ഇശലുകളുടെ സുല്‍ത്താന്‍ എവി മുഹമ്മദ്‌ ഇഹലോകം വെടിഞ്ഞിട്ട്‌ ഇന്നേക്ക്‌ 19 വര്‍ഷം

ബലിപെരുന്നാള്‍ സുദിനത്തിലായിരുന്നു എവിയുടെ അന്ത്യയാത്ര.

 യുഎ റസാഖ്‌ കൊടിഞ്ഞി

 പരന്‍ വിധുച്ചുമ്മാവിട്ട്‌ ചൊങ്കില്‍ നടക്കുന്ന 
 ശുചാഅത്ത്‌ നമുക്കുണ്ട്‌ നാട്ടിലേ 
 കഥയെന്തെന്നറിവുണ്ടോ നാളെ കിടക്കുന്ന 
 ഖബറെന്ന ഭയങ്കരവീട്ടിലേ... ഖബറെന്ന ഭയങ്കരവീട്ടിലേ......
 ഇസ്ലാമിക സംസ്‌കാരങ്ങളെ മാപ്പിള മനസ്സുകളില്‍ ഇശലുകളായി കോര്‍ത്തുവെച്ച എ.വി മുഹമ്മദ്‌ കാല യൗവ്വനിക്കുള്ളില്‍ മറഞ്ഞിട്ട്‌ ഇന്നേക്ക്‌ 19 വര്‍ഷം. ഒരു കാല ഘട്ടത്തിന്റെ മാപ്പിളപ്പാട്ട്‌ രംഗത്തെ മഹാ പ്രതിഭ, മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍, മനസ്സിന്റെ മണിച്ചെപ്പിനാഴ്‌ മറക്കാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച മഹാനായ മാപ്പിള കവി എന്നിങ്ങനെ വിശേഷങ്ങള്‍ ഏറെയുള്ള എവി മുഹമ്മദ്‌. 1994 ല്‍ ബലിപ്പെരുന്നാള്‍ ദിനത്തിലാണ്‌ ഇശലുകളുടെ പെരുമഴ തീര്‍ത്ത എ.വി മുഹമ്മദ്‌ പടിയിറങ്ങിയത്‌. നാട്ടിലെങ്ങും ബലിപ്പെരുന്നാള്‍ ആഘോഷം പൊടിപൊടിക്കുന്ന സമയം. പള്ളികളില്‍ നിന്നും മറ്റും തക്‌ബീര്‍ ദ്വനികള്‍ അന്തരീക്ഷത്തില്‍ അലയടിക്കുന്ന ബലിപ്പെരുന്നാള്‍ സായാഹ്നത്തില്‍ പെട്ടെന്നൊരു നിശബ്‌ദത. എല്ലാവരിലും മ്ലാനത. വിശ്വസിക്കാനാകാതെ എല്ലാവരും പരസ്‌പരം നോക്കി. പിന്നീട്‌ എല്ലാവരും ചൊല്ലി ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഹൂന്‍. തിരൂരങ്ങാടി സ്വദേശിയായ എവി മുഹമ്മദ്‌ വിടവാങ്ങീയിരിക്കുന്നു. ബലിപെരുന്നാള്‍ സുദിനത്തില്‍ ഒരു മാപ്പിളപ്പാട്ട്‌ പരിപാടിക്കുള്ള ഒരുക്കത്തിനിടെ അദ്ധേഹം കുഴഞ്ഞു വീണ്‌ മരിക്കുകയായിരുന്നു.
 മനുഷ്യ നീ മറന്നിടുമോ........, ബിസ്‌മിയും ഹംദും സലാത്തും......, മൊഞ്ചത്തിപ്പെണ്ണിന്റെ കല്ല്യാണം......., അവളതാ കരയണ്‌ അവകാശി പിരിയിണ്‌......., എന്നിങ്ങനെ തുടങ്ങുന്ന ഇശലുകളുടെ ഏതേത്‌ ഭാവ തലങ്ങളിലും തല മുറകള്‍ തല ചാഴ്‌ക്കുന്ന ആ സ്വരം രണ്ട്‌ പതിറ്റാണ്ടുകള്‍ക്കിപ്പുറവും കാതോരങ്ങള്‍ക്ക്‌ തണലും തണുപ്പുമായി പോനുവരുന്നു. അനശ്വര ഗായകന്‍ ആ പാട്ടുകളിലൂടെ ഓര്‍മ്മകള്‍ നിരയുമ്പോഴും അധികൃതര്‍ അദ്ധേഹത്തേ മറന്ന്‌ പോയി. ഗായകന്റെ ഓര്‍മ്മ നില നിര്‍ത്താന്‍ തിരൂരങ്ങാടിയില്‍ ആരംഭിച്ച ലൈബ്രറിയും അനാഥമാക്കുകയാണ്‌. ലൗകിക ജീവതത്തിന്റെ ക്ഷണികതയും വ്യര്‍ഥതയും ഓര്‍മ്മിപ്പിക്കുന്ന ഒട്ടേറെ ഗാനങ്ങള്‍ ആലപിച്ച എവിയെ അനുസ്‌മരിക്കാന്‍ ഇതുവരെ ആരും മുന്നോട്ട്‌ വന്നിട്ടില്ല. മരിച്ച്‌ പത്ത്‌ വര്‍ഷത്തിന്ന്‌ ശേഷം മാപ്പിള കലാ പഠന കേന്ദ്രത്തില്‍ എവിയുടെ നാമധേയത്തില്‍ ഒരു ലൈബ്രറി തുറന്നു. അത്‌ ഇത്‌ വരെ ആര്‍ക്കും പ്രയോജനപ്പെട്ടിട്ടില്ലെന്ന്‌ മാത്രം. 
 ചെറുപ്പം മുതല്‍ പാട്ടുകള്‍ പാടാനും പാട്ട്‌ പഠിക്കാനും വലിയ ആഗ്രഹമായിരുന്നു എവിക്ക്‌. 1944 ല്‍ തിരൂരങ്ങാടി അറക്കല്‍ മൈതാനത്ത്‌ നടന്ന ഗാനമേളയാണ്‌ എവിയുടെ സംഗീതജീവിതം മാറ്റി മറിച്ചത്‌. ആയിരങ്ങള്‍ തടിച്ചു കൂടിയ വേദിയില്‍ 14കാരനായ എവി മുഹമ്മദിനും പാട്ട്‌ പാടാന്‍ അവസരം ലഭിച്ചു. ഈ പ്രകടനം ഗാനമേള സംഘത്തിലുണ്ടായിരുന്ന പ്രശസ്‌ത സംഗീത സംവിധായകന്‍ എംഎസ്‌ ബാബുരാജിനെ ആകര്‍ഷിച്ചു. തുടര്‍ന്ന്‌ ബാബുരാജ്‌ സംഗീതം പകര്‍ന്ന 50ഓളം ഗാനങ്ങള്‍ക്ക്‌ എവി ശബ്‌ദം നല്‍കി. നിരവധി പുരസ്‌കാരങ്ങളും നേടി. 
 കെടി മുഹമ്മദും കെടി മൊയ്‌തീനും മറ്റുമെഴുതിയ പാട്ടുകളാണ്‌ പ്രധാനമായും എ വി പാടിയത്‌. അവയില്‍ ഒട്ടുമിക്കതും ലളിതവും അലങ്കാരങ്ങളും ആടകളും അഴിച്ചുവെച്ചതും നിത്യജീവതത്തിലേയും വര്‍ത്തമാനത്തിലേയും സംഭവങ്ങള്‍ വിവരിക്കുന്നതുമാണ്‌. എവിയുടെ എല്ലാ പാട്ടുകളും ഇസിലാമിക സംസ്‌കാരങ്ങളെ വിളിച്ചോതുന്നതും മലബാര്‍ ശൈലിയിലുള്ള പാട്ടുകളായിരുന്നു.ഒരോ പാട്ടിന്റെ പിന്നിലും ഒരോരോ ചരിത്രങ്ങളുണ്ട്‌. 
നല്ല മാര്‍ഗത്തില്‍ നടക്കാത്തവര്‍ക്കുള്ള മുന്നറീയിപ്പാണ്‌ ഹക്കായ മാര്‍ഗമില്‍ നടക്കാനിന്നാളുകള്‍ മുടക്കാണ്‌ മുത്ത്‌ ഹബീബേ...., എന്ന ഗാനം. ഖബറിലെ ജീവിതത്തെ ഓര്‍മ്മിപ്പിച്ച്‌ പരന്‍ വിധുച്ചുമ്മാവിട്ട്‌ ചൊങ്കില്‍ നടക്കുന്ന ശുചാഅത്ത്‌ നമുക്കുണ്ട്‌ നാട്ടിലേ.........., ആണ്‍ കുട്ടികളെ വധിക്കുന്ന ഫിര്‍ഹൗന്റെ കാലത്തെ കുറിച്ചാണ്‌ കണ്ണീരാല്‍ നിര്‍മ്മിച്ച പെട്ടിയിതാ പെട്ടിതനുള്ളിലൊരാണ്‍ കുട്ടിയിതാ......., എന്ന പാട്ട്‌. 
കോഴിക്കോട്‌ വെച്ചുള്ള ഒരു പരിപാടിക്കിടെ എവിയോട്‌ ഒരാള്‍ ചോദിച്ചു. അങ്ങ്‌ ഒരു പാട്‌ പാട്ടുകള്‍ പാടി. അങ്ങയുടെ അയല്‍പക്കത്തുള്ള മഹാനായ മമ്പുറം തങ്ങളെ കുറിച്ച്‌ ഇത്‌ വരെ പാടി കണ്ടില്ലല്ലോ. എന്ന ചോദ്യത്തിന്ന്‌ മറുപടിയായാണ്‌ മമ്പുറപ്പൂമക്കാമിലെ മൗലാദവിയ്യ നിവാസിലെ ഇമ്പപ്പൂവായ ഖുതുബൊലി സയ്യിദലവി റളിയള്ളാ..........എന്ന ഗാനം ആലപിച്ചത്‌. സമുദായം തോള്‍പിടുച്ചു നടന്നീരുന്ന നമ്മുടെ രണ്ട്‌ നേതാക്കളുടെ വിരഹം ഏറ്റുവും വികാര സാന്ദ്രമായി ഗാന രൂപത്തില്‍ ആവിഷ്‌കരിച്ച പാട്ടുകാരന്‍ കൂടിയാണ്‌ എവി മുഹമ്മദ്‌. ബാഫഖി തങ്ങളുടെ ദേഹ വിയോഗത്തില്‍ മനം നൊന്ത്‌ പാടിയ അള്ളാഹുവിന്റെ മുത്ത്‌ റസൂലിന്‍ കുലത്തിലെ..... അരുമപൂന്താരമായിരുന്ന അഹ്‌ലു ബൈത്തിലെ........ നല്ലൊരു സയ്യിദ്‌ അബ്‌ദുറഹ്മാന്‍ ബാഫഖീ യത്‌........... എന്ന ഗാനവും, പൂക്കോയതങ്ങളുടെ വേര്‍പ്പാടില്‍ പാടിയ മഹാശയ പൊന്‍നിലാവ്‌ സയ്യിദ്‌ പി.എം.എസ്‌.എ മൃതിയായി...... മഹാ മനസ്‌കരെ വിരഹം നാട്ടില്‍ അനന്ത ദുഖ:ം പാകുകയായി......, എന്ന ഗാനവും അദ്ധേഹത്തെ നമ്മുടെ ഹൃദയം പറിച്ചെടുക്കുന്ന പാട്ടുകാരനാക്കി മാറ്റി. 
 പെരുന്നാളും ഹജ്ജും വരുമ്പോള്‍ കഹ്‌ബയും മദീനയും നിറവില്‍ വരുമ്പോള്‍ എവി നമ്മുടെ ഹൃദയവികാരങ്ങളുടെ ഭാഷാന്തരം നടത്തുന്നു. പരിശുദ്ധ പ്രശോഭനം ബൈത്തുല്‍ ഹറം പോരിശ......, അള്ളാഹുവിന്റെ പോരിശ പ്രകാശ ഗേഹമേ...., പുണ്യമതീനമതില്‍ ചെന്നു മറഞ്ഞൊരു മതീ...., മദീന റൗളയില്‍ അന്തിയുറങ്ങുന്ന........., ഇലാഹായ പുരാനോട്‌ ഇരവും പകലും...., ഇങ്ങനെ എത്ര എത്ര പാട്ടുകള്‍ നമുക്ക്‌ സമ്മാനിച്ച എ.വി മുഹമ്മദ്‌ നമ്മുടെ ഹൃദയത്തിലെ പാട്ടുകാരനാക്കി.

Search site