്കപ്പെട്ടത് അംബാസിഡറിനെയാണ്. ഇന്ത്യന്‍ കമ്പനിയായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് ആണ് അംബാസിഡറിന്റെ നിര്‍മാതാക്കള്‍. 
 
ബ്രിട്ടന്‍, അമേരിക്ക, ജര്‍മ്മനി, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ, റഷ്യ എന്നീ രാജ്യങ്ങളെല്ലാം മികച്ച ടാക്‌സി വാഹനമായി തെരഞ്ഞെടുത്തത് അംബാസിഡറിനെയാണ്.
 
മോറിസ് ഓക്‌സ്‌ഫോര്‍ഡ് എന്ന പേരില്‍ ബ്രിട്ടനിലാണ് അംബിയുടെ ആദ്യ പതിപ്പ് നിരത്തിലിറങ്ങിയത്. എന്നാല്‍ വിപണിയില്‍ ക്ലച്ചു പിടിക്കും മുമ്പുതന്നെ അംബിയെ ഇന്ത്യന്‍ സ്ഥാപനമായ ബിര്‍ള ഗ്രൂപ്പ് വിലക്കുവാങ്ങി. അതോടെ ഇന്ത്യയുടെ സ്വന്തം അംബിയായി ടാക്‌സികളിലെ രാജാവ് മാറി. പശ്ചിമബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ ഉത്തര്‍പുരയിലുള്ള ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ പ്ലാന്റിലാണ് ഇന്ത്യയില്‍ അംബാസിഡര്‍ കാറിന്റെ നിര്‍മാണം ആദ്യം ആരംഭിച്ചത്. 
 
1948ല്‍ ആദ്യ കാര്‍ നിരത്തിലിറങ്ങി. അവിടുന്നിങ്ങോട്ട് 1980കളില്‍ മാരുതിയുടെ കടന്നുവരവുവരെ ഇന്ത്യയുടെ രാജകീയ പ്രൗഢിയുടെ പ്രതീകമായിരുന്നു അംബി. ക്രമേണ മത്സരം ശക്തമായ വിപണിയില്‍ നിരവധി കോണുകളില്‍നിന്ന് വെല്ലുവിളികള്‍ ഉയര്‍ന്നു. ഇതോടെ ഉപയോക്താക്കളുടെ എണ്ണത്തിലും കുറവുണ്ടായി. സ്വകാര്യ ആവശ്യങ്ങള്‍ക്കു കൂടി ഉപയോഗിച്ചിരുന്ന വാഹനം ടാക്‌സി എന്ന നിലയിലേക്ക് മാത്രം ഒതുങ്ങി. 
 
പല കമ്പനികളും ബജറ്റ് കാറുകളുമായി വിപണിയില്‍ എത്തിയതോടെ കേരളമുള്‍പ്പെടെ സാമ്പത്തികമായി മെച്ചപ്പെട്ട സംസ്ഥാനങ്ങളില്‍ ടാക്‌സി സ്റ്റാന്റുകളിലും അംബിക്ക് വലിയ സ്ഥാനമില്ലാതായി. എങ്കിലും ഗൃഹാതുരത മുറ്റുന്ന ഓര്‍മകള്‍ കൂടെക്കൂട്ടുന്ന ചിലരെങ്കിലും അംബിയെ തീവ്രമായി പ്രണയിച്ചു. കാലത്തിന്റെ കുത്തൊഴുക്കില്‍ പരിഷ്‌കാരത്തിന്റെ വെച്ചുകെട്ടലുകളുമായി വന്ന പല മോഡല്‍ കാറുകളും നിരത്തുകള്‍ കീഴടക്കിയപ്പോഴും അവര്‍ പഴയ രാജകീയ പ്രൗഢി തന്നെ ഇഷ്ടപ്പെട്ടു.
 
നിലവിലെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഇതിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു. പ്രസിഡന്റു പദത്തില്‍ എത്തും വരെ അദ്ദേഹം ഉപയോഗിച്ചിരുന്നത് വെള്ള നിറത്തിലുള്ള ബുള്ളറ്റ് പ്രൂഫ് കാറായിരുന്നു. രാഷ്ട്രപതിയായി ചുമതലയേറ്റതോടെ പ്രത്യേക സുരക്ഷാ സൗകര്യങ്ങളുള്ള മെഴ്‌സിഡന്‍സ് ബെന്‍സ് കാറിലേക്ക് യാത്ര മാറ്റേണ്ടി വന്നു. എങ്കിലും ദേശീയ രാഷ്ട്രീയത്തിന്റെ അമരത്തിരുന്ന മൂന്നു പതിറ്റാണ്ടിലധികം കാലം പ്രണബിന്റെ യാത്ര അംബാസിഡറില്‍ തന്നെയായിരുന്നു.

Search site