''തന്റെ മകളായിരുന്നെങ്കില്‍ ചുട്ടുകൊല്ലുമായിരുന്നു'' പ്രതിഭാഗം അഭിഭാഷകന്‍

 പ്രമാദമായ ദല്‍ഹി കൂട്ടമാനഭംഗക്കേസില്‍ അതിദാരുണമായി കൊല്ലപ്പെട്ട പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്കെതിരെ പ്രതിഭാഗം അഭിഭാഷകന്‍ നടത്തിയ പ്രസ്താവന വിവാദമാകുന്നു. 
 
അര്‍ധരാത്രിയില്‍ ആണ്‍സുഹൃത്തിനൊപ്പം കറങ്ങിനടക്കുകയും വിവാഹ പൂര്‍വ ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്ന മകള്‍ തന്റേതായിരുന്നുവെങ്കില്‍ ചുട്ടുകൊല്ലുമായിരുന്നെന്നായിരുന്നു അഭിഭാഷകന്‍ എ.പി സിങിന്റെ പ്രസ്താവന. 
 
'തന്റെ മകളായിരുന്നെങ്കില്‍ ഇത്തരമൊരു സാഹചര്യമുണ്ടാക്കാന്‍ വഴിയൊരുക്കില്ലായിരുന്നു. രക്ഷിതാക്കളെല്ലാം ഈ മനോഭാവം സ്വീകരിക്കണം' സിങ് പറഞ്ഞു. 
 
പ്രസ്താവനക്കെതിരെ ദല്‍ഹി ബാര്‍ കൗണ്‍സിലിന് നിരവധി പേര്‍ പരാതി അറിയിച്ചതായും പരാതി എഴുതിനല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സെക്രട്ടറി മുരാരി തിവാരി പറഞ്ഞു.ബാര്‍ കൗണ്‍സില്‍ സ്വമേധയാ പ്രശ്‌നം ഏറ്റെടുക്കാന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 
 
അദ്ദേഹത്തിന്റെ പ്രസ്താവന തൊഴില്‍മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും തിവാരി കൂട്ടിച്ചേര്‍ത്തു. കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത് രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങിയാണെന്ന നേരത്തെ പ്രതിഭാഗം അഭിഭാഷകന്‍ ആരോപിച്ചിരുന്നു. 
 
ഇതിനെതിരെ പെണ്‍കുട്ടിയുടെ പിതാവ് രംഗത്തെത്തിയിരുന്നു. നീതിന്യായവ്യവസ്ഥയെ ആക്ഷേപിച്ചിരിക്കുന്ന നടപടിയാണ് അഭിഭാഷകന്റേത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Search site