യുവതാരങ്ങളുമായി രാജസേനന് സംവിധാനം ചെയ്യുന്ന 'റേഡിയോ ജോക്കി' പ്രദര്‍ശനത്തിന് തയാറായി.
കളിയും തമാശയും പറഞ്ഞ് ശ്രോതാക്കളെ രസിപ്പിക്കുന്ന യുവ റേഡിയോ ജോക്കിമാരുടെ ജീവിതമാണ് കഥ. ഇടിവെട്ട് ബാലു, മണിക്കുട്ടി, സരിത, കണ്മണി കാര്‍ത്തു, ശിവന്‍സ് തുടങ്ങിയ കഥാപാത്രങ്ങളിലൂടെ അവരുടെ പ്രണയവും വേദനയും ജീവിതദുഃഖങ്ങളുമൊക്കെ ചിത്രം പങ്കുവെക്കുന്നു. ഇടിവെട്ട് ബാലുവിന്റെ വരവ് ഒരു റേഡിയോ സ്റ്റേഷനിലെ മറ്റ് ജോക്കിമാരുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് കഥാഗതി.
അര്ജുന് നന്ദകുമാറും നിമിഷ സുരേഷുമാണ് മുഖ്യവേഷത്തില്‍. റിയ സൈറ, ഭരത് ചന്ദ്രന്, മധുപാല്‍, സിദ്ധാര്‍ഥ് ശിവ, ക്രിഷ് അയ്യര്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ രചനയും രാജസേനന് തന്നെ. എം. ജയചന്ദ്രന്റെ സംഗീതത്തിന് ഗാനങ്ങള്‍ രചിച്ചത് സന്തോഷ് വര്‍മയാണ്. ഛായാഗ്രഹണം: കെ.പി. നമ്പ്യാതിരി, എഡിറ്റിങ്: പ്രദീപ് ശങ്കര്‍, കലാസംവിധാനം: മഹേഷ് ശ്രീധരന്.
പേള്‍ വിഷന്റെ ബാനറില്‍ രാജേഷ് പിള്ളയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.